മുംബൈ: മുംബൈയിലെ തെരുവിൽ യുവാവിന്റെ അതിക്രമത്തിൽ നിന്നും രക്ഷിച്ച യുവാക്കളെ പരിചയപ്പെടുത്തി ദക്ഷിണ കൊറിയൻ യൂട്ഊബർ. രക്ഷകരായെത്തിയ ആദിത്യ, അഥർവ എന്നിവരെ കണ്ടെത്തിയ യൂട്ഊബർ ഹ്യോജിയോങ് പാർക് അവർക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചു. ഇരുവരെയും വിഡിയോയിലൂടെ ലോകത്തിന് പരിചയപ്പെടുത്താനും യൂട്ഊബർ മറന്നില്ല.

 

സംഭവത്തിന് ഇന്ത്യയിലുള്ള ദക്ഷിണകൊറിയക്കാരോട് രാത്രി പുറത്തിറങ്ങരുത് എന്ന് മുന്നറിയിപ്പുമായി ദക്ഷിണ കൊറിയൻ എംബസി രംഗത്ത് വന്നിരുന്നു. സുരക്ഷ കണക്കിലെടുത്താണ് രാത്രി പുറത്തിറങ്ങരുത് എന്ന് ആവശ്യപ്പെടുന്നത് എന്നും എംബസി വ്യക്തമാക്കി. വ്യാഴാഴ്ചയാണ് എംബസി ഇക്കാര്യം നിർദ്ദേശിച്ചത്.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്ന് എന്ന് വിശേഷിക്കപ്പെടുന്ന നഗരമാണ് മുംബൈ. അവിടെ വച്ചാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. പ്രതി യുവതിയെ തൊടാനും ഉമ്മ വയ്ക്കാനും വാഹനത്തിൽ കയറ്റിക്കൊണ്ടു പോകാനും ശ്രമിക്കുകയായിരുന്നു. യുവതി ഇതിനെ ചെറുക്കാൻ ശ്രമിക്കുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ വളരെ വേഗം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.

അതേസമയം തന്നെ റിപ്പബ്ലിക് ഓഫ് കൊറിയൻ എംബസി തങ്ങളെ സമീപിച്ചോ ഇല്ലയോ എന്നത് അറിയില്ല, അത് പരിശോധിക്കേണ്ടിവരുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവായ അരിന്ദം ബാഗ്ചി പറഞ്ഞു. 'സംഭവത്തിന്റെ പൂർണവിവരം അറിയേണ്ടതുണ്ട്. കാര്യങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. പ്രാദേശിക അധികാരികൾ ആവശ്യപ്പെടുന്ന എല്ലാ കരുതലും സംരക്ഷണവും യുവതിക്ക് നൽകും. ഇതൊരു കോൺസുലർ പ്രശ്നമായി മാറുകയാണ് എങ്കിൽ തങ്ങളുടെ ഭാഗത്ത് നിന്നുള്ള എല്ലാ പങ്കാളിത്തവും ഉണ്ടാകും' എന്നും ബാഗ്ചി പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞത്, 'മുംബൈ നഗരം സുരക്ഷിതമാണ് എന്ന് കരുതിയാണ് ആളുകൾ രാത്രിയിൽ പുറത്തിറങ്ങി നടക്കുന്നത്. അതിനാൽ തന്നെ പ്രതിക്കെതിരെ എല്ലാ നടപടിയും സ്വീകരിക്കും' എന്നാണ്. യൂട്യൂബറായ മ്യോചി, 'ഇത് ഇന്ത്യയിലെ തന്റെ ആദ്യത്തെ സന്ദർശനം ആണ്. തനിക്ക് ഇവിടെ സംഭവിച്ചത് ഇനി ഒരാൾക്കും സംഭവിക്കരുതേ എന്നാണ് ആഗ്രഹം' എന്നും പറഞ്ഞു.

മുംബൈയിലെ സബേർബൻ ഖാൻ മേഖലയിലെ തെരുവിൽ ബുധനാഴ്ച രാത്രിയിലാണ് ദക്ഷിണ കൊറിയൻ യൂട്യൂബറായ മ്യോചിക്ക് നേരെ അതിക്രമം നടന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. യുവതി ലൈവായി വീഡിയോ എടുത്തുകൊണ്ടിരിക്കുകയായിരുന്നു. അതേസമയം ഒരു യുവാവ് അവളുടെ കയ്യിൽ കയറിപ്പിടിച്ചു.

 

ലിഫ്റ്റ് തരാമെന്ന് പറഞ്ഞാണ് യുവാവ് യൂട്യൂബറെ സമീപിച്ചത്. എന്നാൽ, അവളത് നിരസിച്ചതോടെ ഇയാൾ കയ്യിൽ കയറി പിടിക്കുകയായിരുന്നു. യുവതി തന്റെ പ്രതിഷേധം പ്രകടിപ്പിച്ച് ഇവിടെ നിന്നും പോകാൻ ശ്രമിക്കുന്നുണ്ട് എങ്കിലും ഇയാൾ വിടാതെ പിന്തുടരുകയാണ്. പിന്നാലെ, മറ്റൊരാൾക്കൊപ്പം സ്‌കൂട്ടറിലെത്തിയ ഇയാൾ യുവതിയോട് അതിൽ കയറാൻ പറയുന്നുണ്ട്.

 

ലൈവായി നിരവധിപ്പേർ കണ്ടുകൊണ്ടിരിക്കെ ആയിരുന്നു അതിക്രമം. അതിനിടയിൽ യുവതിയെ ചുംബിക്കാൻ ഇയാൾ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ വളരെ വേഗം തന്നെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.പിന്നാലെ പ്രതികളായ മോബീൻ ചന്ദ് മുഹമ്മദ് ഷെയ്ക് (19) മുഹമ്മദ് നാഖിബ് സദരിയാലം അൻസാരി (20) എന്നിവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.