ലക്‌നൗ: വേർതിരിവുകളില്ലാത്ത മനുഷ്യരെ കാണുക എന്നത് സവിശേഷമായ സിദ്ധി തന്നെയാണ് ഇക്കാലത്ത്. വിശേഷിച്ചും, കളക്ടർ പദവി പോലെ ജനസമ്പർക്കം ഏറെ വേണ്ട ജോലികളിൽ. തൃശൂർ കളക്ടറായിരിക്കെ കടൽ ക്ഷോഭ ബാധിത പ്രദേശങ്ങളിൽ പോയ അനുപമ ഐഎഎസ് തീരദേശത്തെ എല്ലാം നഷ്ടപ്പെട്ടവരെ സാന്ത്വനിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. തന്റെ മുന്നിൽ നിന്ന് വിതുമ്പുന്ന മനുഷ്യരോട് 'കരയരുത് ട്ടാ ; നമുക്കെന്തെങ്കിലും വഴിയുണ്ടാക്കാം'' എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് കളക്ടർ. ഇപ്പോഴിതാ മറ്റൊരു മലയാളി ഐഎഎസ് ഉദ്യോഗസ്ഥ കൂടി മനുഷ്യപറ്റുള്ള ഒരുദൃശ്യത്തിന്റെ ഭാഗമാകുന്നു,

യുപിയിലെ ലഖിംപൂർ ഖേരിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിന് പിന്നാലെ നടന്ന ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ലക്നൗ ഡിവിഷൻ കമ്മീഷണറും തിരുവനന്തപുരം സ്വദേശിയുമായ ഡോ.റോഷൻ ജേക്കബിന്റെ കരുണ നിറഞ്ഞ മനസിനയൊണ് വീഡിയോ കാണുന്നവർ നമിച്ചുപോകുന്നത്.

അപകടത്തിൽ പരിക്കേറ്റവരുടെ കുടുംബാംഗങ്ങളുമായി ഇടപെടുന്നതിനിടെ റോഷൻ കരയുന്നതും കണ്ണീർ തുടയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിക്കുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ 12 പേരെ ലക്നൗവിലെ ട്രോമാ സെന്ററിലേയ്ക്കും ബാക്കിയുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദോർഹരയിൽ നിന്ന് ലക്നൗവിലേയ്ക്ക് പോവുകയായിരുന്ന ബസ് എതിർദിശയിൽ നിന്നുവന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ആശുപത്രിയിലെ കട്ടിലിൽ പരിക്കേറ്റ കുട്ടി കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സമീപത്തായി കുട്ടിയുടെ അമ്മ കരഞ്ഞുകൊണ്ട് നിൽക്കുന്നു.. കട്ടിലിന് അരികെ നിന്ന് റോഷൻ ഉദ്യോഗസ്ഥരോട് വിവരങ്ങൾ തിരക്കുന്നുണ്ട്. ഇതിനിടെ റോഷൻ കുട്ടിയുടെ തലയിൽ തഴുകി സംസാരിക്കുകയും ചെയ്യുന്നു. ഇതുകണ്ട് കുട്ടിയുടെ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് റോഷനോട് തൊഴുകൈയോടെ സംസാരിക്കുന്നു. പിന്നാലെ റോഷൻ കരയുകയും കണ്ണുതുടയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലാവുന്നത്.

ഒരാവശ്യത്തിന് കാണാൻ ചെന്നാൽ മുഖത്തുപോലും നോക്കാത്തവരില്ലേ? മര്യാദയോടെ പെരുമാറാത്തവരില്ലേ? ഹുങ്കോടെ ശകാരിക്കുന്നവരില്ലേ? അത്തരക്കാർക്കിടയിൽ, കാരുണ്യത്തിന്റെ ഉറവ വറ്റാത്തവർ ഉണ്ടെന്ന് അറിയുമ്പോഴുള്ള സന്തോഷവും, ആശ്വാസവും, സ്‌നേഹവും...അതാണ് ഈ വീഡിയോയ്ക്ക് കിട്ടുന്ന ലൈക്കുകളും, കമന്റുകളും.

കോവിഡ് കേസുകൾ കുറച്ചും മാജിക്

ഭരണമികവിലും ഒന്നാം റാങ്ക് കോടുക്കണം ഡോ.റോഷന്. കോവിഡ് കാലത്തും ഡോ.റോഷൻ ജേക്കബ് ഐഎഎസ് മാധ്യമത്താളുകളിൽ ഇടം പിടിച്ചിരുന്നു. യുപി തലസ്ഥാനത്ത് കോവിഡ് കേസുകൾ കുത്തനെ താഴ്‌ത്തിയ മാജിക്കാണ് കഴിഞ്ഞ രണ്ടാം തരംഗ കാലത്ത് സംഭവിച്ചത്. 2021, ഏപ്രിലിൽ 6000 കേസുകൾ എന്ന നിലയിൽ നിന്ന് ജൂൺ 4 ആയപ്പോഴേക്കും 40 കേസുകൾ എന്നായി മാറി. ഒരുസിവിൽ സർവീസ് ഉദ്യോഗസ്ഥയുടെ കർമശേഷിയുടെ മികവുറ്റ ഫലം. വെറും ആഴ്ചകൾ കൊണ്ടുള്ള മുന്നേറ്റത്തിന് പിന്നിലെ കഥ റോഷൻ ജേക്കബ് തന്നെ പറയും.

