- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടൻ-ബിർമിങ്ഹാം ഹൈസ്പീഡ് റെയിൽവെക്കായി മോട്ടോർ വേയ്ക്ക് മുകളിൽ പണിത ബോക്സ് ബ്രിഡ്ജ് ലോകത്തിലെ ഏറ്റവും വലുതെന്ന ഖ്യാതിയോടെ തലയുയർത്തി; പാലത്തിൽ കയ്യൊപ്പ് ചാർത്തി യുകെ മലയാളി എഞ്ചിനീയർ ദീപക്ക് തോമസ്; നിശ്ചയിച്ചതിലും ഏഴു മണിക്കൂർ നേരത്തെ പണി പൂർത്തിയായി; പെരുവക്കാരനിത് അഭിമാന നിമിഷം
കവൻട്രി: കേരളത്തിലെ സ്പീഡ് റെയിൽ ചർച്ചകളുടെ ചൂളം വിളിയിൽ ഏകദേശം തട്ടിത്തകർന്നപ്പോൾ യുകെയിൽ ലണ്ടനിൽ നിന്നും ബിർമിൻഹാമിലേക്കു നീളുന്ന ഒന്നാം ഘട്ട സ്പീഡ് റെയിൽ പണി അതിവേഗം കുതിക്കുമ്പോൾ നിർണായക ഘട്ടത്തിൽ മലയാളിയായ ദീപക് തോമസിന് അഭിമാന നേട്ടം. ഹൈ സ്പീഡ് റെയിൽ നിർമ്മാണ ജോലികൾ തുരങ്കങ്ങളും പാലങ്ങളും ഒക്കെ നിർമ്മിച്ച് അതിവേഗം മുന്നേറുമ്പോൾ വാർവിക്കിൽ മോട്ടോർവേ 42നു കുറുകെ ബോക്സ് ബ്രിഡ്ജ് സ്ഥാപിച്ചാണ് ദീപക് യുകെ മലയാളികളുടെ തന്നെ അഭിമാനമാകുന്നത്. മോട്ടോർവെയ്ക്കു കുറുകെ എടുത്തുവച്ച നിലയിലാണ് ബോക്സ് ബ്രിഡ്ജ് സ്ഥാപിച്ചിരിക്കുന്നത്. മോട്ടോർ വേ പാലം പണിയുന്നതിന് ഭാഗമായി അധിക സമയം അടച്ചിടുന്നത് ഒഴിവാക്കാനായി റോഡിനരികെ പാലം ബോക്സ് രൂപത്തിൽ തയ്യാറാക്കി സ്ലൈഡ് ചെയ്ത് ഉറപ്പിക്കുക ആയിരുന്നു.
മോട്ടോർവേ അടച്ചിടുക എന്ന വെല്ലുവിളി
ഇത്തരത്തിൽ സ്ലൈഡ് ചെയ്തു കൂട്ടിയോജിപ്പിക്കുന്ന ലോകത്തെ ഏറ്റവും നീളമേറിയ പാലം എന്നതാണ് ഇപ്പോൾ ഇതിനെ മാധ്യമ ശ്രദ്ധയിൽ എത്തിച്ചിരിക്കുന്നത്. യുകെയിൽ മോട്ടോർവേയ്ക്കു മുകളിൽ ഇത്തരത്തിൽ ഒരു ബോക്സ് ബ്രിഡ്ജ് സ്ഥാപിക്കുന്നതും ആദ്യമായിട്ടാണെന്നു ഹൈ സ്പീഡ് റെയിൽ സിവിൽ ഡെലിവറി ഡയറക്ടർ മൈക് ലിയോൺസ് വ്യക്തമാക്കി. ഈ പാലം ഉറപ്പിക്കാൻ യുകെയിലെ ഏറ്റവും തിരക്കേറിയ മോട്ടോർവേ അനേകം ദിവസങ്ങൾ അടച്ചിടണം എന്നത് നാഷണൽ ഹൈവേ അധികൃതർക്കും തലവേദന ആയിരുന്നു. ഏകദേശം ഒന്നര വർഷത്തോളം ഇതേപ്പറ്റി നിരന്തരം ചർച്ചകൾ നടത്തിയാണ് ഒടുവിൽ ക്രിസ്മസ് സമയത്തെ ഏറ്റവും തിരക്ക് കുറവുള്ള ദിവസങ്ങൾ തുടർച്ചയായി കണ്ടെത്തി പത്തു ദിവസത്തേക്ക് മോട്ടോർ വേ അടച്ചിടാൻ തീരുമാനിച്ചതും.
