കോഴിക്കോട് : ഏഴ് മക്കളെ പൊന്നുപോലെ വളർത്തിയ ഒരമ്മ ഇപ്പോൾ അവരാൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.കാസർകോട് സ്വദേശിനിയായ 84 വയസ്സുള്ള മറിയം ജോസഫാണ് ഈ കഷ്ടത അനുഭവിക്കുന്നത്. ലക്ഷകണക്കിന് രൂപയും സ്വത്തുമെല്ലാം തട്ടിയെടുത്ത് മകനും മരുമക്കളും വീട്ടിൽ നിന്നും തന്നെ ഇറക്കിവിടുകയായിരുന്നു എന്നാണ് ഇവർ പറയുന്നത്.

ഹൃദ്രോഗം ഉൾപ്പെടെ നിരവധി അസുഖങ്ങൾക്ക് ചികിത്സയിലാണ് മറിയം.മകനായ ജെയ്‌സൺ ഭാര്യ മിനി മറ്റൊരു മകൻ റോയിയുടെ ഭാര്യ മെൽബി എന്നിവർക്കെതിരെ ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകിയിരുന്നു.കാഞ്ഞങ്ങാട് ആർഡിഓയ്ക്കും പരാതി നൽകിയിട്ടുണ്ട്.ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മറിയത്തെ ഇപ്പോൾ ശുശ്രൂഷിക്കുന്നത് ഇവരുടെ സഹോദരങ്ങളാണ്.

ഇപ്പോൾ ഇവർ താമസിക്കുന്നത് കോഴിക്കോട് പുല്ലൂരാമ്പാറയിലെ സഹോദരന്റെ വീട്ടിലാണ്. മകന്റെയും മരുമക്കളുടെയും ക്രൂരതയേ തുടർന്ന് കുറച്ച് കാലമായി മറിയം ഈ വീട്ടിൽ തന്നെയാണ് താമസിക്കുന്നത്.നിയമപരമായി മുന്നോട്ട് പോയാൽ തന്റെ ഇപ്പോഴത്തെ ആശ്രയമായ എല്ലാ സഹോദരങ്ങൾക്കും അവരുടെ കുടുംബത്തിനെതിരെയും കള്ളക്കേസ് കൊടുക്കുമെന്ന് ഇവരുടെ ഒരു മകനായ ജെയ്‌സൻ ഭീഷണിപ്പെടുത്തിയതായും ഈ അമ്മ പറയുന്നു.

ജെയ്‌സൺ എന്ന മകനൊപ്പമായിരുന്നു മറിയം താമസിച്ചിരുന്നത്.തന്റെ ചികിത്സയ്ക്കും മറ്റുള്ള ആവശ്യങ്ങൾക്കുമായി അഞ്ചാമത്തെ മകൻ സജി ഒരു 10 ലക്ഷം രൂപ നൽകിയിരുന്നു.ആ പണം ജെയ്സൺ കൈപ്പറ്റിയിരുന്നെന്നും ഇതിനെ കുറിച്ച് ചോദിച്ച തന്നോട് വീട്ടിൽ നിന്നും ഇറങ്ങിപോകാൻ പറഞ്ഞതായും മറിയം പറഞ്ഞു.

മാത്രമല്ല തന്റെ മരിച്ചുപോയ പിതാവിനെ മോശമായ രീതിയിൽ പല തവണ മകന്റെ ഭാര്യയായ മെൽബി പറഞ്ഞുവെന്നും ഇത് ചോദ്യം ചെയ്തപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയതായും ഇവർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്.വീട്ടിലുള്ള തന്റെ സ്വന്തം മകൻ ഇതെല്ലാം കണ്ടിട്ടും സഹായിച്ചില്ലെന്നും മറിയം പറഞ്ഞു.

സാമ്പത്തികമായി തങ്ങൾ വലിയ കഷ്ടതയിലാണ് എന്നാലും ഈ അമ്മയുടെ ജീവനുവേണ്ടി കഷ്ടപ്പെടുകയാണെന്നും സഹോദരങ്ങൾ പറഞ്ഞു. മറിയം ഐസിയുവിൽ ആശുപത്രിയിലായിരുന്നപ്പോൾ മകനായ ജെയ്‌സൺ ആശുപത്രിയിലെത്തുകയും കേസ് പിൻവലിച്ചാൽ ആശുപത്രി ചെലവ് നൽകാമെന്നാണ് പറഞ്ഞതെന്നും സഹോദരങ്ങൾ പറഞ്ഞു.

അമ്മയുടെ മുന്നോട്ടുള്ള ജീവിതത്തിൽ ഒരു തീരുമാനമുണ്ടാക്കുക. മക്കൾ എല്ലാവരും വന്ന് ഇതിനൊരു പരിഹാരം കണ്ടെത്തുക എന്നുമാണ് സഹോദരങ്ങൾ പറയുന്നത്. കേസ് കൊടുത്തിട്ട് എന്തായി പണം കിട്ടിയോ എന്ന രീതിയിൽ പരിഹാസത്തോടെ ഈ അമ്മയുടെ മകൻ പറഞ്ഞതായും സഹോദരങ്ങൾ പറഞ്ഞു

ഇത്രയും ശത്രുത തോന്നാൻ താൻ എന്താണ് മക്കളോട് ചെയ്തത് എന്നറിയില്ലെന്നും. മകൻ തന്നോട് ഇറങ്ങിപോകാൻ പറഞ്ഞത് തനിക്ക് മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കിയതായും മറിയം പറഞ്ഞു.ഈ 84 വയസ്സുവരെ മക്കൾക്കായി കഷ്ടപ്പെട്ടും പട്ടിണികിടന്നും ജീവിച്ച ഈ അമ്മ തന്റെ ചികിത്സക്കും മരുന്നിനുമായി മറ്റുള്ളവരുടെ മുൻപിൽ കൈനീട്ടേണ്ട അവസ്ഥയിലാണ്.