രത്‌ലം: പ്രണയിച്ച് വിവാഹം കഴിക്കുന്ന ദമ്പതികളുടെ കുടുംബങ്ങൾക്ക് സമ്പൂർണ്ണ സാമൂഹിക ബഹിഷ്‌കരണം ഏർപ്പെടുത്തി മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ പഞ്ചേവ ഗ്രാമം. സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്യുന്നവരുടെ കുടുംബങ്ങളുമായി യാതൊരു സാമ്പത്തികമോ സാമൂഹികമോ ആയ ബന്ധങ്ങൾ പുലർത്തില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഗ്രാമത്തിന്റെ ഈ വിചിത്രമായ ഉത്തരവ് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

ഗ്രാമത്തിന്റെ ഔദ്യോഗിക ഉത്തരവ് എന്ന് പറഞ്ഞുകൊണ്ട് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ ബഹിഷ്‌കരണം പ്രകാരം, ഒളിച്ചോടി ഇഷ്ടവിവാഹം കഴിക്കുന്ന ആൺകുട്ടികളോ പെൺകുട്ടികളോ ശിക്ഷിക്കപ്പെടും. അതോടൊപ്പം, അവരുടെ മുഴുവൻ കുടുംബത്തെയും ഗ്രാമത്തിലെ പരിപാടികളിൽ നിന്ന് ഒഴിവാക്കുകയും, പാൽ പോലുള്ള അവശ്യവസ്തുക്കൾ നിഷേധിക്കുകയും ചെയ്യും. അത്തരം കുടുംബങ്ങൾക്ക് തൊഴിൽ നൽകില്ലെന്നും, വീടുകളിൽ പണിക്ക് തൊഴിലാളികളെ അയക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കൂടാതെ, ഭൂമി വിൽക്കാനോ വാങ്ങാനോ ഉള്ള അവകാശവും അവർക്ക് നിഷേധിക്കപ്പെടും.

ഈ വിലക്ക് ലംഘിച്ച് പ്രണയവിവാഹം കഴിച്ചവരുടെ കുടുംബങ്ങളുമായി ജോലിക്ക് പോവുകയോ, അവരെ ജോലിക്ക് വിളിക്കുകയോ, ഏതെങ്കിലും തരത്തിൽ സഹകരിക്കുകയോ ചെയ്യുന്നവർക്കെതിരെയും സാമൂഹിക ബഹിഷ്‌കരണം ഏർപ്പെടുത്തുമെന്ന് ഗ്രാമം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാട്ടിൽ പ്രണയവിവാഹങ്ങളും മിശ്രവിവാഹങ്ങളും വർധിച്ചതിനെത്തുടർന്നാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ഗ്രാമവാസികൾ പറയുന്നത്. ഈ തീരുമാനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം ചർച്ചയായതും വലിയ പ്രതിഷേധങ്ങൾ ഉയർന്നു വന്നതും. ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതും അപമാനകരവുമാണ് ഈ നടപടിയെന്ന് പലരും അഭിപ്രായപ്പെട്ടു.

സംഭവത്തെത്തുടർന്ന്, ജൻപദ് സിഇഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഗ്രാമം സന്ദർശിച്ചു. ഈ സാമൂഹിക ബഹിഷ്‌കരണം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഉദ്യോഗസ്ഥർ ഗ്രാമവാസികളെ ധരിപ്പിച്ചു. ഔപചാരികമായി പരാതി ലഭിക്കുകയാണെങ്കിൽ നിയമപ്രകാരം നടപടിയെടുക്കുമെന്ന് എസ്ഡിഒപി സന്ദീപ് മാളവ്യ വ്യക്തമാക്കി. 18 വയസ്സുള്ള സ്ത്രീകൾക്കും 21 വയസ്സുള്ള പുരുഷന്മാർക്കും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാൻ നിയമപരമായ അവകാശമുണ്ടെന്ന് ഇന്ത്യൻ നിയമം അനുശാസിക്കുന്നു.

സാമൂഹിക ബഹിഷ്‌കരണങ്ങളും പഞ്ചായത്ത് തലത്തിലുള്ള ഇത്തരം ഉത്തരവുകളും നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതിയും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. മൗലികാവകാശങ്ങൾക്ക്മേലുള്ള ഈ കടന്നുകയറ്റം ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും, ഇത്തരം അന്യായമായ നടപടികൾക്കെതിരെ നിയമപരമായ ഇടപെടൽ അനിവാര്യമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.