ലണ്ടന്‍: നഷ്ടപ്പെടുന്ന ലഗേജുകളുടെ എണ്ണത്തിലും, വിമാനങ്ങള്‍ വൈകുന്ന കാര്യത്തിലും യൂറോപ്പിലെ ഏറ്റവും മോശം വിമാനത്താവളം ഹീത്രുവും മാഞ്ചസ്റ്ററുമെന്ന് പഠന റിപ്പോര്‍ട്ട്. ഇത്തരത്തില്‍ യാത്രക്കാര്‍ക്ക് ഏറെ സമ്മര്‍ദമുണ്ടാക്കുന്ന, യൂറോപ്പിലെ 25 വിമാനത്താവളങ്ങളിലെ അനുഭവങ്ങള്‍ വിശകലന വിധേയമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഗൂഗിള്‍ റീവ്യൂ സ്‌കോറുകള്‍, ലഗേജ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട പരാതികള്‍, കൃത്യത, വിമാനത്താവളത്തിലൂടെ കടന്നു പോകുന്ന യാത്രക്കാരുടെ എണ്ണം എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ വിശകലന വിധേയമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഈ പഠനത്തില്‍ യാത്രക്കാര്‍ക്ക് മേല്‍ ഏറ്റവും അധികം സമ്മര്‍ദ്ദം ഉണ്ടാക്കുന്ന വിമാനത്താവളം ഹീത്രൂ വിമാനത്താവളമാണെന്നാണ് കണ്ടെത്തിയത്. മൊത്തം സ്‌ട്രെസ്സ് സ്‌കോറായ പത്തില്‍ 6.4 ആണ് ഹീത്രൂവിന് ലഭിച്ചത്. ഗൂഗിള്‍ റീവ്യൂ പോയിന്റില്‍ അഞ്ചില്‍ നാല് ലഭിച്ച വിമാനത്താവളമാണ് ഇതെന്നോര്‍ക്കണം. 65,74 ശതമാനം വിമാനങ്ങള്‍ മാത്രമാണ് ഇവിടെ നിന്നും കൃത്യ സമയത്ത് പറന്നുയരുന്നത്. അതുപോലെ ഒരു വര്‍ഷം മാത്രം നഷ്ടപ്പെട്ട ലഗേജുകള്‍ക്കായി 34,700 തിരച്ചിലുകളാണ് ഇവിടെ നടന്നത്.

പത്തില്‍ 5.44 സ്‌കോറുമായി മാഞ്ചസ്റ്റര്‍ വിമാനത്താവളമാണ് ഇക്കാര്യത്തില്‍ രന്‍ടാം സ്ഥാനത്തുള്ളത്. 66.11 ശതമാനം വിമാനങ്ങളാണ് ഇവിടെ നിന്നും കൃത്യ സമയത്ത് പറന്നുയര്‍ന്നത്. മാത്രമല്ല, ഇവിടെ അതിയായി സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നു എന്ന കമന്റോടുകൂടിയ 138 ഗൂഗിള്‍ റീവ്യൂസ് ആണ് കണ്ടെത്തിയത്. മാഞ്ചസ്റ്ററിലെ ടി 3 ടെര്‍മിനല്‍ നേരത്തെ ബ്രിട്ടനിലെ ഏറ്റവും മോശം ടെര്‍മിനലായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യു കെയിലെ തന്നെ ഗാറ്റ്വിക് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ഫ്രാന്‍സിലെ ചാള്‍സ് ഡി ഗോളി നാലാം സ്ഥാനത്തും യു കെയിലെ സ്റ്റാന്‍സ്റ്റെഡ് അഞ്ചാം സ്ഥാനത്തും എത്തി.

അതേസയമയം ബ്രിട്ടനിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിനായി ഒരു പ്രത്യേക ഹോം ഗാര്‍ഡ് സൈന്യത്തെ രൂപീകരിച്ചേക്കുമെന്ന റിപ്പോര്‍ട്ട് വരുന്നു. പവര്‍ പ്ലാന്റുകള്‍, വിമാനത്താവളങ്ങള്‍, ടെലിക്കമ്മ്യൂണിക്കേഷന്‍ ഹബ്ബുകള്‍ എന്നിവ സംരക്ഷിക്കുന്നതിനായിട്ട് പ്രത്യേക പ്രതിരോധ സേനയെ നിയോഗിക്കുന്ന കാര്യം വരുന്ന സ്ട്രാറ്റജിക് ഡിഫന്‍സ് റിവ്യൂ (എസ് ഡി ആര്‍) വിന്റെ ഭാഗമായിരിക്കും. 1940 കളില്‍ നാസി അധിനിവേശം ഉണ്ടായാല്‍ ചെറുക്കാനായി രൂപീകരിച്ച പ്രത്യേക സൈന്യത്തിന്റെ മാതൃകയിലായിരിക്കും ഇത് രൂപീകരിക്കുക. അതിനുപുറമെ മറ്റ് ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ നിലവിലുള്ള പ്രത്യേക സേനാവിഭാഗങ്ങളുടെ മാതൃകയും സ്വീകരിക്കും.

റിസര്‍വ്വ് ആര്‍മിയില്‍ നിന്നും വ്യത്യസ്തമായി ഒരു പ്രത്യേക സേനാ വിഭാഗമായിട്ടാണ് ഇത് രൂപീകരിക്കുക. എന്നാല്‍, അതിന് സമാനമായ ഘടനയായിരിക്കും ഈ സേനയും പിന്തുടരുക എന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ ഡെന്മാര്‍ക്ക്, ജര്‍മനി,നോര്‍വേ, സ്വീഡന്‍, യുക്രെയിന്‍ തുടങ്ങി പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള ഹോം ഗാര്‍ഡുകള്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.