- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കാത്തിരിപ്പിനൊടുവില്‍ തൊണ്ടി മുതല്‍ പുറത്ത്; ദിവസേന കഴിപ്പിച്ചത് കിലോ കണക്കിന് പൂവന്‍പഴവും റോബസ്റ്റയും; കള്ളന് പൊലീസ് കാവല്‍; ഒടുവില്‍ മൂന്നാം പക്കം സ്വര്‍ണമാല പുറത്തേക്ക്; ആലത്തൂരിലെ 'തൊണ്ടിമുതലും ദൃക്ഷ്‌സാക്ഷിയും' പരിസമാപ്തിയില്‍
ആലത്തൂരിലെ 'തൊണ്ടിമുതലും ദൃക്ഷ്‌സാക്ഷിയും' പരിസമാപ്തിയില്‍
പാലക്കാട്: ഒരു മാല മോഷണത്തില്‍ പിടികൂടിയ കള്ളന് കാവലിരിക്കേണ്ട ഗതികേടിലായിരുന്നു ആലത്തൂര്‍ പൊലീസ്. ആ കാത്തിരിപ്പ് നീണ്ടത് ഒന്നും രണ്ടുമല്ല, മൂന്ന് ദിവസമായിരുന്നു. മാല വിഴുങ്ങിയ കള്ളനില്‍ നിന്നും ഒടുവില്‍ തൊണ്ടി മുതല്‍ കണ്ടെടുത്തതിന്റെ ആശ്വാസത്തിലാണ് പൊലീസ്. കള്ളന്‍ മാല വിഴുങ്ങി മൂന്നാം ദിവസമാണ് മാല കിട്ടിയത്. മാല വിഴുങ്ങിയ കള്ളന്റെ വയറിളകുന്നതും കാത്ത് പൊലീസ് കാവല്‍ നിന്നിരുന്നു. ഇന്ന് വൈകിട്ട് നാലോടെയാണ് മാല പുറത്തുവന്നത്. സ്വര്‍ണമാല മോഷ്ടിച്ച ശേഷം വിഴുങ്ങിയ കള്ളനെ കയ്യോടെ പിടികൂടിയെങ്കിലും തൊണ്ടി മുതലെടുക്കാന്‍ കഴിഞ്ഞ മൂന്നു ദിവസമായി കാത്തിരിക്കുകയായിരുന്നു പാലക്കാട് ആലത്തൂര്‍ പൊലീസ്.
ഫഹദ് ഫാസില്‍ നായകനായ തൊണ്ടിമുതലും ദൃക്ഷ്‌സാക്ഷിയും എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ പ്രമേയത്തിന് തുല്യമായ സംഭവം നടന്നതോടെയാണ് ആലത്തൂര്‍ പൊലീസ് പുലിവാല് പിടിച്ചത്. മോഷ്ടാവ് വിഴുങ്ങിയ മാല പുറത്തുവരാന്‍ ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ മൂന്നു ദിവസമായി തുടര്‍ന്നിരുന്ന കാത്തിരിപ്പിനാണ് ഇന്ന് വൈകിട്ട് നാലോടെ അവസാനമായത്. കേസന്വേഷണം മുന്നോട്ട് പോകാന്‍ മോഷ്ടാവ് വിഴുങ്ങിയ മാല പൊലീസിന് തൊണ്ടിമുതലായി കണ്ടെടുക്കണമായിരുന്നു.
ഇയാളാവട്ടെ ആ മാല കിട്ടിയ ഉടന്‍ തന്നെ വിഴുങ്ങി കളഞ്ഞു. വിശന്നാലും ഇല്ലെങ്കിലും നല്ലഭക്ഷണവും ഇടയ്ക്കിടെ വാഴപ്പഴവും ഒക്കെ കൊടുത്ത് കള്ളന് കാവലിരിക്കേണ്ട ഗതികേടിലായിരുന്നു പൊലീസിന്. ഓരോ നിശ്ചിത ഇടവേളകളിലും എക്‌സ്റേയെടുത്ത് ശരീരത്തിനുള്ളില്‍ മാലയുടെ സ്ഥാനമാറ്റം പൊലീസ് ഉറപ്പിക്കിയിരുന്നു. ജില്ലാ ആശുപത്രിയിലെ വാര്‍ഡില്‍നിന്ന് പ്രതി രക്ഷപ്പെടാതെ നോക്കാനായിരുന്നു പൊലീസ് കാവല്‍. ഇതിനിടെ കള്ളന്റെ വിസര്‍ജ്യം കവറില്‍ ശേഖരിച്ച് മാലയുണ്ടോയെന്ന് നോക്കുന്നുമുണ്ടായിരുന്നു.
