- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദങ്ങൾ കൂടുതൽ പ്രേക്ഷകരെ സൃഷ്ടിക്കും; സിനിമയോട് യോജിക്കാനും വിയോജിക്കാനും നിങ്ങൾക്ക് അവകാശമുണ്ടെന്ന് ഹരീഷ് പേരടി; കേരളത്തിൽ നിന്ന് മതംമാറി 32,000 പേർ സിറിയയിലേക്ക് പോയെന്ന പ്രചാരണത്തിൽ തെളിവു സമർപ്പിക്കുന്നവർക്ക് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച് യൂത്ത് ലീഗ്; ദി കേരളാ സ്റ്റോറിയിൽ ചർച്ചകൾ
മലപ്പുറം: ദി കേരളാ സ്റ്റോറിയിൽ ചർച്ച തുടരുന്നു. സിനിമയിലെ കഥ കള്ളമെന്ന് സ്ഥാപിക്കാനാണ് ശ്രമം. ഇതിനെ പ്രതിരോധിക്കാൻ പരിവാറുമുണ്ട്. അതിനിടെ കേരളത്തിൽനിന്ന് മതംമാറി 32,000 പേർ സിറിയയിലേക്ക് പോയെന്ന പ്രചാരണത്തിൽ തെളിവു സമർപ്പിക്കുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മുസ്ലിം യൂത്ത് ലീഗ് രംഗത്ത് വന്നു. കോൺഗ്രസും സിപിഎമ്മും മറ്റു ചില പൊതു പ്രവർത്തകരുമെല്ലാം ഇത്തരത്തിൽ വെല്ലുവിളി മുമ്പോട്ട് വയ്ക്കുന്നുണ്ട്.
അതിനിടെ വിവാദ സിനിമ 'ദി കേരള സ്റ്റോറി'ക്കെതിരെ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർയും രംഗത്തു വന്നു. അത് നിങ്ങളുടെ കേരളത്തിന്റെ കഥയായിരിക്കാം, ഞങ്ങളുടെ കേരളത്തിന്റെ കഥയല്ലായെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. വർഗീയ ധ്രുവീകരണം ലക്ഷ്യമിടുന്ന സംഘ്പരിവാറിനും സിനിമാ പ്രവർത്തകർക്കുമെതിരെയാണ് ശശി തരൂരിന്റെ വിമർശനം.
സംസ്ഥാനത്ത് നിന്ന് 32,000 പെൺകുട്ടികൾ കാണാതാകുകയും പിന്നീട് ഭീകര സംഘടനയായ ഐ.എസിൽ ചേരുകയും ചെയ്തുവെന്നാണ് ചിത്രം പറയുന്നത്. സുദീപ്തോ സെൻ സംവിധാനം ചെയ്ത് വിപുൽ അമൃത്‌ലാൽ ഷാ നിർമ്മിച്ച ചിത്രം 2023 മെയ് 5 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. സിനിമ ബഹിഷ്‌കരിക്കണമെന്നും പ്രദർശനാനുമതി നൽകരുതെന്നും ആവശ്യപ്പെട്ട് നിരവധി സംഘടനകൾ രംഗത്തെത്തി.
മെയ് 4നു രാവിലെ 11നും വൈകിട്ട് 5നുമിടയിൽ യൂത്ത് ലീഗിന്റെ ജില്ലാ കേന്ദ്രങ്ങളിലെ കൗണ്ടറിലെത്തി തെളിവു സമർപ്പിച്ചാൽ ഒരു കോടി നേടാമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. 'ദ് കേരള സ്റ്റോറി' എന്ന സിനിമയുടെ ട്രെയിലർ പുറത്തുവന്നതിനു പിന്നാലെയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വെല്ലുവിളി. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സിനിമയ്‌ക്കെതിരെ രംഗത്തു വന്നു. കാന്തപുരവും പരസ്യമായി പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് യൂത്ത് ലീഗിന്റെ ഇടപെടൽ.
രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി നുണകൾ മാത്രം പറയുന്ന സംഘപരിവാർ ഫാക്ടറിയിലെ ഏറ്റവും വലിയ നുണകളിൽ ഒന്നാണ് ലൗ ജിഹാദ് വഴി മതം മാറ്റി സിറിയയിലേക്ക് കടത്തിയെന്ന ആരോപണമെന്ന് പി.കെ.ഫിറോസ് പറഞ്ഞു. കേരളത്തിൽ 32,000 പേരെ ഇത്തരത്തിൽ മതം മാറ്റിയെന്ന് സംഘ് സ്‌പോൺസേർഡ് സിനിമ ആധികാരിക കണക്കുകൾ കയ്യിലുണ്ടെന്ന വാദത്തോടെ പറയുന്നു. അപ്പോൾ ഒരു പഞ്ചായത്തിൽ ശരാശരി 30 പേരെങ്കിലും ഉണ്ടാവുമല്ലോ? പക്ഷേ, ഒരാളുടെയെങ്കിലും അഡ്രസ് ചോദിക്കുമ്പോൾ ഒന്നും കേൾക്കാത്ത പോലെ തലതാഴ്‌ത്തി ഇരിപ്പാണ് ഫിറോസ് പരിഹസിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി നുണകൾ മാത്രം പറയുന്ന സംഘ് പരിവാർ ഫാക്ടറിയിലെ ഏറ്റവും വലിയ നുണകളിൽ ഒന്നാണ് ലൗ ജിഹാദ് വഴി മതം മാറ്റി സിറിയയിലേക്ക് കടത്തി എന്ന ആരോപണം. കേരളത്തിൽ 32000 പേരെ ഇവ്വിധം മാറ്റി എന്ന് സംഘ് സ്‌പോൺസേർഡ് സിനിമ ആധികാരിക കണക്കുകൾ കയ്യിലുണ്ടെന്ന വാദത്തോടെ പറയുമ്പോൾ ഒരു പഞ്ചായത്തിൽ ശരാശരി 30 പേരെങ്കിലും ഉണ്ടാവുമല്ലോ.
