മുംബൈ: അങ്ങനെ നിരാശപ്പെടാൻ വരട്ടെ. മുംബൈ സ്വദേശിയായ അഷ്ഫാഖ് ചുനാവാലയുടെ മാതൃക സ്വീകരിച്ചാലും ഇല്ലെങ്കിലും, ആ തന്റേടവും ഇച്ഛാശക്തിയും, കഠിനാദ്ധ്വാനവും, സാമ്പത്തിക അച്ചടക്കവും മാതൃകയാക്കാമല്ലോ. 2004 ൽ ഒരു റീട്ടെയിൽ സ്‌റ്റോറിൽ 1500 രൂപ മാസ ശമ്പളക്കാരനായിരുന്നു. സാധനങ്ങൾ അടുക്കി വയ്ക്കുന്ന പണി. ഇന്നിപ്പോൾ 400 ക്യാബുകൾ സ്വന്തമായുള്ള വാർഷിക വിറ്റുവരവ് 36 കോടിയുള്ള സംരംഭകനാണ് ഒഷിവാര സ്വദേശിയായ 37 കാരൻ. ഇവിടം കൊണ്ടൊന്നും തീരുന്നില്ല അഷ്ഫാക്കിന്റെ ലക്ഷ്യങ്ങൾ. തന്റെ ക്യാബുകളുടെ എണ്ണം ഉടൻ 500 ആയി ഉയർത്താനുള്ള മാർഗ്ഗം നോക്കുകയാണ് അദ്ദേഹം.

വീട്ടുകാരെ പിന്തുണയ്‌ക്കേണ്ടി വന്നതുകൊണ്ട് പത്താം ക്ലാസ് പഠനം പൂർത്തിയാക്കാനായില്ല. അഷ്ഫാക്കിന്. 2004 ൽ ഒരു റീട്ടെയിൽ സ്റ്റോറിൽ അറ്റൻഡായി ജോലിക്ക് കയറി. പക്ഷേ അങ്ങനെ സാധനങ്ങൾ അടുക്കി വച്ച് ജീവിതം തീർക്കാൻ തയ്യാറായിരുന്നില്ല അഷ്ഫാക്ക്. പുതിയ കാര്യങ്ങൾ ചെയ്യണമെന്ന മോഹം യാഥാർഥ്യമാക്കാനായി ശ്രമം. അടുത്ത 10 വർഷം ജോലികൾ മാറി മാറി നോക്കി. മെച്ചപ്പെട്ട അവസരങ്ങൾക്കായി കഠിനാദ്ധ്വാനം ചെയ്തു. ഒടുവിൽ ഒരു അപ്പാരൽ, സ്‌കിൻകെയർ സ്റ്റോറിന്റെ മാനേജറായി. എന്നാൽ, അതൊന്നും അഷ്ഫാക്കിനെ തൃപ്തിപ്പെടുത്തിയില്ല. ജീവിതത്തിൽ, കൂടുതൽ ഉയരണമെന്ന ചിന്തയായിരുന്നു എപ്പോഴും. അതിനായുള്ള പരിശ്രമത്തിലിനിടെ, പലപ്പോഴും പലരോടും കടമൊക്കെ വാങ്ങേണ്ടി വന്നു.

ഭാഗ്യം വന്ന വഴി

2013 ലാണ് ഭാഗ്യം തെളിയുന്ന വഴി കണ്ടത്. പുതുതായി തുടങ്ങിയ റൈഡ് ഹെയിലിങ് ആപ്പിന്റെ പരസ്യം കണ്ടു. ടാക്‌സി സർവീസിന് സമാനമാണ് റൈഡ് ഹെയിലിങ് പ്ലാറ്റ്‌ഫോം. യാത്രക്കാർ ഒരു റൈഡ് ഹെയിലിങ് പ്ലാറ്റ്‌ഫോമിൽ നിന്ന് റൈഡ് ഓഡർ ചെയ്യുന്നു. ഡ്രൈവർക്കും യാത്രക്കാരനും തമ്മിലുള്ള ഇടനിലക്കാരായി ആപ്പ് പണിയെടുക്കുന്നു. ഊബറും ലിഫ്റ്റുമൊക്കെ ഉദാഹരണങ്ങൾ. അത്തരത്തിൽ വളരെ വേഗം പ്രശസ്തമായി കൊണ്ടിരുന്ന ആപ്പിൽ ചേർന്നാൽ അത്യാവശ്യം കാശുണ്ടാക്കാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നു. ഈ പ്ലാറ്റ്‌ഫോമിൽ ഒരു പാർട്ട് ടൈം ഡ്രൈവറായി അഷ്ഫാഖ് ചേർന്നു. കമ്പനിയുടെ പ്രത്യേക പദ്ധതി വഴി ചെറിയ വിലകുറഞ്ഞ കാർ വാങ്ങിയ അഷ്ഫാക്കിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

സ്‌റ്റോറിൽ മാനേജരായി ജോലി ചെയ്യുമ്പോൾ തന്നെ രാവിലെ 7 മണിക്ക് തുടങ്ങി ഏതാനും മണിക്കൂർ വാഹനം ഓടിക്കാൻ പോയി. സ്റ്റാറിലെ പണി കഴിഞ്ഞ് രാത്രിയിലും കുറച്ചുസമയം വാഹനം ഓടിച്ചു. വരുമാനം കൂടിയതോടെ, മാസം സ്‌റ്റോറിൽ നിന്ന് 35,000 രൂപ ശമ്പളവും ഡ്രൈവറായി 15,000 വും സമ്പാദിച്ചു.

രണ്ടാമതൊരു കാർ കൂടി വാങ്ങാൻ സഹായിച്ച സഹോദരിയെയും അഷ്ഫാഖ് നന്ദിപൂർവ്വം ഓർക്കുന്നു. രണ്ടുകാറിൽ നിന്നുമായി വരുമാനം കൂടിയതോടെ, 10 ലക്ഷത്തിന്റെ ബാങ്ക് ലോൺ എടുത്തു. വായ്പ കിട്ടിയതോടെ, മൂന്നു കാർ വാങ്ങിയെന്ന് മാത്രമല്ല, കൂടുതൽ ഡ്രൈവർമാരെ ജോലിക്ക് വയ്ക്കുകയും ചെയ്തു.

ഈയൊരുഘട്ടത്തിലാണ് അഷ്ഫാഖ് തന്റെ സംരംഭക ശേഷി തിരിച്ചറിഞ്ഞത്. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാതെ, വായ്പാ തിരിച്ചടവ് കഴിഞ്ഞ് കുറച്ചുതുക മാത്രം സ്വന്തം ആവശ്യത്തിന് മാറ്റി വച്ചു. ബാക്കി തുകയും പുതിയ ബാങ്ക് ലോണുകളും ചേർത്ത് കൂടുതൽ കാറുകൾ വാങ്ങി. അങ്ങനെയങ്ങനെ ഇപ്പോൾ 400 കാറിലെത്തി നിൽക്കുന്നു നേട്ടം.

നിരവധി പേർക്ക് തൊഴിൽ നൽകുന്നതിലൂടെ ആ കുടുംബങ്ങൾക്കെല്ലാം സ്ഥിരത നൽകുന്നു. സാമ്പത്തിക കെട്ടുപാടുകൾക്കിടയിലും അവരുടെ സ്വപ്‌നങ്ങൾ നേടിയെടുക്കാൻ ഡ്രൈവർമാരെ ശാക്തീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് അഷ്ഫാഖ് പറഞ്ഞു. എന്നാൽ, അഷ്ഫാഖിന്റെ ജീവിത വിജയം വിചാരിക്കുന്നത് പോലെ എളുപ്പമായിരുന്നില്ല. ജീവനക്കാരുടെ മോശം പെരുമാറ്റം, പെട്ടെന്ന് ജോലി ഉപേക്ഷിച്ച് പോകൽ തുടങ്ങിയ വെല്ലുവിളികൾക്കൊപ്പം ആദ്യ കോവിഡ് ലോക് ഡൗൺ കൂടി വന്നതോടെ ബിസിനസിന് വലിയ തിരിച്ചടിയേറ്റിരുന്നു. അതിനെയെല്ലാം അതിജീവിച്ചത് കഠിനാദ്ധ്വാനം, ഇച്ഛാശക്തി എന്നിവ കൊണ്ടാണ്. തന്റെ ഡ്രൈവർമാർക്ക് 30 ദിവസത്തെ വിശദമായ പരിശീലനം നൽകാറുണ്ടെന്ന് അഷ്ഫാഖ് ചുനാവാല പറഞ്ഞു. യാത്രക്കാരോട് എങ്ങനെ നന്നായി പെരുമാറണം എന്നതടക്കം പഠിപ്പിച്ചുകൊടുക്കാറുണ്ട്. ഊബറുമായും അഷ്ഫാഖ് അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.