സോഫിയ: ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുകൾ സ്വന്തമാക്കാൻ ബൾഗേറിയൻ യുവതിയായ ആൻഡ്രിയ ഇവാനോവ മുടക്കിയത് ഏകദേശം 23 ലക്ഷം രൂപ (20,000 പൗണ്ട്). സൗന്ദര്യവർധക ശസ്ത്രക്രിയകളിലൂടെ രൂപമാറ്റം വരുത്തുന്നതിൽ അസ്വാഭാവികതയില്ലെങ്കിലും, ആൻഡ്രിയയുടെ ചുണ്ടുകളുടെ വലിപ്പം പലരെയും അമ്പരപ്പിക്കുന്നു. 'മൈ ബോഡി, മൈ റൂൾസ്' എന്നാണ് ആൻഡ്രിയ തൻ്റെ ഈ മാറ്റത്തെക്കുറിച്ച് പറയുന്നത്.

28 കാരിയായ ആൻഡ്രിയ അടുത്തിടെ ഗ്രീക്ക് റെസ്റ്റോറന്റിൽ നിന്നുള്ള തൻ്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചപ്പോൾ നിരവധി വിമർശനങ്ങളാണ് നേരിട്ടത്. ഈ ചുണ്ടുകളോടെ എങ്ങനെ ഭക്ഷണം കഴിക്കും, എന്തിനാണ് ഇത്രയും പണം ഇതിനായി ചെലവഴിക്കുന്നത്, ഇത് വൃത്തികേടാണെന്നുമെല്ലാമായിരുന്നു കമൻ്റുകൾ. എന്നാൽ, ഇത്തരം വിമർശനങ്ങളെ ആൻഡ്രിയ കാര്യമായി എടുക്കുന്നില്ല.

2018-ലാണ് ആൻഡ്രിയ ചുണ്ട് വലുതാക്കാനുള്ള ചികിത്സകൾ ആരംഭിച്ചത്. ഇതുവരെ 32 ഹൈലൂറോണിക് ആസിഡ് സിറിഞ്ചുകളാണ് തൻ്റെ ചുണ്ടുകളിൽ കുത്തിവെച്ചത്. ചെറുപ്പം മുതലേ വ്യത്യസ്തത ഇഷ്ടപ്പെട്ടിരുന്നതിനാലാണ് ഈ വഴി തിരഞ്ഞെടുത്തതെന്ന് ആൻഡ്രിയ പറയുന്നു. ഈ മാറ്റം ചില പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് അറിയാമായിരുന്നിട്ടും താൻ ഇത് തിരഞ്ഞെടുക്കുകയായിരുന്നു. തൻ്റെ സുഹൃത്തുക്കൾക്ക് ഇതൊരു വിഷയമല്ലെങ്കിലും, വീട്ടുകാർക്ക് ചിലപ്പോഴെങ്കിലും ഭയം തോന്നാറുണ്ടെന്നും ആൻഡ്രിയ കൂട്ടിച്ചേർത്തു.