പക്ഷേ, ഒരാളുടെയെങ്കിലും അഡ്രസ് ചോദിക്കുമ്പോൾ ഒന്നും കേൾക്കാത്ത പോലെ തലതാഴ്‌ത്തി ഇരിപ്പാണ്. അതുകൊണ്ട്, തെളിവ് കൊണ്ടുവരുന്നവർക്ക് ഒരുകോടി രൂപ മുസ്ലിം യൂത്ത് ലീഗ് ഇനാം നൽകുമെന്ന് പ്രഖ്യാപിക്കുകയാണ്. അങ്ങനെ തെളിവുകൾ കയ്യിലുള്ള ആർക്കും മുസ്ലിം യൂത്ത് ലീഗിന്റെ ജില്ലാ കേന്ദ്രങ്ങളിലെ കൗണ്ടറിൽ അത് സമർപ്പിച്ച് മെനക്കേടില്ലാതെ ഒരുകോടി നേടാവുന്നതാണ്.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സിനിമയ്ക്ക് എതിര്
ആവിഷ്‌കാരസ്വാതന്ത്ര്യം സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസൻസല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വർഗീയധ്രുവീകരണവും കേരളത്തിനെതിരായ വിദ്വേഷപ്രചാരണവും ലക്ഷ്യമിട്ട് നിർമ്മിച്ചതാണ് ;'കേരള സ്റ്റോറി' എന്ന സിനിമ. കേരളം മതതീവ്രവാദത്തിന്റെ കേന്ദ്രമാണെന്ന സംഘപരിവാർ പ്രചാരണത്തിന്റെ ഭാഗമാണ് സിനിമയുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. കോടതിയും കേന്ദ്രസർക്കാരും തള്ളിക്കളഞ്ഞ 'ലൗ ജിഹാദ്' ആരോപണങ്ങൾ സിനിമയുടെ പ്രമേയമാക്കിയത് ആസൂത്രിതമാണ്. സമൂഹത്തിൽ അശാന്തി പരത്താനുള്ള ഇത്തരം നീക്കങ്ങൾക്കെതിരേ നടപടിയെടുക്കും. ഇതിനായിമാത്രം സിനിമയെ ഉപയോഗിക്കുന്നവരെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. കേരളത്തിലെ 32,000 സ്ത്രീകൾ മതംമാറി ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളായി എന്ന വ്യാജേനയുള്ള 'ദി കേരള സ്റ്റോറി'ക്ക് പ്രദർശനാനുമതി നൽകരുത്. സിനിമ എന്താണ് പറയാൻ ഉദ്ദേശിക്കുന്നതെന്ന് ട്രെയിലറിൽനിന്ന് വ്യക്തമാണെന്നും വി.ഡി സതീശൻ ഫേസ്‌ബുക്കിൽ കുറിച്ചു. സംഘപരിവാറിന്റെ അജണ്ട നടപ്പാക്കാനും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മേൽ സംശയത്തിന്റെ നിഴൽ വീഴ്‌ത്തി സാമൂഹിക ഭിന്നത സൃഷ്ടിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് സിനിമയെന്നും അദ്ദേഹം ആരോപിച്ചു. ആദ ശർമ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി, സോണിയ ബാലാനി എന്നിവരാണ് 'ദി കേരള സ്റ്റോറി'യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പിന്തുണച്ച് ഹരീഷ് പേരടി
കേന്ദ്ര സർക്കാർ നിരോധിക്കാത്തിടത്തോളം ദി കേരള സ്റ്റോറി സിനിമ എല്ലാവരും കാണുമെന്ന് നടൻ ഹരീഷ് പേരടി . ഈ സിനിമ നാളെ OTTയിൽ എത്തും.എല്ലാവരും കാണും.ഈ വിവാദങ്ങൾ അതിന് കൂടുതൽ പ്രേക്ഷകരെ സൃഷ്ടിക്കുമെന്നും ഹരീഷ് പേരടി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ഈ സിനിമയോട് യോജിക്കാനും വിയോജിക്കാനും നിങ്ങൾക്ക് അവകാശമുണ്ട്. ഒരു ജനാധിപത്യ രാഷ്ട്രത്തിലെ അവകാശങ്ങളെ ബഹുമാനിച്ചുകൊണ്ട്..ആവിഷ്‌ക്കാര സ്വാതന്ത്ര്യം വിജയിക്കട്ടെയെന്നും ഹരീഷ് പേരടി പറയുന്നു.
ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചത്
കേന്ദ്ര സർക്കാർ നിരോധിക്കാത്തിടത്തോളം ഈ സിനിമ നാളെ OTTയിൽ എത്തും...എല്ലാവരും കാണും...ഈ വിവാദങ്ങൾ അതിന് കൂടുതൽ പ്രേക്ഷകരെ സൃഷ്ടിക്കും..ഈ സിനിമയോട് യോജിക്കാനും വിയോജിക്കാനും നിങ്ങൾക്ക് അവകാശമുണ്ട്...സംവിധായകൻ ആഷിക്ക് അബുവിന്റെ വാക്കുകൾ ഇവിടെ പ്രസ്‌ക്തമാണ്...'ബോംബുകൾ ഉണ്ടാക്കുന്നതിനു പകരം അവർ സിനിമകൾ ഉണ്ടാക്കട്ടെ'' ഒരു ജനാധിപത്യ രാഷ്ട്രത്തിലെ അവകാശങ്ങളെ ബഹുമാനിച്ചുകൊണ്ട്..ആവിഷക്കാര സ്വാതന്ത്ര്യം വിജയിക്കട്ടെ...
പണം നൽകാൻ ഷൂക്കൂർ വക്കീലും
കേരള സ്റ്റോറിയെ സംഘപരിവാർ പ്രൊപ്പഗാണ്ട എന്ന് വിശേഷിപ്പിച്ച് നടനും അഡ്വക്കറ്റുമായ ഷൂക്കൂർ. കേരളത്തിലെ മുസ്ലിം യുവാക്കൾ പ്രേമിച്ച് മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റിൽ അംഗങ്ങൾ ആക്കിയ സ്ത്രീകളുടെ പേര് അഡ്രസ് തുടങ്ങിയ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെടുന്നു. അങ്ങനെ ചെയ്യുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്നും അദ്ദേഹം ഫേസ്‌ബുക്കിലൂടെ ചൂണ്ടിക്കാട്ടി. 32,000 സ്ത്രീകളുടെ വിവരം ഒന്നും വേണ്ട വെറും 32 പേരുടെയെങ്കിലും വിവരങ്ങൾ തന്നാൽ മതിയെന്നും അദ്ദേഹം കുറിച്ചു.
ഷുക്കൂർ വക്കീലിന്റെ വാക്കുകൾ ഇങ്ങനെ
കേരള സ്റ്റോറി എന്ന സംഘപരിവാർ പ്രൊപ്പഗാണ്ട സിനിമയിൽ പറയുന്ന പോലെ, കേരളത്തിലെ മുസ്ലിം യുവാക്കൾ പ്രേമിച്ച് മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റിൽ അംഗങ്ങൾ ആക്കിയ സ്ത്രീകളുടെ പേര് അഡ്രസ് തുടങ്ങിയ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നവർക്ക് ഞാൻ 11 ലക്ഷം രൂപ ഓഫർ ചെയ്യുന്നു. 32,000 സ്ത്രീകളുടെ വിവരം ഒന്നും വേണ്ട വെറും 32 പേരുടെയെങ്കിലും വിവരങ്ങൾ തന്നാൽ മതി....Note: പാലക്കാട് സ്വദേശികളായ ബെക്‌സൻ വിൻസെന്റ് , ബെസ്റ്റെൻ വിൻസെന്റ് എന്നീ സഹോദരങ്ങൾ വിവാഹം ചെയ്ത മെറിൻ , സോണിയ സെബാസ്റ്റ്യൻ , നിമിഷ എന്നിവരാണ് ഇതുവരെ മുസ്ലിം സമുദായത്തിൽ നിന്നല്ലാതെ ഐസിസിൽ ചേർന്നതായി വർത്തയുള്ളത്. ഹൈക്കോടതി പോലും തള്ളിക്കളഞ്ഞ ലൗ ജിഹാദ് കേസിനെ കുറിച്ച് ഒരു തെളിവുമില്ലാതെ ഒരു സമുദായത്തെയും ഒരു സംസ്ഥാനത്തെയും പ്രതിസ്ഥാനത്ത് നിർത്തുന്നത് എല്ലാവരും അവസാനിപ്പിക്കണം.കേരള സ്റ്റോറിക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയനും രം?ഗത്തെത്തിയിട്ടുണ്ട്. സിനിമ കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലക്ഷ്യമിട്ട് നിർമ്മിച്ചതെന്നെന്നാണ് അദ്ദേഹം പറഞ്ഞത്. സംഘപരിവാർ നുണ ഫാക്ടറിയുടെ ഉത്പ്പന്നമാണ് സിനിമ. വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്.സംഘപരിവാർ നുണ ഫാക്ടറിയുടെ ഉത്പ്പന്നമാണ് സിനിമ. വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് സംഘപരിവാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