43 കാരിയായ യുപി കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായ റോഷൻ ജേക്കബ് 2004 ബാച്ചുകാരിയാണ്. ജില്ല മജിസ്ട്രേറ്റേിന് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് ഡോ.റോഷൻ ജേക്കബിനെ പ്രത്യേക ദൗത്യവുമായി ലക്നൗവിലേക്ക് അയച്ചത്. ഏപ്രിൽ 17 മുതൽ ജൂൺ 2 വരെയുള്ള കാലയളവിൽ എന്ത് അദ്ഭുതമാണ് സംഭവിച്ചത്? മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവർ ഡോക്ടറെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി.

തിരുവനന്തപുരം സ്വദേശിയായ ഡോ.റോഷൻ ജേക്കബ് 17 വർഷമായി യുപിയിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥയാണ്. ഇതിനകം കരിയറിൽ മികച്ച നേട്ടങ്ങളുടെ ഒരുവലിയ പട്ടിക തന്നെയുണ്ട്. 2013 ൽ ഗോണ്ട എന്ന പിന്നോക്ക ജില്ലയിലെ എൽപിജി വിതരണം കാര്യക്ഷമമാക്കിയത് മുതൽ കാൻപൂർ നഗർ പോലെയുള്ള നഗരജില്ലകളിലെ ശുചിത്വ പ്രശ്നങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിച്ച് പരിഹരിച്ചത് വരെ എണ്ണിപ്പറയാവുന്ന നേട്ടങ്ങൾ ഏറെ.

നാലുവർഷം മുമ്പ് സാധാരണ സിവിൽ സർവീസ് ഉദ്യോഗസ്ഥർ പോകാൻ മടിക്കുന്ന യുപിയിലെ ഖനി വകുപ്പിന്റെ ആദ്യ വനിതാ ഡയറക്റായി. 2020 മെയിൽ ഡോ.റോഷൻ ജേക്കബിന്റെ മേൽനോട്ടത്തിൽ ലോക്ഡൗണിൽ ഖനനജോലികൾ  തുടങ്ങിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി യുപി. ഐഎഎസ് അസോസിയേഷന്റെ ഒരുട്വീറ്റ് ശ്രദ്ധിക്കൂ...' അവർ ആളുകളുമായി കൂടിക്കാഴ്ച നടത്തുന്നതിലും ആശയവിനിമയം നടത്തുന്നതിലും വിശ്വസിക്കുന്നു. അവർ വീടുകളും ആശുപത്രികളും സന്ദർശിക്കുന്നതിനെ ആദ്യം ഞങ്ങൾ അംഗീകരിച്ചിരുന്നില്ല. എന്നാൽ, അത് അവരുടെ കരുത്തായി മാറി. അത് ഫലം ചെയ്തു.

മഹാമാരിയിൽ ഹീറോകളില്ല

'മണി കൺട്രോളിന്' നൽകിയ അഭിമുഖത്തിൽ ഡോ.റോഷൻ ജേക്കബ് താൻ പ്രയോഗിച്ച് തന്ത്രങ്ങൾ വിശദീകരിക്കുന്നു.ഒരുമഹാമാരിയിൽ ദുരിതനഷ്ടങ്ങൾ അനുഭവിക്കുന്ന മനുഷ്യരല്ലാതെ ഹീറോകളില്ല.

ജനങ്ങൾ നൽകിയ പിന്തുണയും സഹകരണവുമാണ് ഈ മാറ്റത്തിന് പിന്നിലുള്ളതെന്ന് ഡോ.റോഷൻ ജേക്കബ് പറയുന്നു. ഒരു നല്ല ടീമിനെ കൂടെ കിട്ടി. കോവിഡ് വന്നാൽ പിന്നെ രക്ഷയില്ല എന്ന മനോഭാവം ആദ്യം മാറ്റിയെടുത്തു. ജനങ്ങൾക്ക് രോഗത്തോടുള്ള ഭയം മാറ്റി, കൃത്യമായ ചികിത്സയുണ്ട് എന്ന് ബോധ്യപ്പെടുത്തി. ഓരോ വീടുകളിലും പോയി ജനങ്ങളോട് സംസാരിച്ചു. അവരുടെ ആവശ്യങ്ങൾ കൃത്യമായി ചോദിച്ച് അവരിലേക്ക് എത്തിച്ചു.