ഇപ്പോഴത്തെ നിലയിൽ 44 ലക്ഷം കോടി രൂപ ചെലവ് വരുന്ന ഹൈ സ്പീഡ് നിർമ്മാണം രണ്ടു വർഷം മുൻപ് തുടങ്ങിയപ്പോൾ ലക്ഷ്യം ഇട്ടിരുന്ന 2029ൽ പൂർത്തിയാക്കാൻ കഴിഞ്ഞേക്കും എന്ന പ്രതീക്ഷയും ഇതോടെ സജീവമാക്കിയിട്ടുണ്ട്. എന്നാൽ നിർമ്മാണ കമ്പനി തന്നെ ഇത് 2033 വരേയായേക്കാം എന്നും മുൻകൂർ ജാമ്യം എടുക്കുന്നുണ്ട്. ഇതോടെയാണ് മുൻകൂട്ടി പറഞ്ഞതിലും ഏഴു മണിക്കൂർ നേരത്തെ സ്ലൈഡ് ബോക്സ് ബ്രിഡ്ജ് സ്ഥാപിക്കാനായ ദീപക്കിനും സംഘത്തിനും അഭിനന്ദന പ്രവാഹമാണ്. പലരും ഈ വെല്ലുവിളി ഏറ്റെടുക്കാൻ മടിച്ചു നിന്നപ്പോൾ സധൈര്യം പാലം സ്ഥാപിക്കാൻ സാധിക്കും എന്ന ഉറപ്പു നൽകിയാണ് ദീപക് ജോലി പൂർത്തിയാക്കിയിരിക്കുന്നത്.
ദുബൈയിൽ നേടിയ മികവ് ദീപക് ബ്രിട്ടനിലും ആവർത്തിച്ചു
ഹൈ സ്പീഡ് റെയിൽ നിർമ്മാണ ചുമതലയുള്ള ബാൽഫർ ബീറ്റി വിൻസിയിൽ സീനിയർ പ്രൊജക്റ്റ് കൺട്രോൾ പ്രൊഫഷണൽ ആയാണ് ദീപക് ജോലി ചെയ്യുന്നത്. ദുബായിൽ എത്തിഹാദ് റെയിൽവേ പ്ലാനിങ് മാനേജർ ആയി ജോലി ചെയ്യവേയാണ് ദീപക്കിന് ബ്രിട്ടനിലേക്ക് ക്ഷണം ലഭിക്കുന്നത്. കഴിഞ്ഞ ഒൻപതു വർഷമായി ദുബൈയിലെ വൻകിട പ്രോജക്ടുകളിൽ ജോലി ചെയ്ത അനുഭവ സമ്പത്താണ് ദീപക്കിനെ യുകെയിലെ അഭിമാന സംരംഭത്തിലും നിർണായക റോളിൽ എത്തിച്ചിരിക്കുന്നത്. ദുബൈയിൽ ജോലി ചെയ്യുമ്പോൾ നിർമ്മാണ രംഗത്തെ അതികായന്മാരായ ജെക്കോബ്‌സ്, അറ്റ്കിൻസ്, ഫൈത്ഫുൾ ഗൗൾഡ് എന്നിവയിൽ ഒകെ മുഖമുദ്ര ചാർത്തിയാണ് കോട്ടയം പെരുവയിൽ തറവാട് ഉള്ള ദീപകിനെ തൊഴിൽ രംഗത്തെ പ്രതിഭയാക്കി മാറ്റിയത്.
