തിരുവല്ല: ചായ കുടിക്കാൻ പോയ കോൺസ്റ്റബിൾ മിനി മോന്റെ വയർലസ് വോക്കി ടോക്കി അടിച്ചു മാറ്റിയ മദ്യപൻ ഉണ്ടാക്കിയ പൊല്ലാപ്പ് ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ കണ്ട് ചിരിച്ചു മറിഞ്ഞവരാണ് നമ്മൾ. കൈയിൽ കിട്ടിയ വയർലസിലേക്ക് സന്ദേശം അയച്ച കമ്മിഷണറെ വരെ ഞെട്ടിച്ചു കളഞ്ഞു നമ്മുടെ കള്ളൻ. ഒരു പൊലീസുകാരനെ സംബന്ധിച്ചിടത്തോള ം അയാളുടെ വോക്കി ടോക്കി എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് പൊട്ടിച്ചിരിയുടെ അകമ്പടിയോടെയാണെങ്കിലും ജനത്തിന് മനസിലായി.

ഇപ്പോഴിതാ അല്ലറ ചില്ലറ വ്യത്യാസത്തോടെ ഈ സീൻ ആവർത്തിച്ചിരിക്കുകയാണ് പമ്പാ നദിയിലെ നീരേറ്റുപുറം ഭാഗത്ത്. രാവിലെ തന്നെ പൊലീസും ഫയർഫോഴ്സ് സ്‌കൂബാ ടീമും പാഞ്ഞെത്തി തെരയുന്നത് കണ്ട് നാട്ടുകാർ അമ്പരന്നു. ആരോ നദിയിൽ വീണു കാണാതായി എന്നായിരുന്നു എല്ലാവരും കരുതിയത്. പിന്നീടാണ് സത്യകഥ മനസിലായത്.

കാര്യമറിഞ്ഞതോടെ അടക്കിച്ചിരിച്ചും കണ്ണിറുക്കി കാണിച്ചും ആളൊഴിയാൻ തുടങ്ങി. ഈ സന്നാഹങ്ങളൊക്കെ വെച്ച് മുങ്ങിയെടുക്കാൻ പോകുന്ന 'മുതലൊന്ന്' കാണണമെന്ന വാശിയിൽ ചിലർ മാത്രം ബാക്കിയായി. വള്ളം കളിക്കിടെ വെള്ളത്തിൽ പോയ പൊലീസിന്റെ വയർലെസ് സെറ്റ് മുങ്ങിയെടുക്കാനാണ് ഈ സന്നാഹങ്ങളൊക്കെ എത്തിയത്. പമ്പാ നദിയിലെ നീരേറ്റുപുറത്താണ് സ്‌കൂബാ ടീമിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടക്കുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് നടന്ന നീരേറ്റുപുറം വള്ളം കളിക്കിടെയാണ് പുളിക്കീഴ് പൊലീസിന്റെ രണ്ട് വയർലെസ് സെറ്റുകൾ വെള്ളത്തിൽ പോയത്.

തിരുവല്ലയിൽ നിന്നുള്ള സ്‌കൂബാ ടീമിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണി മുതൽ വയർലെസ് സെറ്റിനായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വള്ളംകളിയുടെ സ്റ്റാർട്ടിങ് പോയിന്റിൽ നിന്നും ബോട്ടിലേക്ക് കയറുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരുടെ കൈയിൽ നിന്നും സെറ്റുകൾ വെള്ളത്തിൽ വീഴുകയായിരുന്നു. പുളിക്കീഴ് എസ്‌ഐ കവിരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.