ചുരുക്കി പറഞ്ഞാല്‍ ഊഴംവെച്ച് രണ്ട് പൊലീസുകാര്‍ കള്ളന് കാവലിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒന്‍പതിനാണ് മേലാര്‍കോട് വേലയ്ക്കിടെ മധുര സ്വദേശി മുത്തപ്പന്‍ മൂന്നുവയസ്സുകാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്തത്. ഇതുകണ്ട മുത്തശ്ശി ബഹളം വെച്ചതോടെ കാര്യങ്ങള്‍ ആകെ മാറി. നാട്ടുകാര്‍ ഓടിക്കൂടുകയും ഇയാളെ പിടികൂടി ദേഹപരിശോധന നടത്തുകയും ചെയ്തു.
പക്ഷേ മാല മാത്രം കിട്ടിയില്ല. അങ്ങനെ മാല വിഴുങ്ങിയെന്ന് നാട്ടുകാര്‍ ഉറപ്പിച്ചു. ഉടന്‍ തന്നെ ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയും മോഷ്ടാവിനെ ആശുപത്രിയിലെത്തിച്ച് എക്‌സ്‌റേ എടുക്കുകയും ചെയ്തു. ഈ പരിശോധനയില്‍ മാല വയറ്റിലുണ്ടെന്ന് സ്ഥിരീകരിച്ചു. ദഹിക്കുന്നവസ്തു അല്ലാത്തതിനാല്‍ മാല വിസര്‍ജ്യത്തിനൊപ്പം പെട്ടെന്ന് പുറത്തുവരില്ല. രണ്ടുദിവസംകൊണ്ട് താഴേക്കിറങ്ങിവരുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു ആലത്തൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.എന്‍. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞത്.
സിനിമയെ വെല്ലും സംഭവങ്ങള്‍
മേലാര്‍കോട് ഉത്സവത്തിനിടെ ഞായറാഴ്ചയായിരുന്നു സംഭവം. പട്ടഞ്ചേരി സ്വദേശി വിനോദിന്റെ രണ്ടര വയസുകാരിയുടെ മാലയാണ് മധുര സ്വദേശി മുത്തപ്പന്‍ മോഷ്ടിച്ചത്. നാട്ടുകാര്‍ കയ്യോടെ പിടികൂടിയതോടെ മുത്തപ്പന്‍ മുക്കാല്‍ പവന്‍ തൂക്കമുള്ള മാല വിഴുങ്ങി. ചോദ്യം ചെയ്യലില്‍ മോഷ്ടിച്ചില്ലെന്ന് കള്ളം പറഞ്ഞു. എക്‌സറെ എടുത്തതോടെ വയറില്‍ മാല തെളിഞ്ഞു വന്നു. പിന്നാലെ റിമാന്‍ഡ് ചെയ്ത പ്രതിയെ തൊണ്ടി മുതല്‍ കിട്ടാനായി ആശുപത്രിയിലേക്ക് മാറ്റി. ദിവസേന കിലോ കണക്കിന് പൂവന്‍പഴവും റോബസ്റ്റയും നല്‍കിയിട്ടും തൊണ്ടി മുതല്‍ പുറത്തേക്ക് വന്നില്ല. കള്ളനൊപ്പം തൊണ്ടിക്കായി പൊലീസിന്റെ ഈ കാത്തിരിപ്പും തുടര്‍ന്നു. ഇന്നും തൊണ്ടി പുറത്തു വന്നില്ലെങ്കില്‍ എന്‍ഡോസ്‌കോപ്പിയിലൂടെ മാല പുറത്തെടുക്കാന്‍ തീരുമാനിച്ചിരിക്കെയാണ് വൈകിട്ടോടെ മാല പുറത്തുവന്നത്.