തൃശൂര്‍: ആനപ്രേമികളുടെ ഹരമാണ് അന്നും ഇന്നും എന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. തലപൊക്കത്തിലും എടുപ്പിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ മറ്റ് ആനകളുടെയെല്ലാം മുന്നില്‍ നില്‍ക്കും. കേരളത്തിലെ നാട്ടാനകള്‍ക്കിടയിലെ സൂപ്പര്‍ സ്റ്റാറെന്ന വിളിപ്പേരും മറ്റാര്‍ക്കുമല്ല. കേരളത്തിലങ്ങോളമിങ്ങോളും ആരാധകരുള്ള ഗജപ്രമുഖന്‍. എല്ലാ ഗജലക്ഷണങ്ങളും തികഞ്ഞ ആനയെന്ന് കണക്കാക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആനപ്രേമികള്‍ രാമരാജന്‍ എന്നാണ് വിളിക്കുന്നത്.

കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആനയെന്ന ഖ്യാതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നെറ്റിപ്പട്ടമായി കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട് കാലമേറയായി. നിരവധി ഫേസ്ബുക്ക് പേജുകളും വാട്‌സാപ് കൂട്ടായ്മകളുമൊക്കെ തെച്ചിക്കോട്ട് രാമചന്ദ്രന്റെ പേരിലുണ്ട്. കേരളത്തില്‍ 'ഏകഛത്രാധിപതി' പട്ടമുള്ള ആനയെന്ന വിശേഷണവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുണ്ട്.

പൂരപ്പറമ്പുകളിലെ സൂപ്പര്‍ സ്റ്റാറിന്റെ പേരില്‍ പുതിയൊരു റെക്കോര്‍ഡ് കൂടി എത്തിയതിന്റെ ആഹ്ലാദത്തിലാണ് ആനപ്രേമികള്‍. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും റെക്കോര്‍ഡ് ഏക്കത്തുക ലഭിച്ചു എന്നതാണ് പുതിയ വിവരം. 13ലക്ഷത്തി അമ്പതിനായിരം രൂപയ്ക്കാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അക്കിക്കാവ് പൂരത്തിനെത്തിക്കുക. അക്കിക്കാവ് പൂരത്തിലെ കൊങ്ങണൂര്‍ ദേശം പൂരാഘോഷകമ്മിറ്റിയാണ് റെക്കോര്‍ഡ് തുകക്ക് ഏക്കത്തിനടുത്തത്. ഫെബ്രുവരി ഏഴിനാണ് പൂരം. പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിലെ ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ കേരളത്തിലെ നാട്ടാനകളില്‍ ലക്ഷണമൊത്ത ആനകളില്‍ മുന്‍നിരക്കാരനാണ്.

തലപ്പൊക്കത്തിന്റെ പേരില്‍ പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള ഗജവീരനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ഉയരമുള്ള ആനയെന്നാണ് രാമചന്ദ്രന്‍ അറിയപ്പെടുന്നത്. ബിഹാറില്‍ നിന്നെത്തിച്ച ഈ ആനയ്ക്ക് 326 സെന്റിമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടല്‍ നീളം 340 സെന്റീമീറ്ററോളവും വരും.

വിരിഞ്ഞ മസ്തകം, കൊഴുത്തുരുണ്ട നീണ്ട ഉടല്‍, ഉറച്ച കാലുകള്‍, എന്നിവയാണ് രാമചന്ദ്രന്റെ പ്രത്യേകതകള്‍. ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയും തലയെടുപ്പുമൊക്കെയുള്ള ഈ ആന എഴുന്നള്ളത്തിന് കോലം കയറ്റിക്കഴിഞ്ഞാല്‍ തിടമ്പിറക്കും വരെയും തല എടുത്തുപിടിച്ചുനില്‍ക്കുമെന്നതാണ് ആകര്‍ഷണീയത.

1964ല്‍ ജനിച്ച ഈ ആനയെ ബിഹാറിലെ ആനച്ചന്തയില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുമ്പോള്‍ മോട്ടിപ്രസാദ് എന്നായിരുന്ന് പേര്. ധനലക്ഷ്മി ബാങ്ക് മാനേജരായിരുന്ന എ എന്‍ രാമചന്ദ്ര അയ്യരായിരുന്നു ആദ്യത്തെ ഉടമ. പിന്നീട് തൃശൂരിലെ വെങ്കിടാദ്രിസ്വാമി, രാമചന്ദ്രനെ വാങ്ങിയപ്പോള്‍ ഗണേശന്‍ എന്ന് പേരിട്ടു. 1984ലാണ് പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങുന്നത്. അന്ന് ഭഗവതിയുടെ നടയ്ക്കിരുത്തിയാണ് രാമചന്ദ്രന്‍ എന്ന പേര് നല്‍കിയത്.