- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പകൽ കനത്ത ചൂട്.. രാത്രിയും പുലർച്ചെയും തണുപ്പ് ; ഫെബ്രുവരി തുടക്കത്തിൽ തന്നെ പല പ്രദേശങ്ങളിലും ശുദ്ധജലക്ഷാമവും; ആശങ്കയുണർത്തി ഇടുക്കിയിലെ കാലാവസ്ഥ; ചൂട് കൂടുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളിൽ കരുതൽ വേണമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്
തൊടുപുഴ: കാലാവസ്ഥ വ്യതിയാനം അതിന്റെ ഏറ്റവും പ്രകടമായ രൂപത്തിലേക്കു മാറുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്.ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇടുക്കിയിലെ നിലവിലെ കാലാവസ്ഥ.പകൽ കനത്ത ചൂട്.. രാത്രിയും പുലർച്ചെയും തണുപ്പ് പകൽ കനത്ത ചൂടും.അതിനാ്ൽ തന്നെ ഫെബ്രുവരിയുടെ ആദ്യ ദിവസങ്ങളിൽ തന്നെ പല ഭാഗത്തും ശു്ദ്ധജല ക്ഷാമവും അനുഭവപ്പെടുന്നുണ്ട്.സ്വാഭാവിക ജലസ്രോതസ്സുകൾ പലതും വറ്റിത്തുടങ്ങി.
പൊള്ളുന്ന ചൂട് കാർഷിക മേഖലയെയും പ്രതിസന്ധിയിലാക്കുന്നു. വനമേഖലകളിൽ കാട്ടുതീ ഭീഷണിയുമുണ്ട്. ഇപ്പോഴത്തെ താപനില തുടർന്നാൽ കടുത്ത വരൾച്ചയാകും മുന്നോട്ട്. ചൂട് കൂടുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളിൽ കരുതിയിരിക്കണമെന്നു ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പു നൽകുന്നു.കാലാവസ്ഥ മാറ്റം മൂലം വൈറൽ പനിയെത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയതു 1467 പേരാണ്. ഈ വർഷം പനി ബാധിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണം ഇതോടെ 9065 ആയി. ചൂടു കൂടിയതോടെ ചിക്കൻപോക്‌സും പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയിൽ 29 പേർക്ക് ചിക്കൻപോക്‌സ് റിപ്പോർട്ട് ചെയ്തു.വയറിളക്ക രോഗങ്ങളെത്തുടർന്നു 230 പേർ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയിൽ ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കാലാവസ്ഥയിലെ മാറ്റത്തെ തുടർന്നു ജലദോഷം, വൈറൽ പനി, അലർജി ചർമ സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയ്ക്കു ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെന്നു ഡോക്ടർമാർ പറയുന്നു.
വേനൽ ആരംഭിച്ചതോടെ ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ കാട്ടുതീ പടർന്നുപിടിക്കാൻ തുടങ്ങി. ഇന്നലെ രാവിലെ മുതൽ മറയൂർ അഞ്ചുനാട്ടാംപാറയിൽ പടർന്ന കാട്ടുതീ വൈകിട്ടാണു കത്തിയമർന്നത്. കഴിഞ്ഞ ആഴ്ചയും മലനിരകളിൽ തീ പടർന്നിരുന്നു.കാർഷിക മേഖലയെയും ചെറുതായൊന്നുമല്ല ഈ മാറ്റം സ്വാധീനിക്കുന്നത്.കടുംവേനലിൽ ആനക്കൂട്ടം പതിവായി കാടിറങ്ങുന്നതു തന്നെയാണു കർഷകരുടെ ഏറ്റവും വലിയ പ്രതിസന്ധി.വേനൽ ആരംഭത്തിൽ തന്നെ ആരംഭിച്ച രൂക്ഷമായ വരൾച്ച കൃഷിയിടങ്ങളെ ദോഷകരമായി ബാധിച്ചു തുടങ്ങി.
ഹൈറേഞ്ചിൽ കുരുമുളക് കൃഷിക്കാണ് വിളവെടുപ്പ് പൂർത്തിയാകും മുൻപു തന്നെ കഷ്ടകാലം വന്നിരിക്കുന്നത്.ഫെബ്രുവരി ആദ്യവാരത്തിൽ തന്നെ പൊള്ളുന്ന ചൂടേറ്റ് ചെടികൾ വാടി തുടങ്ങി. ഇതോടെ അങ്കലാപ്പിലായ കർഷകർ വിളവെടുപ്പ് വേഗത്തിൽ പൂർത്തിയാക്കി ചെടികൾ പൊതയിട്ടു മൂടുന്ന തിരക്കിലാണ്.രണ്ടും മൂന്നും വർഷം പ്രായമുള്ള തൈക്കൊടികൾക്ക് ചുവട്ടിൽ പൊതയിട്ടു മൂടുന്നതിനു പുറമേ ചൂടൽ കുത്തിക്കൊടുക്കുന്നതിനും കർഷകർ ശ്രദ്ധിക്കുന്നു.
