തിരുവനന്തപുരം: കിളികൊല്ലൂർ കേസുമായി ബന്ധപ്പെട്ട് സൈനികന്റെ കുടുംബം കേന്ദ്ര പ്രതിരോധമന്ത്രിക്ക് പരാതി നൽകി. സൈനികൻ വിഷ്ണുവിന്റെ അമ്മ സലില കുമാരിയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് പരാതി നൽകിയത്.സൈനികനെയും സഹോദരനെയും മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.തപാൽ വഴിയും, ഇ മെയിൽ വഴിയും പരാതി അയച്ചു.

കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് മർദിക്കുകയും കള്ളക്കേസ് എടുക്കുകയും ചെയ്ത സംഭവത്തിൽ കൊല്ലം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെതിരെയും പരാതി ഉയർന്നിരുന്നു.പൂർവ്വ സൈനിക സേവാ പരിഷത്താണ് മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകിയത്. പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റത് മനസിലാക്കിയിട്ടും ചികിത്സ ഉറപ്പാക്കിയില്ലെന്നും പൊലീസ് ആവശ്യപ്പെട്ട പ്രകാരം മജിസ്ട്രേറ്റ് ഇരകളെ റിമാൻഡ് ചെയ്തെന്നുമാണ് ആക്ഷേപം.

സൈനികനും സഹോദരനും മർദ്ദന വിവരം മജിസ്ട്രേറ്റിനോട് പറഞ്ഞെന്ന് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. മജിസ്ട്രേറ്റിനെതിരെ ശക്തമായ നടപടി വേണമെന്നാണ് പൂർവ്വ സൈനിക സേവാ പരിഷത്തിന്റെ ആവശ്യം.സംഭവത്തിൽ വീഴ്‌ച്ച സമ്മതിക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് പരാതിക്കാരനായ വിഘ്‌നേഷ് പറയുന്നു. സത്യങ്ങൾ പുറത്ത് വന്നതോടെ കൂടുതൽ ന്യായികരിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് വിഘ്‌നേഷ് പ്രതികരിച്ചു. പുറത്തായ വോയിസിൽ തന്നെ പറയുന്നുണ്ട് കഴിവും ബലവും പ്രഗോഗിച്ച് കീഴ്‌പ്പെടുത്തിയെന്ന്. കൈവിലങ്ങിട്ടുകൊണ്ടാണ് അകത്തേക്ക് കൊണ്ടുപോകുന്നത്.

ധൈര്യമുണ്ടെങ്കിൽ സി സി ടി വി ദൃശ്യങ്ങൾ മൊത്തത്തിൽ പുറത്തുവിടണം.പ്രകാശ് എന്നുപറയുന്ന പൊലീസിന്റെ തലയിൽ മാത്രം ഇട്ടുകൊടുത്തിട്ട് രക്ഷപ്പെടാൻ ആണ് മറ്റ് പ്രതികൾ ശ്രമിക്കുന്നത്.എം.ഡി.എം.എ കേസിൽ അറസ്റ്റിലായവരെ കാണാനെത്തിയ സൈനികനും സഹോദരനും കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി എഎസ്ഐ.യെ മർദിച്ചുവെന്നും അതിനെ പ്രതിരോധിക്കുകയായിരുന്നുവെന്നുമായിരുന്നു പൊലീസിന്റെ ഏറ്റവും ഒടുവിലത്തെ വാദം.കേസുമായി ബന്ധപ്പെട്ട് നിരവധി കള്ളക്കഥകൾ പൊലീസ് തന്നെ മെനഞ്ഞിട്ടുണ്ട്. അനേകം തെളിവുകളും നിരത്തിയിട്ടുണ്ട്. എന്നാൽ അതിനെയെല്ലാം അസാധുവാക്കുന്നതായിരുന്നു പുറത്ത് വന്ന ദൃശ്യങ്ങൾ.

രണ്ട് മിനിട്ട് അമ്പത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പൊലീസിന്റെ ക്രൂരമർദനത്തിന് ശേഷമാണ് ഇവരെ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതെന്ന് വെളിവാകുന്നു. കഴിഞ്ഞ ഓഗസ്റ്റ് 26 ന് പുലർച്ചെ രണ്ടരയ്ക്കുള്ള ദൃശ്യങ്ങളാണിവ. തല്ലിച്ചതച്ചതിനു ശേഷം പൊലീസ് തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. ശേഷം, തങ്ങൾ മർദിച്ച വിവരം ഡോക്ടർമാരോട് പറയരുതെന്ന നിർദശേവും നൽകി.എന്നാൽ ആശുപത്രിയിലെ പരിശോധനാ സർട്ടിഫിക്കറ്റുകളിലെല്ലാം മർദനമേറ്റു എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പുറത്തെവിടെ നിന്നെങ്കിലും മർദനമേറ്റതായിരിക്കാമെന്നാണ് പൊലീസ് ആദ്യം പറഞ്ഞ കഥ. എന്നാൽ എഎസ്ഐ.യാണ് ആദ്യം ഇടിക്കുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം.ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും പൊലീസ് പല കഥകളാണ് പറയുന്നത്.ഈ സാഹചര്യത്തിലാണ് കുടുംബം പ്രതിരോധമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.അതേസമയം സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

പരാതിക്കാരനായ വിഘ്നേഷിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ഉൾപ്പെടെ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും.കിളികൊല്ലൂർ പൊലീസ് മർദനത്തിൽ സൈന്യം അന്വേഷണം തുടങ്ങിയതോടെ ക്രൈംബ്രാഞ്ചും നടപടികൾ വേഗത്തിലാക്കി. പരാതിക്കാരനായ വിഘ്നേഷിന്റെ ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്.