ഭർത്താവിനൊപ്പം ഭാര്യ ലിൻ രാജുവിനും ഹൈ സ്പീഡ് റെയിൽ നിർമ്മാണ കമ്പനിയിൽ ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചു എന്നത് ഇരട്ട ഭാഗ്യമായാണ് ഈ ദമ്പതികൾ കാണുന്നത്. ഇപ്പോൾ ബിർമിൻഹാമിന് അടുത്ത് ഷെൽഡനിലാണ് ദീപകും ഭാര്യയും താമസിക്കുന്നത്. പാലം പണിയുന്നതിനൊപ്പം റോഡിലെ ടാർമാർക്കും മറ്റും റീപേയ്ന്റ് ചെയ്യുന്നതിനും മറ്റുമുള്ള സമയം കൂടി കണക്കാക്കി ഇന്ന് പുലർച്ചെ അഞ്ചു മണിക്ക് റോഡ് തുറക്കാം എന്നതായിരുന്നു നാഷണൽ ഹൈവേ അധികൃതരുടെ പ്ലാൻ. എന്നാൽ ഇതുൾപ്പെടെയുള്ള മുഴുവൻ ജോലികളും പൂർത്തിയാക്കി പുതുവർഷ ദിനത്തിൽ വൈകുന്നേരം അഞ്ചു മണിക്ക് തന്നെ റോഡ് തുറക്കാനായി.
അതിവേഗത, കണിശത, കൃത്യത.. ഹൈ സ്പീഡ് റെയിൽ പോലെ തന്നെ ജോലികളും
ഇതോടെ ആകെ 36 മണിക്കൂർ നിശ്ചയിച്ചതിലും വേഗത്തിലാണ് ദീപക്കും സംഘവും ജോലികൾ പൂർത്തിയാക്കിയത്. ഏറ്റവും നവീന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചതിലൂടെ പാലം നിർമ്മാണം വഴി റോഡ് ഉപയോഗിക്കുന്നവരുടെ ക്ലേശം ഏറ്റവും കുറയ്ക്കാനായി എന്നതും ഹൈ സ്പീഡ് അധികൃതർക്ക് നേട്ടമായി മാറുകയാണ്. ഈ പാലം നിശ്ചിത സമയത്തിൽ ഉറപ്പിക്കാനായി 450 ജീവനക്കാരാണ് ക്രിസ്മസ് അവധി പോലും ഉപേക്ഷിച്ചു ജോലി ചെയ്തത്. ക്രിസ്മസ് കാലത്തു റോഡ് ഉപയോഗം ഏറ്റവും കുറവാണെന്ന കാരണത്താലാണ് ഈ ദിവസങ്ങളിൽ തന്നെ പാലം ഉറപ്പിക്കലും നിശ്ചയിച്ചത്. പാലത്തെ അതിവേഗം ഉറപ്പിച്ച ഹൈ സ്പീഡ് റെയിൽ ജീവനക്കാരെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നതായി ബ്രിട്ടീഷ് റയിൽവേ മന്ത്രി ഹ്യു മെറിമാൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
86 മീറ്റർ നീളത്തിൽ 12,600 ടൺ ഭാരമുള്ള ബോക്സ് ബ്രിഡ്ജ് ആറുമാസത്തിനുള്ളിൽ സ്ഥാപിക്കണം എന്നതായിരുന്നു ദീപക്കിനെ തേടിയെത്തിയ വെല്ലുവിളി. എന്നാൽ പറഞ്ഞതിലും ഒന്നര ദിവസം മുൻപേ പാലം ഉറപ്പിച്ചു എന്നതാണ് ഹൈ സ്പീഡ് റെയിൽ പ്രൊജക്ടിൽ ദീപക്കിന് തിളക്കമേറാൻ കാരണമായിരിക്കുന്നത്. വർഷത്തിൽ റോഡ് ഉപയോക്താക്കളുടെ തിരക്ക് ഏറ്റവും കുറവുള്ള സമയമായ ഡിസംബർ 23 മുതൽ ജനുവരി മൂന്നു വരെ മോട്ടോർവേ അടച്ചിട്ടു പാലം ഉറപ്പിക്കാൻ സഹായിക്കാം എന്നതാണ് നാഷണൽ ഹൈവെ അധികൃതർ ദീപകിനെയും സംഘത്തെയും അറിയിച്ചിരുന്നത്. ഇതിൽ നിന്നും ഒരു ദിവസം പോയിട്ട് ഒരു മണിക്കൂർ പോലും വൈകുന്നത് ചിന്തിക്കാൻ കഴിയുന്ന കാര്യം ആയിരുന്നില്ല. എന്നാൽ സംഘർഷ ഭരിതമായ വെല്ലുവിളിക്ക് മുന്നിൽ പതറി നിൽക്കാതെ സധൈര്യം ആ ജോലി ഏറ്റെടുക്കാൻ ദീപക്കിന് രണ്ടു വട്ടം ചിന്തിക്കാൻ ഉണ്ടായിരുന്നുമില്ല.