ഡോക്ടർ ലക്നൗവിൽ എത്തിയ സമയത്ത് ഓരോ രോഗിക്കും ആശുപത്രിയിൽ പോകണമെന്നായിരുന്നു നിർബന്ധം. അതിൽ 85 പേരെയും വീട്ടിൽ ചികിത്സിച്ചാൽ മതിയായിരുന്നു. 10-15 ശതമാനം വരുന്ന ആളുകൾക്ക് ബെഡ്ഡുകൾ ഒരുക്കുക എന്നതായി വെല്ലുവിളി. വൈറസ് ഉച്ഛസ്ഥായിയിൽ ആയിരുന്നപ്പോൾ രോഗബാധിതർക്കെല്ലാം മെഡിസിൻ കിറ്റുകൾ നൽകി.

അതുപോലെ കോവിഡ് ചികിത്സ വളരെ വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന തോന്നൽ ജനങ്ങളിൽ നിന്നും അകറ്റി. ഹോം ഐസൊലേഷൻ, മരുന്ന് കിറ്റുകൾ, റാപിഡ് റെസ്പോൺസ് ടീമുകളുടെ പ്രവർത്തനം എന്നിവ വളരെ ശക്തവും കാര്യക്ഷമവുമാക്കി. അത് മാത്രമല്ല, നേരിട്ട് പല വീടുകളിലും പോയി ജനങ്ങളോട് സംസാരിച്ചു. കൂട്ടായ പ്രവർത്തനമാണ് ലക്നൗവിലെ കോവിഡ് സാഹചര്യത്തിന് മാറ്റമുണ്ടാക്കിയത്-ഡോ.റോഷൻ ജേക്കബ് പറഞ്ഞിരുന്നു.

യുപിയിലെ ജോലി വെല്ലുവിളികൾ നിറഞ്ഞത്

വെല്ലുവിളി നിറഞ്ഞതെങ്കിലും ജോലി ആസ്വദിക്കുന്നു ഡോ.റോഷൻ ജേക്കബ്. വളരാനും കാര്യങ്ങൾ ചെയ്യാനും അവസരമുണ്ട്. വനിതാ ഉദ്യോഗസ്ഥരെ യുപിക്കാർ സ്വാഗതം ചെയ്യുന്നു. ജോലിയിൽ ചേർന്ന നാളുകളിൽ ഹിന്ദിയിൽ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ജില്ല മജിസ്ട്രേറ്റ് പദവിയിലിരിക്കെയാണ് ഏറ്റവും അധികം വെല്ലുവിളികൾ നേരിട്ടത്.

കുടുംബം, വിദ്യാഭ്യാസം, ജോലി

അമ്മ ഏലിയാമ്മ വർഗ്ഗീസും അച്ഛൻ ടി.കെ.ജേക്കബും സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. ദമ്പതികളുടെ ഏകമകളാണ്. തിരുവനന്തപുരത്തെ സർവോദയ സ്‌കൂളിലായിരുന്നു സ്‌കൂൾ പഠനം. സർക്കാർ വനിതാ കോളേജിൽ ബിരുദത്തിനും, കേരള സർവകലാശാല ഇംഗ്ലീഷ് വകുപ്പിൽ ബിരുദാനന്തര ബിരുദവും. ജെആർഎഫ് നേടിയ ശേഷം സർവീസിലിരിക്കെ പിഎച്ചഡി പൂർത്തിയാക്കി. ഝാൻസിയിൽ പ്രൊബേഷണറി ഓഫീസറായിട്ടായിരുന്നു ആദ്യ പോസ്റ്റിങ്. ബസ്തി, ഗോണ്ട, കാൺപൂർ, റായ്ബറേലി, ബുലന്ദ്ഷഹർ എന്നിവിടങ്ങളിലായി ജില്ലാ മജിസ്ട്രേറ്റായി.

ഐഎഫ്എസ് ഉദ്യോഗസ്ഥനും ബാച്ച്മേറ്റുമായ ഡോ.അറിന്ദം ഭട്ടാചാര്യയാണ് ജീവിത പങ്കാളി. അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിലാണ്. ലക്നൗവിൽ കോവിഡ് നിയന്ത്രണത്തിനായി ഡോ.റോഷൻ ജേക്കബ് പ്രയത്നിക്കുമ്പോൾ ഒരുമാസത്തോളം മെഡിക്കൽ ഡോക്ടറായ അറിന്ദവും ഒപ്പമുണ്ടായിരുന്നു. ഒരുമകളും മകനുമുണ്ട് ദമ്പതികൾക്ക്.

ഒഴിവുസമയത്ത് കവിതയെഴുത്താണ് ഡോ.റോഷി ജേക്കബിന്റെ ഇഷ്ടം. ഇംഗ്ലീഷ് കവിതകളുടെ കന്നിസമാഹാരം എ ഹാൻഡ്ഫുൾ ഓഫ് സ്റ്റാർഡസ്റ്റ് ശശി തരൂരാണ് പ്രകാശനം ചെയ്തത്. ഇപ്പോൾ ഹിന്ദി നന്നായി സംസാരിക്കാനും, വായിക്കാനും, എഴുതാനും ഡോ.റോഷി ജേക്കബ് പ്രാവീണ്യം നേടിയിരിക്കുന്നു