കണ്ണൂർ: നീതി തേടി ഇനി മുട്ടാത്ത വാതിലുകളില്ല ഏറ്റവും ഒടുവിൽ തളിപറമ്പിൽ മുഖ്യമന്ത്രി നടത്തിയ നവകേരള സദസിലും രാമകൃഷ്ണനെന്ന എഴുപത്തിയഞ്ചു വയസുകാരൻ പരാതിയുമായെത്തി. ഇക്കുറിയെങ്കിലും 21 വർഷം നീളുന്ന തന്റെ അലച്ചിലിന് പരിഹാരമാവുമെന്നാണ് വിശ്വാസം.

മോഷ്ടാവ് കവർന്ന തന്റെ ആകെയുണ്ടായിരുന്ന സ്വർണ സമ്പാദ്യം എന്നെങ്കിലും തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് രാമകൃഷ്ണൻ ഇദ്ദേഹം വീണ്ടും തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തിയത് ഈ കാര്യത്തിന് വേണ്ടി മാത്രമാണ്. രണ്ടു പതിറ്റാണ്ടു മുമ്പ് ജീവിത സമ്പാദ്യം നഷ്ടപ്പെട്ടപ്പോഴുള്ള അതേ നൊമ്പരവും ഹൃദയവ്യഥയും തെല്ലും കുറയാതെ രാമകൃഷ്ണൻ (75)പൊലീസുകാരോട് സംസാരിച്ചു.

2002 സെപ്റ്റംബർ ഒന്നിന് രാത്രിയാണ് തളിപ്പറമ്പ് കൂവോട്ടെ രാമൃഷ്ണന്റെ വീട് കുത്തിത്തുറന്ന് 45 പവൻ കവർന്നത്. ഈ കേസിൽ തുമ്പുണ്ടായോ എന്നറിയാൻ 592/2002 ക്രൈം നമ്പറായി തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത തീയതിയായ സെപ്റ്റംബർ 2-ന് മുറതെറ്റാതെ ഓരോ വർഷവും അദ്ദേഹം പൊലീസിനു മുന്നിലെത്തിയിരുന്നു.

ഇക്കഴിഞ്ഞ സപ്തംബർ 2-നും അദ്ദേഹമെത്തി പരാതി ആവർത്തിച്ചു. എന്നാൽ പതിവ് തെറ്റിച്ച് ഇന്നലെ വീണ്ടും പൊലീസ് സ്റ്റേഷനിലെത്തിയതിന് കാരണമുണ്ട്. പൊലീസ് വിളിപ്പിക്കുകയായിരുന്നു. ഈ കേസിന്റെ നാൾവഴികളിൽ മുൻപും അങ്ങനെ അപൂർവ്വമായി സംഭവിച്ചിട്ടുണ്ട്.

2013 ഡിസംബറിൽ 17-ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് പരാതി നൽകിയതിന് പിന്നാലെയായിരുന്നു ആദ്യ സംഭവം. പത്തുവർഷത്തിനു ശേഷം 2023 നവംബർ 20-ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ്സിൽ പരാതി നൽകിയപ്പോൾ അതേ നടപടി ക്രമം ആവർത്തിച്ചു. നവകേരള സദസ്സിലെ പരാതിയിൽ അന്വേഷണം നടത്താനുള്ള നിർദ്ദേശം കഴിഞ്ഞ ദിവസമാണ് തളിപ്പറമ്പ് പൊലീസിന് ലഭിച്ചത്. രാമകൃഷ്ണനെ വിളിച്ചു വരുത്തി വീണ്ടും മൊഴിയെടുത്തു.

സാമ്പത്തിക നഷ്ടം മാത്രമല്ല, അന്ന് നഷ്ടപ്പെട്ട ആഭരണങ്ങളിൽ പലതും വൈകാരികമായി പ്രിയപ്പെട്ടതാണെന്നതാണ് രാമകൃഷ്ണൻ കേസിന് പിന്നാലെ അലയാനുള്ള കാരണം. ഇന്ത്യൻ നേവിയിലും ഗൾഫിലും ജോലി ചെയ്ത് സമ്പാദിച്ചതിന് പുറമേ മൂത്ത മകൻ ജനിച്ചപ്പോൾ രാമകൃഷ്ണന്റെ പിതാവ് സമ്മാനമായി നൽകിയ സർണവും ഭാര്യ പുഷ്പ വിവാഹത്തിന് അണിഞ്ഞ സ്വർണവും നഷ്ടപ്പെട്ടതിന്റെ കൂട്ടത്തിലുണ്ട്. താൻ അച്ചടക്കമുള്ള പട്ടാളക്കാരനാണ്.സത്യസന്ധനായി ജീവിക്കാനാണ് എന്നും ആഗ്രഹിച്ചത്. ദുബൈയിൽ നിന്ന് ഡ്യൂട്ടി അടച്ച് കൊണ്ടുവന്ന സ്വർണം അതിന്റ റസീറ്റ് അടക്കമാണ് കവർന്നതെന്നും- രാമകൃഷ്ണൻ പറഞ്ഞു.

