- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ലഹളക്കാർ അമ്മയുടെ രണ്ട് അമ്മാവന്മാരെ വെട്ടി കഷണങ്ങളാക്കി കോഴിക്കൂട്ടിൽ ഇട്ടു; വലിയ ഉരുളിയിൽ കയറി പുഴ കടന്ന് പലരും പലായനം ചെയ്തു; അമ്മായി, അമ്മിണിഅമ്മ ആമിനയായി; എന്നിട്ടും വിറകുപുരയിലെ അലമാരയിൽ ഒളിപ്പിച്ച ഗുരുവായൂരപ്പനെ തൊഴുതു': നാടകാചാര്യൻ വിക്രമൻനായരുടെ മലബാർ കലാപ അനുഭവം ഞെട്ടിപ്പിക്കുന്നത്
കോഴിക്കോട്: കേരളത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം ഇന്നും വലിയ ചർച്ചയാണ്, 1921ലെ മാപ്പിള ലഹളയെന്ന് അറിയപ്പെടുന്ന മലബാർ കലാപം. ജന്മിത്വത്തിനും നാടുവാഴിത്തത്തിനും എതിരായ കലാപമെന്നും, ബ്രിട്ടീഷുകാർക്ക് എതിരായ സ്വാതന്ത്ര്യസമരമാണെന്നും, ഇടതുപക്ഷ ബുദ്ധിജീവികൾ അടക്കം വലിയ തോതിൽ, ഇതിനെ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ നിർബന്ധിത മതംമാറ്റവും, കൊള്ളയും, കൊലയും, ബലാത്സംഗവും അടക്കം നടന്ന, ആസൂത്രിത ഹിന്ദു വംശഹത്യയാണ്, 1921ൽ നടന്നതെന്ന് സംഘപരിവാർ അനുകൂലികളായ സാംസ്കാരിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടൻ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ ആഷിക്ക് അബുവിന്റെ സംവിധാനത്തിൽ 'വാരിയൻ കുന്നൻ' എന്ന ചിത്രം അനൗൺസ് ചെയ്തെങ്കിലും സോഷ്യൽ മീഡിയയിൽ അടക്കം ഉയർന്ന പ്രതിഷേധത്തെ തുടർന്ന് പടം ഉപേക്ഷിക്കായിയിരുന്നു. പക്ഷേ ഇപ്പോൾ രാമസിംഹൻ എന്ന അലിഅക്‌ബർ 'പൂഴ മുതൽ പുഴവരെ' എന്ന പേരിൽ മലബാർ കലാപത്തിന്റെ യഥാർത്ഥ ചിത്രം എന്നപേരിൽ സിനമ ഇറക്കിയതും വൻ ചർച്ചയായിരുന്നു.
ഇങ്ങനെ സോഷ്യൽ മീഡിയയിലടക്കം മലബാർ കലാപം വീണ്ടും ചർച്ചയായിരിക്കുന്ന സാഹചര്യത്തിലാണ്, കഴിഞ്ഞ ദിവസം അന്തരിച്ച നാടകാചാര്യൻ വിക്രമൻ നായരുടെ (78) ഞെട്ടിപ്പിക്കുന്ന ഒരു അനുഭവം ചർച്ചയാവുന്നത്. 2021ൽ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് വിക്രമൻ നായർ മലബാർ കലാപത്തിന്റെ കാലത്ത് തന്റെ കുടുംബത്തിൽ നടന്ന ഞെട്ടിപ്പിക്കുന്ന അനുഭവം പറഞ്ഞത്.
അമ്മിണിയമ്മ ആമിനയാവുന്നു
ഭാനുപ്രകാശിന് നൽകിയ അഭിമുഖത്തിലാണ് വിക്രമൻ നായർ തന്റെ അനുഭവം പറയുന്നത്. :'ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയൊന്നിലെ മാപ്പിള ലഹളയുടെ ഭീകരാവസ്ഥ അനുഭവിച്ച ആളാണ് എന്റെ അമ്മ വെള്ളയ്ക്കാംപടി തറവാട്ടിൽ ജാനകിയമ്മ. ലഹളക്കാലത്ത് അമ്മയുടെ രണ്ട് അമ്മാവന്മാരെ വെട്ടി കഷണങ്ങളാക്കി കോഴിക്കൂട്ടിൽ ഇട്ടു. അന്നു രാത്രിതന്നെ തറവാട്ടിലെ സ്ത്രീകളും പുരുഷന്മാരും പല സ്ഥലങ്ങളിലും അഭയം തേടി. വലിയ ഉരുളിപോലുള്ള പാത്രത്തിൽ കയറി പുഴ കടന്ന് ഏതൊക്കെയോ ഗ്രാമങ്ങളിലാണ് പലരും ചെന്നെത്തിയത്.
