- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആടിപ്പാടി ആളുകളെ ത്രസിപ്പിക്കുന്ന സംഗീതവിരുന്നുമായി ജെനിഫര്‍ ലോപ്പസ്; ബോളിവുഡ് താരങ്ങളുടെ നൃത്തവും സ്കിറ്റും; കൊട്ടാര രൂപത്തിലുള്ള ഭീമന്കേക്കും; അതിഥിയായി ഡൊണാള്‍ഡ് ട്രംപ് ജൂനിയറും കാമുകിയും; ഉയദ്പൂരില്‍ കോടികള്‍ പൊടിച്ച് കോടീശ്വരനായ രാമ രാജു മന്തേനയുടെ മകളുടെ വിവാഹം; ആഢംബരം കണ്ട് അന്തംവിട്ട് പാശ്ചാത്യലോകം
ആടിപ്പാടി ആളുകളെ ത്രസിപ്പിക്കുന്ന സംഗീതവിരുന്നുമായി ജെനിഫര്‍ ലോപ്പസ്
ഉദയ്പുര്‍: ഈ വര്‍ഷം ഇന്ത്യകണ്ട ഏറ്റവും വലിയ വിവാഹ മാമാങ്കമാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഉദയ്പുരില്‍ നടന്നത്. ഹോളിവുഡിലെയും ബോളിവുഡിലെയും താരങ്ങള്‍ അണിനിരന്ന ആഡംബര വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും കണ്ട് പാശ്ചാത്യമാധ്യമങ്ങള്‍ അന്തംവിടുകയാണ്. കോടീശ്വരനായ രാമ രാജു മന്തേനയുടെ മകള്‍ നേത്ര മന്തേനയുടെയും ടെക് സംരംഭകന്‍ വംശി ഗഡിരാജുവിന്റെയും വിവാഹമാണ് ഉദയ്പൂരില്‍ കോടികള്‍ പൊടിപൊടിച്ച് ആഘോഷിക്കിയത്. 23ാം തീയതിയാണ് വിവാഹം നടന്നതെങ്കിലും രണ്ട് ദിവസം മുമ്പ് തന്നെ ആഘോഷ പരിപാടികള്‍ തുടങ്ങിയിരുന്നു.
വിവാഹത്തിലെ പ്രധാന ആകര്‍ഷണം ഹോളിവുഡ് താരം കൂടിയായ ജെന്നിഫര്‍ ലോപ്പസിന്റെ സംഗീത വിരുന്നായിരുന്നു. ആളുകളെ ത്രസിപ്പിച്ചു കൊണ്ട് ജെനിഫര്‍ ആടിപ്പാടി. ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ അടക്കമുള്ള പ്രമുഖരും പരിപാടിയില്‍ എത്തി.ലീല പാലസ്, സെനാന മഹല്‍, പിച്ചോള തടാകത്തിലെ കൊട്ടാരം തുടങ്ങിയ ഉദയ്പൂരിലെ ഏറ്റവും ആഡംബര സ്ഥലങ്ങളിലാണ് ആഘോഷങ്ങള്‍ നടന്നത്.
ബോളിവുഡിലെ വന്‍ താരനിര തന്നെ കല്യാണത്തിന് എത്തി. ഡൊണാള്‍ഡ് ട്രംപ് ജൂനിയറിനും കാമികിക്കുമൊപ്പം നൃത്തം ചെയ്യുന്ന രണ്‍വീര്‍ സിങ്ങിന്റെ വീഡിയോ അടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മാധുരി ദീക്ഷിത്, നോറ ഫത്തേഹി, ഷാഹിദ് കപൂര്‍, ജാന്‍വി കപൂര്‍,കൃതി സനോണ്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയ താരങ്ങളും വിവാഹത്തോട് അനുബന്ധിച്ച ആഘോഷത്തില്‍ പങ്കെടുത്തു. സിറ്റി പാലസിലെ മാനക് ചൗക്കില്‍ നടന്ന സംഗീത് ചടങ്ങിലാണ് താരങ്ങള്‍ ബോളിവുഡ് ഗാനങ്ങള്‍ക്കൊപ്പം ചുവടുകള്‍ വെച്ചത്.