ഓരോ വർഷവും പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങുന്നത് പ്രതീക്ഷയോടെയാണെന്നാണ് രാമകൃഷ്ണൻ പറയുന്നത്. നഷ്ടപ്പെട്ട സ്വർണം തിരിച്ചുകിട്ടില്ലെന്ന ബോധ്യമുണ്ട് പക്ഷേ ആ കേസ് ഓരോ വർഷവും പൊലീസിനെ ഓർമ്മിപ്പിക്കുമ്പോൾ തനിക്ക് ആശ്വാസം തോന്നുന്നുവെന്നും കൃഷ്ണൻ പറഞ്ഞു. ഇത്രയും വർഷങ്ങൾക്കു ശേഷം പൊലീസിനെ സമീപിക്കുമ്പോൾ പരാതി അവരെ സംബന്ധിച്ച് തീരെ നിസ്സാരമാണ്. പക്ഷേ, അതു തന്റെ ജീവിതമാണെന്ന് പൊലീസുകാരെ ബോധ്യപ്പെടുത്താൻ രാമകൃഷ്ണൻ പരമാവധി ശ്രമിക്കുന്നുണ്ട്. പൊലീസ് സ്റ്റേഷനിലെത്തുമ്പോൾ അവർക്ക് ചെറിയ പരിഹാസമുണ്ടാകും.

പക്ഷേ അപ്പോഴും അവർ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്യാറുണ്ടെന്ന് രാമകൃഷ്ണൻ പറഞ്ഞു. എല്ലാ വർഷവും സപ്തംബർ 1-ന് രാത്രി ഉറങ്ങാൻ കഴിയാറില്ല. അതാണ് സ്റ്റേഷൻ സന്ദർശനത്തിന് പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടിയതെല്ലാം നഷ്ടപ്പെട്ടപ്പോൾ രാമകൃഷ്ണൻ ഏറെ തകർന്നിരുന്നു. ബന്ധുവിന്റെ കല്യാണത്തിന് ഭാര്യ പുഷപ ബംഗളുരുവിലേക്ക് പോയപ്പോഴായിരുന്നു കവർച്ച.

മക്കളായ റീനയും രൂപേഷും അന്ന് പട്ടുവത്ത് അമ്മയുടെ തറവാട് വീട്ടിലായിരുന്നു. രാമകൃഷ്ണൻ നേവിയിൽ നിന്ന് വിരമിച്ച ശേഷം മസ്‌കറ്റിൽ ഗ്യാസ് ടർബൈൻ ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു. ബംഗളുരുവിൽ നിന്ന് ഭാര്യ തിരികെ വന്നപ്പോഴാണ് കവർച്ചയിൽ സ്വർണം നഷ്ടപ്പെട്ടതായും കണ്ടെത്തിയത്. വിവരമറിഞ്ഞ് രാമകൃഷ്ണനും നാട്ടിലേക്ക് തിരിച്ചു. പരാതിയിൽ പൊലീസ് ഉടൻ അന്വേഷണം ആരംഭിച്ചു.

എന്നാൽ ഒന്നും സംഭവിച്ചില്ല, അന്വേഷണം നിലച്ചു.ആദ്യഘട്ടത്തിൽ വലിയ പ്രതീക്ഷയുണ്ടായെങ്കിലും പിന്നീട് എല്ലാവരും ആറി തണുത്തു. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിപോലും ലഭിക്കാതായി. അന്വേഷണ ഉദ്യോഗസ്ഥർ മാറിമാറിവന്നു. കേസിൽ ജില്ലാ പൊലീസ് മേധാവികൾ അടക്കം പിന്തുണ അറിയിച്ചിരുന്നുവെങ്കിലും നിർഭാഗ്യവശാൽ ഇപ്പോൾ ഞാൻ നീതിക്കായി കാത്തിരിക്കുകയാണെന്നും രാമകൃഷ്ണൻ പറഞ്ഞു. ഓരോ തവണയും സ്റ്റേഷനിലെത്തി വേണ്ടത് ചെയ്തുതരാൻ അപേക്ഷിക്കുന്നുവെന്നും പറഞ്ഞ് രാമകൃഷ്ണൻ ഇപ്പോഴും വെറും കയ്യോടെ മടങ്ങുകയാണ്.

2002 ലെ എഫ്.ഐ. ആറിൽ 2. 5 ലക്ഷം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴത്തെ കണക്കിൽ 21 ലക്ഷമാകും. സ്വർണത്തിന് വില കൂടുന്നതൊക്കെ അറിയാറുണ്ട്. പക്ഷേ താനും ഭാര്യയും സ്വർണത്തിന്റെ വില നോക്കാറില്ലെന്നും-രാമകൃഷ്ണൻ പറയുന്നു. എപ്പോഴെങ്കിലും തന്റെ നഷ്ടപ്പെട്ട സ്വർണം തിരിച്ചു കിട്ടുമെന്നും അങ്ങനെ വിശ്വസിച്ചു ജീവിക്കാനാണ് താൽപര്യമെന്നും ഈ വിമുക്തഭടൻ പറയുന്നു.