- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പന്തളം സർവീസ് സഹകരണ ബാങ്കിലെ മോഷണം; ചാനൽ ശബ്ദരേഖയിൽ കുടുങ്ങി സിപിഎം ഏരിയാ സെക്രട്ടറി; പ്രതികരണം വിഷയം പഠിക്കാതെയെന്ന് ജ്യോതികുമാറിന്റെ കുറ്റസമ്മതം; വലതുപക്ഷം പ്രചരിപ്പിക്കുന്ന ശബ്ദരേഖ അടിസ്ഥാന രഹിതമെന്നും വിശദീകരണം
പത്തനംതിട്ട: പന്തളം സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരൻ പണയ സ്വർണം മോഷ്ടിച്ച് മറ്റൊരു സ്വകാര്യ ബാങ്കിൽ പണയം വച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ സിപിഎം ഊരാക്കുടുക്കിൽ. സിപിഎം മുൻ ഏരിയാ സെക്രട്ടറി കെ.ആർ. പ്രമോദ് കുമാറിന്റെ മകൻ അർജുൻ പ്രമോദിന്റെ മോഷണം നിലവിലെ ഏരിയാ സെക്രട്ടറി സ്ഥിരീകരിക്കുന്ന ശബ്ദരേഖയാണ് ചാനൽ പുറത്തു വിട്ടത്. ഇതോടെ സിപിഎം ഒന്നടങ്കം വെട്ടിലായി. ജീവനക്കാരനെ ബാങ്കിൽ നിന്ന് പുറത്താക്കുമെന്ന് ജില്ലാ സെക്രട്ടറിക്ക് പ്രതികരിക്കേണ്ടി വന്നു. പാർട്ടി ഒന്നടങ്കം പ്രതിക്കൂട്ടിലായതോടെ പിടിച്ചു നിൽക്കാൻ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഏരിയാ സെക്രട്ടറി ജ്യോതികുമാർ. പക്ഷേ, സെക്രട്ടറിയുടെ വിശദീകരണം പാർട്ടിയെ കൂടുതൽ കുഴപ്പത്തിലാക്കുന്നതാണ്.
മൊബൈൽ ഫോൺ ശബ്ദരേഖാ വിവാദം പാർട്ടിയെ അപകീർത്തിപ്പെടുത്താനാണെന്ന് സിപിഎം പന്തളം ഏരിയാ കമ്മറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പന്തളം സർവീസ് സഹകരണ ബാങ്കിൽ ക്രമക്കേട് നടന്നുവെന്ന വ്യാജ പ്രചാരണങ്ങളും വ്യാജവാർത്തകളും തുടർന്നുള്ള ബിജെപി-കോൺഗ്രസ് അക്രമ സമരങ്ങളും പൊളിഞ്ഞതോടെ ഒരു വലതുപക്ഷ മാധ്യമം തന്റെ മൊബൈൽ ഫോൺ ശബ്ദരേഖയെന്ന് അവകാശപ്പെട്ട് പ്രചരിപ്പിക്കുന്നത് അടിസ്ഥാന രഹിതമാണെന്ന് ഏരിയാ സെക്രട്ടറി ആർ. ജ്യോതികുമാർ അറിയിച്ചു.
പന്തളം സഹകരണ ബാങ്കിനെ കുറിച്ച് കള്ള പ്രചാരണങ്ങൾ നടന്നപ്പോൾ പല മാധ്യമങ്ങളുടേയും പ്രതിനിധികൾ ഞായറാഴ്ച മൊബൈൽ ഫോണിൽ വിളിച്ചിരുന്നു. അപ്പോൾ ലഭ്യമായിരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പലരോടും പ്രതികരിക്കുകയും ചെയ്തു. തിങ്കളാഴ്ച ബാങ്ക് ഭരണ സമിതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നിട്ടില്ലന്നുള്ളതിന്റെ വിശദാംശങ്ങൾ ലഭിച്ചതിന് ശേഷവും പല മാധ്യമങ്ങളോടും പ്രതികരിച്ചിരുന്നു. ചില വിഷയങ്ങളിൽ പ്രാഥമിക വിവരങ്ങളിൽ അവ്യക്തതതകൾ ഉണ്ടെങ്കിലും പ്രതികരിക്കേണ്ടി വരും. പിന്നീട് ലഭിക്കുന്ന യഥാർത്ഥ വസ്തുതയുടെ അടിസ്ഥാനത്തിൽ കൃത്യമായ പ്രതികരണം വീണ്ടും നടത്തുന്നത് രാഷ്ട്രീയ രംഗത്ത് സ്വാഭാവികമായ കാര്യമാണ്.
എന്നാൽ ആദ്യത്തെ പ്രതികരണത്തിൽ കൃത്രിമം വരുത്തിയാണ് ഒരു ദൃശ്യ മാധ്യമം ഇപ്പോൾ ബിജെപിക്കും കോൺഗ്രസിനും വേണ്ടി ശബ്ദരേഖ പ്രചരിപ്പിക്കുന്നത്. പ്രതികരണങ്ങൾെ വളച്ചൊടിച്ച് സിപിഎമ്മിനെയും നേതാക്കന്മാരേയും അപകീർത്തിപ്പെടുത്തുന്നതിനുള്ള ബിജെപി-കോൺഗ്രസ് വലതുപക്ഷ മാധ്യമ ഗൂഢാലോചന ജനം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ പുറത്തു വന്നതോടെയാണ് ജ്യോതികുമാറിന് ആദ്യം മോഷണം നടന്നുവെന്ന് സമ്മതിക്കേണ്ടി വന്നത്. ജില്ലയിൽ ആദ്യമായി ശക്തമായ ഒരു സമരം ബിജെപി നടത്തിയതോടെ സിപിഎം അങ്കലാപ്പിലായി. ശക്തമായ സമരമാണ് ബിജെപി ഈ വിഷയത്തിൽ നടത്തുന്നത്. ക്രമക്കേട് വ്യക്തമാവുകയും പണയ സ്വർണം മോഷ്ടിച്ച ജീവനക്കാരൻ മറ്റൊരു 35 പവൻ സ്വർണം സംഘടിപ്പിച്ച് തിരിച്ചു കൊടുക്കുകയും ചെയ്തു. ശേഷിച്ച സ്വർണം മടക്കി കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ക്രമക്കേടും മോഷണവും വ്യക്തമായതോടെ സിപിഎമ്മിന് നിൽക്കകള്ളിയില്ലാതെ വന്നിരിക്കുകയാണ്. അതിനിടെയാണ് ഒരു ചാനൽ മോഷണം സമ്മതിച്ചു കൊണ്ടുള്ള ഏരിയാ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ പുറത്തു വിട്ടത്.
ശ്രീലാല് വാസുദേവന് മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്