കോട്ടയം: നാടെങ്ങും വേനൽ കടുക്കുകയാണ്.അപ്പോൾ ജലത്തിന്റെ ഒരു നേരിയ സാന്നിദ്ധ്യമെങ്കിലും മനുഷ്യനുൾപ്പടെയുള്ള ജീവജാലങ്ങൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. വേനലിന്റെ കാഠിന്യം വർധിക്കുമ്പോൾ പ്രകൃത്യായുള്ള ജലസ്രോതസ്സുകൾ വറ്റുന്നതും പതിവ് കാഴ്‌ച്ചയാണ്.എന്നാൽ ഇത്തരം കാഴ്‌ച്ചകൾക്കിടയിൽ പ്രകൃതിയുടെ തന്നെ അത്ഭുതമായി മാറുന്ന ചില സ്രോതസ്സുകളും ഉണ്ടാകാറുണ്ട്.കണ്ണൂർ ജില്ലയിലെ മാടായിപ്പാറായിലെ വടുകുന്ദ തടാകമൊക്കെ ഇപ്പോഴും പ്രകൃതിയുടെ വിസ്മയമായി മാറുന്നത് ഇങ്ങനെയാണ്.അത്തരത്തിൽ കത്തുന്ന വേനലിൽ മനസ്സിനും കണ്ണിനും കുളിർമ പകരുകയാണ് കോട്ടയം ജില്ലയിലെ ഒരു അത്ഭുത കിണർ.

കോട്ടയം ജില്ലയിലെ ഇരാറ്റുപേട്ടയിലാണ് ഒരു നാടിന്റെ തന്നെ ഐശ്വര്യമായി മാറുന്ന അത്ഭുതകിണർ.അൻപത് വർഷത്തിലേറെ പഴക്കമുണ്ട് കിണറിന്.നടയ്ക്കലിൽ മുല്ലൂപാറയിലെ മലമുകളിൽ സ്ഥിതി ചെയ്യുന്ന കിണറ്റിൽ നിന്നും ആയിരത്തോളം പേരാണ് ദാഹം അകറ്റുന്നത്. ഒരു നാടിനു വേണ്ടി കരുതലായി തീർന്ന ഒരു മനൂഷ്യന്റെ സ്നേഹം തുളുമ്പുന്ന ഓർമ്മകൾ ഈ കിണറ്റിന് തീരത്ത് എത്തുന്നവർക്ക് മനസിലാക്കും.തെളിനീർ പോലുള്ള വെള്ളം കുടിച്ച് ദാഹം ശമിക്കുന്നതിനൊപ്പം ഉറവ വറ്റാത്ത കരുണയുടെ കുളിർക്കാറ്റ് വിശും.

ഈ അത്ഭുകിണർ നേരിട്ട് കാണാൻ നിരവധിയാളുകളും ദൂര സ്ഥലങ്ങളിൽ നിന്നു പോലും എത്തിച്ചേരുന്നുണ്ട്.മാങ്കുഴക്കൽ മർഹൂം അലി ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കിണർ ഉള്ളത്.അവിടെ നിന്നും ഇദേഹം സ്ഥലം വിറ്റു പോയപ്പോൾ കിണർ നാടിന്റെ ദാഹം അകറ്റാൻ പൊതുജനങ്ങൾക്കായി നൽകി. ഇപ്പോൾ നാനൂറോളം കുടുംബങ്ങളുടെ ആശ്രയമാണ് കിണർ.93 മോട്ടോറുകളാണ് ഈ കിണറ്റിൽ സ്ഥാപിച്ചിരിക്കുന്നത്.ഇതിൽ നിന്നും നിരവധി വീടുകളിലേയ്ക്കുള്ള വെള്ളം ശേഖരിക്കും.

ഈരാറ്റുപേട്ടയിലെ പല മേഖലയിലും ജലക്ഷാമം നേരിടുമ്പോൾ നടയ്ക്കൽ മുല്ലൂപാറയിലെ ജനങ്ങളുടെ ജലക്ഷാമം പരിഹരിക്കുന്നത് ഈ കിണറാണ്.കഴിഞ്ഞ ജനുവരിയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ കിണർ നവീകരിച്ചു.രാപകൽ വ്യത്യാസമില്ലാതെ വെള്ളം മോട്ടോർ സ്ഥാപിച്ച് എടുക്കുന്നുണ്ട്.എന്നാൽ ഇപ്പോൾ വെള്ളത്തിന്റെ അളവ് കുറഞ്ഞിരിക്കുകയാണ്.എന്നാലും ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ച് കരുതലോടെ വെള്ളം ശേഖരിക്കുകയാണ്. പച്ചമണ്ണ് തെളിഞ്ഞ് കാണാവുന്ന കിണറിന്റെ അടിത്തട്ടിൽ നിന്നും നീരുറവകൾ ഒഴുകിയെത്തുന്നത് സുന്ദരമായ കാഴ്‌ച്ചയാണ്.ഒരിക്കലും വറ്റാത്ത മനുഷ്യസ്നേഹത്തിന്റെ കൂടെ ഉറവിടമായി മാറുകയാണ് ഈ നീരുറവ.

ജലക്ഷാമം നേരിടുന്ന പ്രദേശത്ത് വലിയ ആശ്വാസമാണ് ഈ കിണറെന്ന് പ്രദേശവാസികളും പറയുന്നു.വേനൽക്കാലത്ത് വെള്ളം കുറവ് വരുമെങ്കിലും ഇന്നുവരെ വറ്റിയിട്ടില്ലെന്നും വെള്ളത്തിന്റെ അളവ് നോക്കി ഒരോ കുടുംബത്തിനും വെള്ളം ശേഖരിക്കാൻ കഴിയുമെന്നും കുടുംബങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.നാട്ടുകാർ വെള്ളം ശേഖരുക്കുന്നതിന് ഇതുവരെ കുടുംബം ഒരെതിർപ്പും പ്രകടപ്പിച്ചിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു.