- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ചത് ചട്ടവിരുദ്ധം; ലക്ഷ്മണ രേഖയുണ്ടെന്ന് അറിയാം ; പക്ഷേ, നോട്ട് നിരോധനം പരിശോധിക്കുമെന്ന് സുപ്രീം കോടതി ; നോട്ട് നിരോധനത്തിനെതിരായ ഹർജിയിൽ റിസർവ് ബാങ്കിനും കേന്ദ്രത്തിനും സുപ്രീംകോടതി നോട്ടീസയച്ചു
ന്യൂഡൽഹി : 2016ലെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹർജികളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ റിസർന് ബാങ്കിനും കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീസയച്ചു. റിസർവ് ബാങ്ക് ബോർഡ് യോഗത്തിന്റെ രേഖകൾ കേന്ദ്രസർക്കാരിന്റെ ശുപാർശ അടക്കം വിശദമായി സമർപ്പിക്കണമെന്നാണ് സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഹർജികൾ അടുത്ത മാസം 9ന് വീണ്ടും പരിഗണിക്കും.
ജസ്റ്റിസ് എസ്.എ. നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജി പരിഗണിക്കുക. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ കോടതി ഇടപെടുന്നതിലെ ലക്ഷ്മണ രേഖയെക്കുറിച്ച് അറിയാമെന്നും എന്നാൽ നോട്ട് അസാധുവാക്കൽ തീരുമാനം പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി കേന്ദ്ര സർക്കാറിനോടും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോടും ആവശ്യപ്പെട്ടു.
നോട്ട് നിരോധനത്തിന് പിന്നാലെ കേന്ദ്രനടപടി ചോദ്യം ചെയ്ത് 58 ഹർജികളാണ് സുപ്രീംകോടതിയിൽ എത്തിയത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ചത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഹർജികളിൽ ആരോപിക്കുന്നു. നോട്ട് നിരോധനത്തെ ഒരു അക്കാഡമിക് വിഷയമായി മാത്രമായി കണ്ട് തള്ളാനാവില്ലെന്നും ജസ്റ്റിസ് എൻ.എ. നസീർ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നിരീക്ഷിച്ചു.
നോട്ട് നിരോധിച്ച് ആറു വർഷം കഴിഞ്ഞ സാഹചര്യത്തിൽ കേസ് പരിഗണിക്കുന്നതിൽ അക്കാദമിക താത്പര്യം മാത്രമാണ് ഉള്ളതെന്നാണ് കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അറ്റോർണി ജനറൽ ആർ വെങ്കിടരമണിയും വാദിച്ചത്. എന്നാൽ, സർക്കാർ തീരുമാനത്തെ ഇപ്പോഴും ചോദ്യം ചെയ്യാനുള്ള അവസരമുണ്ടെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.ചിദംബരവും വാദിച്ചു. ഇത്തരത്തിലുള്ള നോട്ട് നിരോധനത്തിന് പാർലമെന്റിന്റെ പ്രത്യേക നിയമം ആവശ്യമാണെന്നും മുൻ ധനമന്ത്രികൂടിയായ അദ്ദേഹം വാദിച്ചു.
2016 ഡിസംബറിലാണ് ആദ്യമായി ഹർജികൾ ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയത്. എന്നാൽ ബെഞ്ചിൽ ഉൾപ്പെട്ട ജഡ്ജിമാർ വിരമിച്ചതിന് പിന്നാലെ പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ല. മുൻ ചിഫ് ജസ്റ്റിസ് എൻ.വി. രമണ രണ്ടുമാസം മുൻപ് രൂപീകരിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിലേക്ക് ഒടുവിൽ ഈ ഹർജികൾ എത്തുകയായിരുന്നു.കോൺഗ്രസ് നേതാവും മുൻധനമന്ത്രിയുമായ പി. ചിദംബരമാണ് ഇന്ന് വിഷയം ഭരണഘടനാ ബെഞ്ചിന് മുന്നിൽ ഉന്നയിച്ചത്.
എന്നാൽ ഇത്തരം അക്കാദമിക് വിഷയങ്ങളിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിലയേറിയ സമയം പാഴാക്കരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. തുടർന്ന് ഭരണഘടനാ ബെഞ്ച് മുൻപാകെ ഒരു വിഷയം ഉന്നയിക്കപ്പെടുമ്പോൾ അതിലൊരു മറുപടി നൽകാൻ ബാദ്ധ്യതയുണ്ടെന്ന് മുതിർന്ന ജസ്റ്റിസ് എസ്.എ നസീർ വ്യക്തമാക്കുകയായിരുന്നു,
2016 നവംബർ 8-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 എന്നീ കറൻസീ നോട്ടുകൾ നിരോധിച്ചത്. രാത്രി 8 മണിക്ക് ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഉയർന്ന മൂല്യമുള്ള കറൻസി നോട്ടുകൾ ഇനി രാജ്യത്ത് നിയമപരമല്ലെന്ന് പ്രഖ്യാപിച്ചത്. കേന്ദ്രത്തിന്റെ പൊടുന്നനെയുള്ള നീക്കത്തെ തുടർന്ന് പുതിയ നോട്ടുകൾ പിൻവലിക്കാനും പഴയ നോട്ടുകൾ മാറാനും ആളുകൾ നെട്ടോട്ടമോടിയപ്പോൾ എടിഎമ്മുകൾക്കും ബാങ്കുകൾക്കും പുറത്ത് നീണ്ട ക്യൂവാണ് രാജ്യത്തുടനീളം രൂപപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