വർഷങ്ങൾ കടന്നുപോയി, ഞാൻ കുട്ടിയായിരിക്കുമ്പോൾ അമ്മ എന്നെയും കൊണ്ട് പലപ്പോഴും മലപ്പുറത്തിനടുത്തുള്ള ഒരു മുസ്ലിം തറവാട്ടിൽ പോകുമായിരുന്നു. അമ്മയെ കാണുമ്പോൾ വളരെ സന്തോഷത്തോടെ ഒരു സ്ത്രീ മുറ്റത്തേക്കിറങ്ങി വരും. ചായയും പലഹാരങ്ങളും അവർ ഞങ്ങൾക്കു തരും. ഒരിക്കൽ, അമ്മയെ അവർ അടുക്കളയുടെ പിറകിലെ വിറകുപുരയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അതിനകത്ത് ചെറിയൊരു അലമാരയുണ്ട്. അത് തുറന്നപ്പോൾ ഉള്ളിൽ ഗുരുവായൂരപ്പന്റെ ഒരു ഫോട്ടോ. അത് നോക്കി അവർ അമ്മയോട് പറഞ്ഞു: 'ഞാൻ ദിവസവും ആരും കാണാതെ ഇവിടെ തൊഴാറുണ്ട് മോളെ.''
ആ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഞാൻ അമ്മയോട് ചോദിച്ചു: 'ആരാണമ്മേ അവർ?'' ലഹളക്കാലത്ത് തറവാട്ടിൽ നിന്ന് ഒളിച്ചോടിയ ഒരു അമ്മായിയാണവരെന്നും ജീവഭയം കാരണം മുസ്ലിം മതം സ്വീകരിച്ച് ഒരു മുസ്ലിമിനെ വിവാഹം കഴിച്ചതാണെന്നും അമ്മ പറഞ്ഞു. അവരുടെ പേര് അമ്മിണിയമ്മ എന്നായിരുന്നുവത്രേ. മതം മാറിയപ്പോൾ ആമിനയെന്നായി. അമ്മ വിവരിച്ച ആ ജീവിതം ഇപ്പോഴും അരങ്ങിലെത്താത്ത ഒരു നാടകമായി എന്റെ മനസ്സിൽ തറഞ്ഞുകിടപ്പുണ്ട്.''- വിക്രമൻ നായർ പറയുന്നു. മലബാർ കലാപം സ്വാതന്ത്ര്യസമരമാണ് എന്ന് പറയുന്നവർ ഈ അനുഭവം വായിക്കണമെന്ന് സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നുണ്ട്.
ആരാണ് വിക്രമൻ നായർ?
നാടകത്തിന്റെ അരങ്ങിൽ അഭിനേതാവായും സംവിധായകനായും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് കഴിഞ്ഞ ദിവസം അന്തരിച്ച വിക്രമൻ നായർ. ആറരപ്പതിറ്റാണ്ടുനീണ്ട നാടകജീവിതത്തിനൊപ്പംതന്നെ സിനിമ, സീരിയൽ രംഗങ്ങളിലും അദ്ദേഹം തിളങ്ങി. തിങ്കളാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. കുണ്ടൂപ്പറമ്പ് 'കൃഷ്ണ'യിലായിരുന്നു താമസം.
ജനനംകൊണ്ട് മണ്ണാർക്കാട്ടുകാരനാണെങ്കിലും കോഴിക്കോട് സെയ്ന്റ് ജോസഫ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസകാലമാണ് വിക്രമൻനായരെ നാടകതത്പരനാക്കുന്നത്. 16 വയസ്സുമുതൽ കോഴിക്കോട്ടെ കലാസമിതിപ്രവർത്തകരുമായി സഹകരിച്ചുപോന്നിരുന്നു. കെ.ടി. മുഹമ്മദടക്കമുള്ള നാടകാചാര്യന്മാരോടൊപ്പം നാടകരംഗത്ത് തന്റേതായ കൈയൊപ്പ് പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. 10,000-ത്തിലധികം വേദികളിലായി 53 പ്രൊഫഷണൽ നാടകങ്ങൾ ഉൾപ്പെടെ ഇരുനൂറോളം നാടകങ്ങളിൽ വിക്രമൻ നായർ അഭിനയിച്ചിട്ടുണ്ട്. സംഗമം, സ്റ്റേജ് ഇന്ത്യ എന്നീ നാടക ട്രൂപ്പുകളിലും പ്രവർത്തിച്ചു. മണ്ണാർക്കാട് പൊറ്റശ്ശേരിയിൽ പരേതരായ വേലായുധൻ നായരുടെയും വെള്ളക്കാംപാടി ജാനകിയുടെയും മകനായാണ് ജനനം.
