ബീജിങ്: മാതൃസ്നേഹത്തിന് അതിരുകളില്ലെന്ന് തെളിയിക്കുകയാണ് ചൈനയിലെ ചോങ്‌കിംഗിൽ നിന്നുള്ള ഷാങ് സിങ്‌ഹുയി (70) എന്ന അമ്മ. രാജ്യസേവനത്തിനിടെ വീരമൃത്യു വരിച്ച തന്റെ മകന്റെ ഓർമ്മയ്ക്കായി കഴിഞ്ഞ 20 വർഷമായി സൈനികർക്ക് ഷൂ പാഡുകൾ തുന്നി നൽകുകയാണ് ഈ എഴുപതുകാരി. ചൈനീസ് സൈനികർക്കിടയിൽ ഇന്ന് ഇവർ അറിയപ്പെടുന്നത് 'ഷൂ പാഡ് മമ്മ' എന്ന സ്നേഹപ്പേരിലാണ്.

2005-ലാണ് ഷാങിന്റെ മകൻ ഗു നു (19) ടിബറ്റിലെ മലനിരകളിൽ പട്രോളിംഗിനിടെ മരിക്കുന്നത്. ഉരുൾപൊട്ടലിൽ നിന്ന് സഹപ്രവർത്തകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു മരണം. മകനെ കാണാൻ പോകാനായി 20 ജോഡി ഷൂ പാഡുകൾ തുന്നി കാത്തിരിക്കുമ്പോഴാണ് ആ മരണവാർത്ത ഷാങിനെ തേടിയെത്തിയത്. ടിബറ്റിലെ മകന്റെ കല്ലറ സന്ദർശിക്കാനെത്തിയ ഷാങിനെ അവനെപ്പോലെ പ്രായമുള്ള സൈനികർ 'അമ്മേ' എന്ന് വിളിച്ചതോടെയാണ് ആ അമ്മയുടെ ജീവിതം മാറിമറിഞ്ഞത്.

കഠിനമായ തണുപ്പിലും ദുർഘടമായ പാതകളിലൂടെയും സഞ്ചരിക്കുന്ന സൈനികരുടെ കഷ്ടപ്പാടുകൾ കണ്ട ഷാങ്, അവർക്കായി എന്തെങ്കിലും ചെയ്യണമെന്ന് ഉറപ്പിച്ചു. മകനായി കരുതിവെച്ച ഷൂ പാഡുകൾ അവർക്ക് നൽകിക്കൊണ്ട് ആ സൈനികരുടെ അമ്മയായി ജീവിക്കാൻ അവർ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഏഴ് തവണയാണ് ഷാങ് ടിബറ്റിലെ സൈനിക ക്യാമ്പുകൾ സന്ദർശിച്ചത്.

ഓരോ തവണയും തന്റെ നാട്ടിലെ വിഭവങ്ങളും പുതുതായി തുന്നിയ ഷൂ പാഡുകളും അവർ മക്കൾക്കായി കരുതി. ഇതുവരെ ആയിരത്തിലധികം ജോഡി ഷൂ പാഡുകളാണ് സൈനികർക്ക് വിതരണം ചെയ്തത്. "ഓരോ തുന്നലിലും എന്റെ മകനോടുള്ള സ്നേഹമുണ്ട്" എന്ന് ഷാങ് പറയുന്നു. പ്രായത്തിന്റെ അവശതകൾ അലട്ടുന്നുണ്ടെങ്കിലും തുന്നൽ നിർത്താൻ ഷാങ് തയ്യാറല്ല.

"സൂചി കയ്യിലെടുക്കാൻ കഴിയുന്നിടത്തോളം കാലം ഞാൻ ഇത് തുടരും. എനിക്ക് ഒരു മകനെ നഷ്ടപ്പെട്ടു, പക്ഷേ പകരമായി എനിക്ക് ഒരുപാട് മക്കളെ തിരികെ ലഭിച്ചു"- ഷാങ് പറയുന്നു. ഗു നുവിന്റെ പഴയ സഹപ്രവർത്തകർ ഇന്നും ഈ അമ്മയെ വിളിക്കുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യാറുണ്ട്. യൂണിറ്റിലെ ഓരോ സൈനികനും ഷാങ് ഇന്ന് സ്വന്തം അമ്മയാണ്. സ്നേഹത്തിന്റെ നൂലിഴകളാൽ തുന്നിച്ചേർത്ത ഈ അമ്മമനസ്സ് ലോകത്തിന് തന്നെ മാതൃകയാവുകയാണ്.