ന്യൂഡൽഹി: പൊതു പ്രവേശനപരീക്ഷകളിലെ ക്രമക്കേട് തടയാൻ ലക്ഷ്യമിട്ടുള്ള പബ്ലിക് എക്‌സാമിനേഷൻ ആക്ട് 2024ന് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. നീറ്റ്, യുജിസി നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളെ ചൊല്ലിയുള്ള തുടർച്ചയായ വിവാദങ്ങൾക്കിടയിലാണ് നീക്കം. ഇതോടെ പ്രവേശന പരീക്ഷകൾ കൂടുതൽ സുതാര്യമാകുമെന്നാണ് സർക്കാർ പ്രതീക്ഷ.

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ, സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ എന്നിവർ നടത്തുന്ന പരീക്ഷകളിലും നീറ്റ്, ജെ.ഇ.ഇ., സി.യു.ഇ.ടി. തുടങ്ങിയ പ്രവേശനപരീക്ഷകളിലും പേപ്പർ ചോർച്ചയും സംഘടിത ക്രമക്കേടുകളും തടയുകയാണ് ലക്ഷ്യം. പരീക്ഷയിലെ ക്രമക്കേട് സംഘടിതകുറ്റകൃത്യമാണെന്ന് കണ്ടെത്തിയാൽ അഞ്ചുമുതൽ പത്തുവർഷം വരെ തടവുലഭിക്കും. ഒരുകോടി രൂപയിൽ കുറയാത്ത പിഴയുമുണ്ടാകും. വ്യക്തി ഒറ്റയ്ക്കു ചെയ്ത കുറ്റമാണെങ്കിൽ മൂന്നുമുതൽ അഞ്ചുവർഷം വരെയാണ് തടവ്. 10 ലക്ഷം രൂപവരെ പിഴ ലഭിക്കും. കഠിനമായ ശിക്ഷ ഉറപ്പു വരുത്തുമ്പോൾ പരീക്ഷാ തട്ടിപ്പ് കുറയുമെന്നാണ് പ്രതീക്ഷ. ആവശ്യമെങ്കിൽ കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടായിരിക്കും.

ചോദ്യപ്പേപ്പർ, ഉത്തരസൂചിക, ഒ.എം.ആർ. ഷീറ്റ് എന്നിവ ചോർത്തൽ, അതുമായി ബന്ധപ്പെട്ട ഗുഢാലോചനയിൽ പങ്കെടുക്കൽ, ആൾമാറാട്ടം, കോപ്പിയടിക്കാൻ സഹായിക്കുക, ഉത്തരസൂചിക പരിശോധന അട്ടിമറിക്കൽ, മത്സരപ്പരീക്ഷയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുള്ള ചട്ടങ്ങളുടെ ലംഘനം, റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട രേഖകളിലെ തിരിമറി, പരീക്ഷയുമായി ബന്ധപ്പെട്ട സുരക്ഷാസംവിധാനങ്ങളുടെ ലംഘനം, പരീക്ഷാ ഹാളിലെ ഇരിപ്പിടം, തീയതി, പരീക്ഷ ഫിഫ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ, വ്യാജ വെബ്സൈറ്റ് സൃഷ്ടിക്കൽ, വ്യാജ അഡ്‌മിറ്റ് കാർഡുകൾ, പണലാഭത്തിനായുള്ള കത്തിടപാടുകൾ എല്ലാം തട്ടിപ്പിന്റെ പരിധിയിലുണ്ട്.

സ്ഥാപനമാണ് ക്രമക്കേട് നടത്തിയതെങ്കിൽ അവർക്ക് ഒരു കോടി രൂപ പിഴയും ചുമത്തും. ഇതിനുപുറമെ നാലുവർഷത്തേക്ക് പൊതുപരീക്ഷ നടത്തുന്നതിന് ഈ സ്ഥാപനങ്ങൾക്ക് വിലക്കും ഏർപ്പെടുത്തും. ഡെപ്യൂട്ടി സൂപ്രണ്ട്, അസിസ്റ്റന്റ് കമ്മീഷണർ പദവിയിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥരാകണം ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കേണ്ടത്. കൂടാതെ കേസിൽ അന്വേഷണം ഏതെങ്കിലും കേന്ദ്ര ഏജൻസിക്ക് കൈമാറാനുള്ള അധികാരം കേന്ദ്രസർക്കാരിനും ഉണ്ടായിരിക്കും.

ആൾമാറാട്ടം, ഉത്തരക്കടലാസുകളിൽ കൃത്രിമം കാണിക്കൽ, രേഖകളിൽ കൃത്രിമം കാണിക്കൽ എന്നിവയുൾപ്പെടെ, 20 കുറ്റകൃത്യങ്ങളും ഇതുമായി ബന്ധപ്പെട്ടവയുമാണ് നിയമത്തിന് കീഴിൽ വരുന്നത്. പരീക്ഷകളിലെ ക്രമക്കേടുകളെ കുറിച്ചുള്ള യുവാക്കളുടെ ആശങ്ക കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഈ നീക്കം. ഫെബ്രുവരി അഞ്ചിനാണ് ഈ ബിൽ കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചത്. ഫെബ്രുവരി ആറിന് പാസാക്കുകയും ചെയ്തു.

തുടർന്ന് ഫെബ്രുവരി ഒൻപതിന് രാജ്യസഭയിൽ അവതരിപ്പിച്ചു. രണ്ട് സഭകളുടെയും അംഗീകാരത്തിന് ശേഷം ഫെബ്രുവരിയിൽ തന്നെ രാഷ്ട്രപതി ദ്രൗപതി മുർമു ബില്ലിൽ ഒപ്പ് വെയ്ക്കുകയും ചെയ്തു. ഇതിൽ വിജ്ഞാപനം ഇറങ്ങാൻ പിന്നേയും കാലതാമസമുണ്ടായി. പരീക്ഷാ ക്രമക്കേടുണ്ടായപ്പോഴാണ് ഈ നിയമം പ്രാബല്യത്തിലെത്തിയത്.