സംഗീത പരിപാടി അവതരിപ്പിച്ച ജെനിഫര്‍ ലോപ്പസ് വധൂവരന്‍മാര്‍ക്കൊപ്പം ചിയേഴ്‌സ് പറയുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. കൊട്ടാര സദൃശ്യമായ ഒരു കേക്കും ചടങ്ങിന്റെ ആകര്‍ഷകമായി മാറി. കൊട്ടാരത്തിന്റേതും പോലൊരു കേക്കാണ് വധൂവരന്‍മാര്‍ ചേര്‍ന്ന് കട്ട് ചെയ്തത്.
ഒര്‍ലാന്‍ഡോ ആസ്ഥാനമായുള്ള സംരഭകനായ രാമ രാജു മന്തേന യുഎസ്, സ്വിറ്റ്സര്‍ലന്‍ഡ്, ഇന്ത്യ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനങ്ങളും ഗവേഷണ വികസന കേന്ദ്രങ്ങളുമുള്ള ഇന്‍ജീനസ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ചെയര്‍മാനും സിഇഒയുമാണ്. ഐകോര്‍ ഹെല്‍ത്ത്‌കെയര്‍, ഇന്‍ജീനിയസ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓങ്കോസ്‌ക്രിപ്റ്റ്സ് എന്നിവയുള്‍പ്പെടെ നിരവധി ആഗോള ആരോഗ്യ സംരംഭങ്ങളുടെ സ്ഥാപകനാണ് അദ്ദേഹം.
ഇന്ത്യയില്‍ ജനിച്ച രാമ രാജു മേരിലാന്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ക്ലിനിക്കല്‍ ഫാര്‍മസിയില്‍ ബിരുദം നേടി. അതിന് മുമ്പ് ജെഎന്‍ടിയുവില്‍ (ജവഹര്‍ലാല്‍ നെഹ്‌റു ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി) നിന്ന് കമ്പ്യൂട്ടര്‍ സയന്‍സിലും എഞ്ചിനീയറിംഗിലും ബിരുദം പൂര്‍ത്തിയാക്കിയിരുന്നു. 2017-ലും അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. അന്ന് തിരുപ്പതി ക്ഷേത്രത്തില്‍ 28 കിലോഗ്രാം ഭാരമുള്ള സഹസ്രനാമ മാലഅദ്ദേഹം സമര്‍പ്പിച്ചിരുന്നു. 1008 സ്വര്‍ണനാണയങ്ങള്‍ കൊണ്ട് നിര്‍മിച്ച ഈ മാലയ്ക്ക് അന്ന് എട്ട് കോടി രൂപയോളമായിരുന്നു മൂല്യം.
സൂപ്പര്‍ ഓര്‍ഡര്‍ എന്ന സോഫ്റ്റ്വെയര്‍ പ്ലാറ്റ്ഫോമിന്റെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമാണ് വരന്‍ വംശി ഗാദിരാജു. ഒന്നിലധികം സ്ഥലങ്ങളിലുള്ള റസ്റ്ററന്റുകള്‍ക്ക് ഡെലിവെറി, ടേക്ക്എവേ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന സോഫ്റ്റ്വെയറാണിത്. അദ്ദേഹത്തിന്റെ കമ്പനിക്ക് 1825 മില്യണ്‍ ഡോളര്‍ (208 കോടി രൂപ) മൂല്യമുണ്ടെന്ന് കണക്കാക്കപ്പെടുന്നു, കൂടാതെ 2024-ലെ ഫോബ്സ് 30 അണ്ടര്‍ 30 പട്ടികയിലും അദ്ദേഹം ഉള്‍പ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹം മുംബൈയില്‍ നടന്നത്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നടത്തിയ ഈ ആഡംബര വിവാഹത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള താരങ്ങളും രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖന്‍മാരും പങ്കെടുത്തു. ഇതിന് ശേഷം ഇന്ത്യയില്‍ നടന്ന വമ്പന്‍ വിവാഹമായിരുന്നു ഉദയ്പുരില്‍ നടന്നത്.




