കൊച്ചി: 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' സിനിമാ വരുമാനത്തില്‍, കുഞ്ചാക്കോ ബോബന് മറുപടിയുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് യൂണിയന്‍. കുഞ്ചാക്കോ ബോബന് എന്ത് വ്യക്തത കുറവാണ് ഉള്ളതെന്ന് ഫിയോക് ചോദിച്ചു. പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട മലയാള സിനിമകളുടെ കളക്ഷനുമായി ബന്ധപ്പെട്ട നടന്റെ പ്രതികരണത്തിനാണ് ഫിയോക്കിന്റെ മറുപടി.

'കൃത്യമായ കണക്കുകളാണ് പുറത്തുവിട്ടത്. പുതുമുഖ നിര്‍മാതാക്കളെ സിനിമയിലേക്ക് ഇറക്കി വഞ്ചിക്കുന്നതിനെതിരെയാണ് കണക്ക് പുറത്തുവിട്ടത്. തീയേറ്ററുകളുടെ ദുരവസ്ഥ പുറത്തുകാണിക്കുന്നതാണ് കണക്കുകള്‍. പരിചയമില്ലാത്ത പുതിയ നിര്‍മതാക്കളെ കൊണ്ടുവന്ന് വഞ്ചിക്കാനായി ഒരു കൂട്ടം ആളുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി പരാജയപ്പെട്ടെന്ന് പറഞ്ഞിട്ടില്ല,' ഫിയോക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

'ഊതി പെരുപ്പിച്ച കണക്കുകളല്ല, സത്യമായവയാണ് പുറത്തു വിടുന്നത്. ഊതി പെരുപ്പിച്ച കണക്കുകള്‍ കണ്ട് പലരും സിനിമ പിടിക്കാന്‍ വന്നു കുഴിയില്‍ ചാടും. അത് ഒഴിവാക്കാന്‍ കൂടിയാണ് കണക്കുകള്‍ പുറത്തു വിടുന്നത്' ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു.

ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ചിത്രങ്ങളുടെ നഷ്ടക്കണക്ക് ഈ മാസം ദിവസങ്ങള്‍ക്ക് മുന്‍പ് നിര്‍മാതാക്കളുടെ സംഘടന പുറത്തുവിട്ടിരുന്നു. നിര്‍മാണത്തിനായി 75 കോടി ചെലവിട്ടെങ്കിലും 23 കോടി 50 ലക്ഷമാണ് തിരിച്ചുകിട്ടിയതെന്നും ഒരു സിനിമയ്ക്കും ചെലവഴിച്ച തുക തിരിച്ചു കിട്ടിയില്ലെന്നും നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടി. കുഞ്ചാക്കോ ബോബന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' എന്ന ചിത്രത്തിന്റെ കളക്ഷനും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. 13 കോടി മുടക്കിയ ചിത്രം 11 കോടി രൂപയാണ് നേടിയതെന്നായിരുന്നു കണക്ക്.ഇതുകൃത്യമായ കണക്കല്ലെന്നും ചിത്രം ഇതിനകം കേരളത്തില്‍ നിന്ന് മാത്രം ചിത്രം 30 കോടി നേടിയെന്നും കുഞ്ചാക്കോ ബോബന്‍ വിമര്‍ശിച്ചിരുന്നു.