ഭാനുപ്രകാശമായുള്ള അഭിമുഖത്തിൽ വിക്രമൻ നായർ ഇങ്ങനെ പറയുന്നു. 'നാടകം കൊണ്ട് പണം സമ്പാദിച്ചവരിൽ ഒരാളായിരുന്നു ഞാനും. എൻ.എൻ. പിള്ളയും ഞാനുമാകും നാടകവുമായി ബന്ധപ്പെട്ട് കേരളത്തിൽഏറ്റവും കൂടുതൽ ഇൻകം ടാക്സ് അടച്ചിട്ടുണ്ടാവുക. ഏറെക്കുറെ അൻപത് ലക്ഷത്തോളം രൂപ നാടകത്തിലൂടെ ഞാൻ സമ്പാദിച്ചിരുന്നു. ചില സൗഹൃദങ്ങളെ വിശ്വസിച്ച് ആ പണമെല്ലാം അറിയാത്ത ഒരു ബിസിനസ്സിൽ മുടക്കി. പത്തുപൈസ പോലും തിരിച്ചുകിട്ടാത്ത വിധം നഷ്ടമായി. അതിൽ വലിയ വിഷമം തോന്നിയിരുന്നു.
പഴയ കാലത്തൊക്കെ നാടകത്തിന് വളരെ ചെറിയ തുകയേ കിട്ടിയിരുന്നുള്ളൂ. കേവലം രണ്ടായിരത്തി അഞ്ഞൂറും മൂവായിരവുമൊക്കെ ആയിരുന്നു ഒരു നാടകത്തിന് ലഭിച്ചത്. എന്റെ ഉടമസ്ഥതയിൽ കോഴിക്കോട്ട് 'സ്റ്റേജ് ഇന്ത്യ' വന്നപ്പോൾ നാടകത്തിന്റെ പ്രതിഫലം വലിയ രീതിയിൽ കൂട്ടി. ഒരു സ്റ്റേജിന് മൂവായിരത്തിൽ നിന്ന് പതിനായിരമാക്കി ഉയർത്തി. സ്റ്റേജ് ഇന്ത്യ റേറ്റ് കൂട്ടിയതോടെ മറ്റു നാടക ട്രൂപ്പുകളും റേറ്റ് വർധിപ്പിച്ചു. അത് കേരളത്തിലെ പ്രൊഫഷണൽ നാടകപ്രവർത്തകർക്ക് വലിയ രീതിയിൽ ഗുണം ചെയ്തു. നാടകത്തിലൂടെ നല്ല നിലയിൽ ജീവിച്ചിരുന്ന ഞാൻ അറിയാത്ത ഒരു മേഖലയിലേക്ക് കടന്നുചെന്നപ്പോഴുണ്ടായ ദുരിതത്തിൽനിന്ന് എന്നെ വീണ്ടും കൈപിടിച്ചുയർത്തിയതും നാടകമാണ്. ഒരർഥത്തിൽ, നാടകം എന്റെ ജീവിതം മാത്രമല്ല, ജീവനും കൂടിയാണ് തിരിച്ചുതന്നത്.'' -അദ്ദേഹം പറയുന്നു.
പിന്നീട് നാടകം കൊണ്ട് നേടിയെതെല്ലാം നഷ്ടപ്പെട്ട് വാടക വീട്ടിൽ കഴിയുന്ന വിക്രമൻ നായരുടെ അനുഭവവും ആ അഭിമുഖത്തിൽ പറയുന്നുണ്ട്. ഭാര്യ ചോദിച്ചു, ഇത്രയും കാലം നാടകം നാടകം എന്നുപറഞ്ഞു നടന്നിട്ട് നിങ്ങൾ എന്തുനേടി? അത് അദ്ദേഹത്തെ അടിമുടി ഉലച്ചു. ഒരിക്കൽ തന്റെ ഗുരു കെടി മുഹമ്മദ് ചെയ്തതുപോലെ വീട്ടിൽ വിളിച്ചുവരുത്തിയ ആക്രിക്കടക്കാരനെ ചുമലരമാലയിലെ പുരസ്‌കാരങ്ങൾ കാണിച്ചുകൊണ്ട് വിക്രമൻ നായർ പറഞ്ഞു: ഇതെല്ലാം കൊണ്ടു പോയ്‌ക്കോളു. പുസ്‌കാരങ്ങൾ ഒന്നൊന്നായി ചാക്കിൽക്കെട്ടി പടിയിറങ്ങുമ്പോൾ വിഷാദനാടകം കാണുന്ന കാണിയെപ്പോലെ വിക്രമൻ നായർ ആ രംഗം നോക്കി നിന്നു. അയാൾ നൽകിയ ആറായിരം രൂപയുടെ മുഴിഞ്ഞ നോട്ടുകൾ ഭാര്യയുടെ കൈയിൽ വെച്ചുകൊടുത്തു. ഈ രീതിയിലുള്ള ഒരുപാട് അനുഭവങ്ങൾ ഉള്ള വ്യക്തിയാണ് വിക്രമൻ നായർ.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