വിളവെടുപ്പിനു ശേഷം വേനൽ ചൂടിൽ വാടുന്ന കുരുമുളക് ചെടികൾ തുടർന്നു വരുന്ന വേനൽമഴയിൽ തഴച്ചു വളർന്നെങ്കിൽ മാത്രമേ നിറയെ തിരിയിടുകയുള്ളൂ.വരുന്ന സീസണിൽ മുളക് പറിക്കാൻ കാര്യമായി ഒന്നും ഉണ്ടാവില്ലെന്നാണ് തലമുതിർന്ന കർഷകരുടെ അഭിപ്രായം. വേനൽ ഇനിയും കടുക്കുന്നതോടെ പുരയിടത്തിൽ ജലസേചനത്തിനു സൗകര്യമുള്ള കർഷകർ ആഴ്ചയിൽ രണ്ടു വീതമെങ്കിലും ചെടികൾ നനയ്ക്കുന്നതിനും തയ്യാറെടുക്കുന്നു.
ചൂടു കൂടിയതോടെ ഏലച്ചെടികൾ സംരക്ഷിച്ചുനിർത്തേണ്ട തത്രപ്പാടിലാണ് ഹൈറേഞ്ചിലെ ഏല കർഷകർ. ജല സ്‌ത്രോസ്സുകൾ വറ്റാൻ തുടങ്ങുന്നതോടെ ചെറുകിട ഏലത്തോട്ടങ്ങൾ പ്രതിസന്ധിയിലാവും. ഉൽപാദനത്തിലുള്ള കുറവു മൂലം ഏലത്തിന്റെ വില നേരിയ തോതിൽ ഉയർന്നിട്ടുണ്ടെങ്കിലും കർഷകർക്ക് ഇതു ഗുണകരമാവുന്നില്ല.കൊക്കോ കർഷകർക്കും ഇത് വറുതിയുടെ കാലമാണ്. മഹാ പ്രളയത്തിനു ശേഷം പൂവിട്ടു കായ് വിരിയാൻ മടിച്ചു നിന്ന കൊക്കോ ചെടികൾ ഈ സീസണിൽ ഫലഭൂയിഷ്ഠമാകുമെന്ന സൂചനകൾ തന്നിരുന്നു. എന്നാൽ ഡിസംബർ കഴിഞ്ഞതോടെ ആരംഭിച്ച പതിവില്ലാത്ത ചൂടിൽ പൂക്കൾ കരിഞ്ഞുണങ്ങുകയാണ്.
ഈ സീസണിലും കൊക്കോ നിരാശപ്പെടുത്തുമെന്നു തന്നെയാണ് വരൾച്ച നൽകുന്ന മുന്നറിയിപ്പ്.കൊക്കോയും കുരുമുളകും തുടർച്ചയായ വർഷങ്ങളിൽ നിരാശപ്പെടുത്തിയപ്പോൾ ഹൈറേഞ്ചിലെ കർഷകരെ അന്നമൂട്ടിയിരുന്ന ജാതിക്കൃഷിക്കും കടുത്ത ചൂട് വിനയാകും. ജനുവരി അവസാന വാരത്തോടെ ചൂട് തനിനിറം കാട്ടി തുടങ്ങിയതോടെ തോട്ട ഉടമകൾ ജാതി കൃഷിക്കു നന നൽകി തുടങ്ങിയിരുന്നു. എന്നാൽ ചെറുകിട ജാതി കർഷകർ ചെടികൾക്ക് നന നൽകുന്നതിനുള്ള വെള്ളമോ സൗകര്യമോ ഇല്ലാതെ വശം കെട്ടു തുടങ്ങി.
ഇതിനൊപ്പം ജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതകലുകളെക്കുറിച്ച് മുന്നറിയിപ്പുമായി ആരോഗ്യവിഭാഗവും രംഗത്തെത്തി.ധാരാളം വെള്ളം കുടിക്കുക. വെയിലത്തു ജോലി ചെയ്യേണ്ടിവരുന്നവർ ഇടയ്ക്കിടയ്ക്കു തണലത്തു പോയി വിശ്രമിക്കണം. ചുരുങ്ങിയത് ഉച്ചയ്ക്കു 12 മുതൽ 3 വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ചു ജോലിസമയം ക്രമീകരിക്കുക. കുട്ടികളെ വെയിലത്തു കളിക്കാൻ അനുവദിക്കരുത്.
കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ളതോ ഉള്ളതുമായ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. കാറ്റു കടന്ന് ചൂടു പുറത്തു പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക. വെയിലത്തു പാർക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ടു പോകരുത്. ചൂടു കൂടുതലുള്ള സമയത്തു തുറസ്സായ സ്ഥലത്തു സഞ്ചരിക്കുന്നത് ഒഴിവാക്കുക. ഇത്തരത്തിൽ കാൽനടയായി പോകേണ്ടി വന്നാൽ കുട ചൂടുക, കയ്യിൽ ശുദ്ധജലം കരുതണമെന്നും പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