ലോസ് ആഞ്ചലസ്‌: 2026-ലെ ഗ്രാമി അവാർഡ്‌സ് റെഡ് കാർപ്പറ്റിൽ ലോകശ്രദ്ധ നേടിയ സൂപ്പർ മോഡൽ ഹെയ്‌ഡി ക്ലമിന്റെ 'നേക്കഡ് ഡ്രസ്സി'ന്റെ പിന്നിലെ കൗതുകകരമായ രഹസ്യങ്ങൾ പുറത്ത്. ഒരു വർഷത്തോളം കാത്തിരുന്നാണ് താൻ ഈ വസ്ത്രം ധരിച്ചതെന്ന് താരം പീപ്പിൾ മാഗസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഫാഷൻ ലോകത്തെ പരീക്ഷണങ്ങൾക്ക് പേരുകേട്ട ഹെയ്‌ഡി ക്ലം ധരിച്ച ഈ കസ്റ്റം ന്യൂഡ് ഡ്രസ്സ് രൂപകൽപ്പന ചെയ്തത് ജർമ്മൻ ഡിസൈനറായ മറീന ഹോർമാൻസെഡറാണ്.

കടുപ്പമേറിയ ലെതർ ലാക്കറിംഗ് ചെയ്ത് നിർമ്മിച്ച ഈ വസ്ത്രം ധരിക്കുന്നത് ഒരു കവചം അണിയുന്നത് പോലെയായിരുന്നെന്ന് ഹെയ്‌ഡി ക്ലം പറയുന്നു. കഴിഞ്ഞ വർഷത്തെ ഗ്രാമി അവാർഡ്‌സിൽ ധരിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും അവസാന നിമിഷം മറ്റൊരു വസ്ത്രം തിരഞ്ഞെടുക്കേണ്ടി വന്നതിനാൽ ഇത് മാറ്റിവെക്കുകയായിരുന്നു. "ഗ്രാമി അവാർഡ്‌സ് ഫാഷനിൽ കൂടുതൽ ധൈര്യശാലികളാകാൻ ആളുകൾക്ക് അവസരം നൽകുന്ന വേദിയാണ്, അതിനാൽ ഇതൊരു യഥാർത്ഥ ഗ്രാമി ഡ്രസ്സാണെന്ന് എനിക്ക് ഉറപ്പായിരുന്നു," ഹെയ്‌ഡി കൂട്ടിച്ചേർത്തു.

കാഴ്ചയിൽ അതിമനോഹരമായിരുന്നെങ്കിലും, ഈ വസ്ത്രം ധരിച്ച് നടക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. വശങ്ങളിൽ പിളർപ്പുകളില്ലാത്തതിനാൽ വലിയ ചുവടുകൾ വെക്കാൻ കഴിഞ്ഞിരുന്നില്ലെന്നും, ചെറിയ ചുവടുകളെടുത്ത് മാത്രമേ മുന്നോട്ട് പോകാൻ സാധിച്ചിരുന്നുള്ളൂ എന്നും താരം വെളിപ്പെടുത്തി. റെഡ് കാർപ്പറ്റിൽ താൻ ഓടിനടക്കുന്ന രീതിയിൽ പ്രചരിച്ച ട്രോളുകൾക്ക് പിന്നിലെ കാരണം ഇതാണെന്നും ഹെയ്‌ഡി തമാശയായി പറഞ്ഞു.

വളരെ കോംപ്ലിക്കേറ്റഡായി തോന്നുമെങ്കിലും ഈ ഡ്രസ്സ് ഇടാനും ഊരാനും എളുപ്പമായിരുന്നു എന്നാണ് ഹെയ്‌ഡി പറയുന്നത്. വശങ്ങളിൽ ബക്കിളുകൾ ഉള്ളതിനാൽ ഒരു മുത്തുച്ചിപ്പി തുറക്കുന്നത് പോലെ ഇത് ഓപ്പൺ ചെയ്യാം. ഗ്രാമി കഴിഞ്ഞ് ഹെയ്‌ഡി ഈ വസ്ത്രം ഡിസൈനർക്ക് തിരികെ നൽകിയില്ല. പകരം തന്റെ കളക്ഷനിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. നിലവിൽ ഈ വൈറൽ ഡ്രസ്സ് അതിന്റെ മനോഹരമായ ബോക്സിലാക്കി ഹെയ്‌ഡിയുടെ വീടിന്റെ ബേസ്‌മെന്റിലാണ് ഇരിക്കുന്നത്.

"ഫാഷൻ എന്നാൽ ക്രിയേറ്റിവിറ്റിയാണ്. വെറുമൊരു തുണിത്തരങ്ങൾക്കപ്പുറം വസ്ത്രനിർമ്മാണത്തിൽ പുതിയ പരീക്ഷണങ്ങൾ കാണിക്കേണ്ടത് എന്റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു." ഹെയ്‌ഡി ക്ലം പറഞ്ഞു. സംഗീതത്തിലും താരം തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഈയിടെ ഡിപ്ലോയുമായി ചേർന്ന് 'റെഡ് ഐ' (Red Eye) എന്ന ട്രാക്കും താരം പുറത്തിറക്കി. 'ജർമ്മനീസ് നെക്സ്റ്റ് ടോപ്പ് മോഡൽ' സീസൺ 21-ന്റെ തീം സോംഗ് കൂടിയാണിത്.