ഇടുക്കി: ഇസ്രായേല്‍ സ്വദേശികളെന്ന് പറഞ്ഞതോടെ തന്നെ ജൂതന്‍മാരെന്ന് മുദ്രകുത്തി വെറികാണിച്ച തേക്കടിയിലെ കാശ്മീരി കച്ചവടക്കാരന് പണികിട്ടി. തേക്കടിയിലെത്തിയ ഇസ്രായേല്‍ സ്വദേശിയായ വിനോദ സഞ്ചാരിയെ കടയില്‍ നിന്ന് ഇറക്കിവിട്ട സംഭവം ദേശീയ തലത്തില്‍ ശ്രദ്ധ നേടുകയും അത് റോയുടെയും അറ്റ് അന്വേഷണ ഏജന്‍സികളുടെയും ശ്രദ്ധ ക്ഷണിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ വിവാദമുണ്ടാക്കി ആ കാശ്മീരികള്‍ ഇനി തേക്കടിയില്‍ ജോലി ചെയ്യില്ല. തുടരന്വേഷണങ്ങള്‍ ഉണ്ടാകാനുള്ള പശ്ചാത്തലത്തില്‍ കാശ്മീര്‍ സ്വദേശികളായ പാര്‍ട്‌ണേഴ്‌സിനെ കടയില്‍ നിന്നും തല്‍ക്കാലത്തേക്ക് ഒഴിവാക്കാന്‍ കട ഉടമക്ക് പോലീസ് നിര്‍ദേശം നല്‍കി. ഈ നിര്‍ദേശത്തെ വ്യാപാരി വ്യവസായി ഏകോപന സമതിയും പിന്തുണച്ചു. വിവാദസംഭവം തേക്കടിയിലെ ടൂറിസം മേഖലക്ക് വലിയ തിരിച്ചടി ഉണ്ടാക്കുമെന്ന തിരിച്ചറിവിലാണ് ഇപ്പോഴത്തെ നടപടികള്‍. കട താല്‍ക്കാലത്തേക്ക് അടച്ചിട്ടിരിക്കയാണ്.

ബുധനാഴ്ച്ച രാത്രിയാണ് കുമളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ക്രെഡിബിള്‍ ക്രാഫ്റ്റ്‌സ് എന്ന കടയില്‍ ഇസ്രയേല്‍ സ്വദേശിയായ ഡോവര്‍ വാല്‍ഫര്‍ സാധനം വാങ്ങാന്‍ എത്തിയത്. കുമളി സ്വദേശിയും രണ്ട് കാശ്മീര്‍ സ്വദേശികളും ചേര്‍ന്നാണ് കട നടത്തുന്നത്. ഫുട്പാത്തിലൂടെ നടന്നു പോയപ്പോള്‍ കടയിലുള്ളവര്‍ വിളിച്ചു കയറ്റുകയായിരുന്നു. വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനിടെ സ്വദേശത്തുള്ള ബന്ധുവിനോട് ഇവര്‍ മൊബൈലില്‍ ഹീബ്രു ഭാഷയില്‍ സംസാരിച്ചു. ഇത് കേട്ട കടയില്‍ ഉണ്ടായിരുന്ന ഉടമകളില്‍ ഒരാളും കാശ്മീര്‍ സ്വദേശിയുമായ ഹയാസ് അഹമ്മദ് റാത്തര്‍ ഏത് രാജ്യത്തു നിന്നെത്തിയതാണെന്നു ചോദിക്കുകയായിരുന്നു.

ഇസ്രായേല്‍ സ്വദേശി ആണെന്ന് പറഞ്ഞതോടെ ഹയാസിന്റെ മട്ടുംഭാവവും മാറി. നിങ്ങള്‍ക്ക് ഇവിടെ നിന്നും സാധനങ്ങള്‍ തരില്ലെന്ന് പറയുകയും കടയില്‍ നിന്ന് ഇറങ്ങണം എന്നാവശ്യപ്പെട്ട് ഒച്ച വെക്കുകയും ചെയ്തു. തുടര്‍ന്ന് ലൈറ്റും അണച്ചു. ഭയന്ന് പോയ വനിതാ സഞ്ചാരി വേഗം പുറത്തിറങ്ങി ഭര്‍ത്താവിനെയും ടാക്‌സി ഡ്രൈവറെയും വിളിച്ചു. ഇവരെത്തി കടയുടമയോട് സംസാരിച്ചു. ബഹളം കേട്ട് സമീപത്തുണ്ടായിരുന്ന കടക്കാരും ഡ്രൈവര്‍മാരും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതോടെ ഹയാസ് അഹമ്മദ് റാത്തര്‍ മാപ്പ് പറഞ്ഞ് തടിയൂരി.

അതേസമയം തെറ്റ് മനസ്സിലാക്കി മാപ്പ് പറഞ്ഞതിനാല്‍ പരാതി ഇല്ലെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു. വിദേശികള്‍ക്ക് അപമാനം നേരിട്ട സംഭവം ആയതിനാല്‍ കാശ്മീര്‍ സ്വദേശികളായ രണ്ടു പേരെയും കടയില്‍ നിന്നും ഒഴിവാക്കാന്‍ പോലീസ് നിര്‍ദേശിച്ചു. തേക്കടിയിലെ ടൂറിസം മേകലക്ക് തിരിച്ചടി ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ കശ്മീര്‍ സ്വദേശികളുമായുള്ള പാര്‍ട്ണര്‍ഷിപ് ഒഴിവാക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും ആവശ്യപ്പട്ടിട്ടുണ്ട്. കട താല്‍ക്കാലത്തേക്ക് അടച്ചിട്ടു.

സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചും കേന്ദ്ര രഹസ്യന്വേഷണ വിഭാഗവും വിവരങ്ങള്‍ സെല്‍ഹാരിച്ചിട്ടുണ്ട്. പരാതി ഇല്ലാത്തതിനാല്‍ കൂടുതല്‍ അന്വേഷണം വേണ്ടെന്നാണ് പോലീസ് നിലപാട്. കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കാശ്മീര്‍ സ്വദേശികളുടെ കടയില്‍ നിന്നാണ് ഇസ്രയേലുകാരെ ഇറക്കിവിട്ടത്. ഈ കടയുടമകള്‍ കടയിലെത്തുന്നവരോട് രാജ്യം ചോദിക്കുന്നത് പതിവാണ്. ഇതിന്റെ പേരില്‍ മുമ്പും വിവാദങ്ങളുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വലിയ പ്രതിഷേധമാണ് നാട്ടുകാര്‍ കടയുടമകള്‍ക്കെതിരെ ഉയര്‍ത്തുന്നത്. ഈ കടയ്ക്ക് അടുത്തും കാശ്മീരികളുടെ മറ്റ് കടയുണ്ട്. അവരൊന്നും ഇസ്രയേലി ദമ്പതികള്‍ക്ക് സാധനം നല്‍കുന്നതില്‍ വിമുഖതയും കാട്ടിയില്ല. ഈ ഒരു കടമാത്രമാണ് ഈ പ്രശ്നത്തിന് കാരണമെന്നാണ് പ്രദേശത്തെ വ്യാപാരികളും പറയുന്നത്.

വിവാദ സംഭവം കേരളത്തിന് നാണക്കേടായതോടെ നാട്ടുകാര്‍ അതിവേഗ ഇടപെടലാണ് നടത്തിയത്. ഡ്രൈവര്‍ സിദ്ധാര്‍ത്ഥന്‍ നടത്തിയ നീക്കത്തിനൊടുവില്‍ കടക്കാര്‍ മാപ്പു പറഞ്ഞു. വീഡിയോ വൈറലായതോടെ അന്വേഷണത്തിന് പോലീസും സ്പെഷ്യല്‍ ബ്രാഞ്ചും എത്തി. കേന്ദ്ര ഇന്റലിജന്‍സും റോയും തേക്കടയിലേക്ക് വന്നു. വ്യാപാരികളും ഇസ്രയേലികള്‍ക്കെതിരെ നിലപാട് എടുത്ത കടയ്ക്ക് എതിരായി.

ഈ പ്രശ്നത്തിന്റെ വീഡിയോ അതിവേഗം വൈറലായതോടെ നയതന്ത്ര തലത്തിലെ ഇടപെടല്‍ കേന്ദ്ര ഏജന്‍സികളും തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് വിവര ശേഖരണത്തിന് ഐബിയും റോയും ഓടിയെത്തിയത്. നിലവില്‍ പ്രശ്നമൊന്നുമില്ലെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. കട നടത്തിപ്പുകാരുടെ ചരിത്രവും പശ്ചാത്തലവുമെല്ലാം ഐബിയും റോയും ശേഖരിക്കും. പോലീസിലെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ഇസ്രയേല്‍ എംബസിയും ഈ വിവാദം ശ്രദ്ധിച്ചിട്ടുണ്ട്. നിലവില്‍ അവര്‍ ഒരു തരത്തിലും ഇടപെട്ടിട്ടില്ല. നാട്ടുകാരുടെ പിന്തുണ കിട്ടിയതില്‍ ഇസ്രയേലി ദമ്പതികളും സന്തുഷ്ടരാണ്.

ഇസ്രായേല്‍ പൗരന്മാര്‍ ആയത് കൊണ്ട് വിനോദ സഞ്ചാരികളെ ഇറക്കി വിട്ടു എന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് സമീപത്തുള്ള കടക്കാര്‍ ഇടപെടുകയായിരുന്നു. കാര്യം എന്താണെന്ന് മനസിലായതിനെ തുടര്‍ന്ന് ക്രുദ്ധരായ പ്രദേശ വാസികള്‍ കുറച്ച് കടുത്ത ഭാഷയില്‍ തന്നെ മറ്റ് കടയുടമയോട് ഇടപെടുകയായിരുന്നു. പ്രദേശ വാസികളായ കടക്കാര്‍, കശ്മീര്‍ സ്വദേശികളോട് രൂക്ഷമായി സംസാരിക്കുന്നതും, ദേഷ്യപ്പെടുന്നതും പുറത്തു വന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. നാട്ടുകാരുടെ ഇടപെടലുണ്ടായില്ലെങ്കില്‍ നയതന്ത്ര തലത്തില്‍ പോലും അത് രാജ്യത്തിന് തിരിച്ചടിയാകുമായിരുന്നു.