ഊണും ഉറക്കവും ഇല്ലാതെ നിരീക്ഷണം, ഒടുവിൽ വിജയക്കൊടി പാറി
മോട്ടോർവേയ്ക്കു സമീപമായി കൂട്ടിയിണക്കിയ പാലത്തെ വലിച്ചു കെട്ടി റോഡിന്റെ ഇരുവശത്തുമായി തലയുയർത്തിയ തൂണിലേക്കു ഘടിപ്പിക്കുക എന്നത് ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു. ഇത്തരത്തിൽ സ്ലൈഡ് ചെയ്തു തൂണുകളിൽ കയറിയ ലോകത്തെ ഏറ്റവും നീളം ഏറിയ പാലം എന്നതാണ് ഈ ബോക്സ് ബ്രിഡ്ജിനെയും അതുവഴി ദീപകിനെയും നിർമ്മാണ ലോകത്തെ താരങ്ങളാക്കി മാറ്റുന്നത്. പാലം മോട്ടോർവെയ്ക്കു കുറുകെ കയറുന്നതിന്റെ പല മിനിയേച്ചർ രൂപങ്ങൾ കമ്പ്യുട്ടറിൽ അനേക തവണ ട്രയൽ നടത്തിയാണ് പാളിച്ചകൾ ഇല്ലാതെ പത്തു ദിവസം എന്ന ചുരുക്കിപിടിച്ച സമയത്തിൽ ചെയ്യാനാകും എന്ന് ദീപക്കും സംഘവും ഉറപ്പിച്ചത്.
വെറും നാല് മൈൽ വേഗതയിലാണ് പാലം തെന്നിക്കയറിക്കൊണ്ടിരുന്നത് എന്ന് പറയുമ്പോൾ തന്നെ വ്യക്തമാകും എത്ര സൂക്ഷ്മതയിലാണ് അത് കൈകാര്യം ചെയ്തതെന്ന്. ഒരു നിമിഷാർദ്ധ നേരത്തെ അശ്രദ്ധ പോലും വലിയ തെറ്റായും കുറ്റപ്പെടുത്തലുകളായും ഇന്ന് പുകഴ്‌ത്തുന്നവരും മാധ്യമങ്ങളും ഒക്കെ ആഘോഷമാക്കും എന്നറിഞ്ഞു തന്നെയാണ് ദീപകും ടീമും പാലത്തെ ഓരോ ഘട്ടത്തിലും സമീപിച്ചിരുന്നതും. ക്രിസ്മസ് ആഘോഷം ഒക്കെ മാറ്റിവച്ചു ഡിസംബർ 23 മുതൽ പകൽ മുഴുവൻ ഈ പാലത്തിനൊപ്പമായിരുന്നു ദീപകിന്റെ ദിനങ്ങൾ. പാലത്തെ തെന്നിനീക്കുന്ന പണികളിൽ ഇമയനക്കാതെ നോക്കി നിന്നു എന്ന് തന്നെ പറയാനാകുന്ന വിധമായിരുന്നു ദീപകും കൂട്ടരും ജോലി ചെയ്തിരുന്നത്.
കേരളത്തിൽ ബിസിനസുകാരനായ തോമസ് ചെറിയന്റെയും കെ എസ് ഇ ബി സൂപ്രണ്ടന്റ് ആയിരുന്ന ലളിത നൈനാന്റെയും മകനാണ് ദീപക് തോമസ്
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.