പാലക്കാട്: ആ ക്രൂരനായ അച്ഛന് വിധി ദിനത്തിലും മുഖത്ത് പുഞ്ചിരിയായിരുന്നു. മകളുടെ കണ്ണീരും അനീഷിന്റെ അമ്മയുടെ നിലവിളിയും ആ പ്രതിയ്ക്ക് നല്‍കിയത് സന്തോഷമായിരുന്നു. മകളുടെ ഭര്‍ത്താവിനെ കൊന്നതിന് ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചിട്ടും അച്ഛന് തെല്ലും കൂസലില്ല. മലയാളിയുടെ മനസ്സില്‍ വീണ്ടും ഹരിത നൊമ്പരമാകുകയാണ്. ഭര്‍ത്താവിനെ കൊന്ന സ്വന്തം അച്ഛന് നല്‍കിയ ശിക്ഷ പോരെന്ന് ആവര്‍ത്തിക്കുകയാണ് മകള്‍. കോടതിക്ക് പുറത്ത് അപ്പീല്‍ നല്‍കുമെന്ന് പറഞ്ഞ് ആ മകള്‍ വീണ്ടും കരഞ്ഞു.

രണ്ടാം നിലയില്‍ ഇരുന്ന് പുഞ്ചിരി തൂകി എല്ലാം ആ പ്രതി കണ്ടു. മലയാളി മനസാക്ഷിയെ ഞെട്ടിക്കുന്ന മുഖഭാവമായിരുന്നു ആ ക്രൂരന്റേത്. അവിടെ കൂടി നിന്നവര്‍ക്കെല്ലാം ശിക്ഷ പോരെന്ന അഭിപ്രായമായിരുന്നു. പരസ്യമായി ദുരഭിമാനത്തിന്റെ പേരില്‍ കൊന്നു തള്ളിയിട്ടും ഇരട്ട ജീവപര്യന്തം പോലുമില്ലാതെ നിരാശപ്പെടുത്തിയ വിധി. വധശിക്ഷ പ്രതീക്ഷിച്ചെത്തിയ ഹരിതയും അനീഷിന്റെ അച്ഛനും അമ്മയും നിരാശ പുറത്തു പറഞ്ഞ് മടങ്ങി.

ഒരിക്കലും തൃപ്തിയല്ല. വധ ശിക്ഷ തന്നെ നല്‍കണം-ഇതാണ് വിധി കേട്ട ശേഷവും ഹരിതയ്ക്ക് പറയാനുണ്ടായിരുന്നത്. തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പ്രതികള്‍ക്കും കോടതി ജീവപര്യന്തം തടവും 50000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. 2020 ഡിസംബര്‍ 25ന് വൈകീട്ടാണ് സംഭവം. ഹരിതയെ പ്രണയിച്ച് വിവാഹം കഴിച്ച തേങ്കുറിശ്ശി ഇലമന്ദം അനീഷിനെ (27) വിവാഹത്തിന്റെ 88-ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ജാതി പ്രശ്‌നം ഉയര്‍ത്തിയായിരുന്നു കൊലപാതകം. പ്രതികളെ വധശിക്ഷയ്ക്ക് വിധിക്കണം. ഇവര്‍ പുറത്തിറങ്ങിയാല്‍ ഇനി അവര്‍ എന്നേയും കൊല്ലും. ഇപ്പോഴും ഭീഷണിയുണ്ടെന്ന് ഹരിത പറയുന്നു. അവര്‍ ക്രിമിനലുകളാണ്. കൂസലില്ലായ്മയ്ക്ക് തെളിവാണ് പ്രതികളുടെ മുഖത്തെ പുഞ്ചിരിയെന്ന് കോടതിയിലുള്ളവരും സമ്മതിക്കുന്നു. വിവാഹത്തെത്തുടര്‍ന്ന് അനീഷും ഹരിതയുടെ വീട്ടുകാരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ബൈക്കില്‍ സഹോദരനൊപ്പം സഞ്ചരിക്കുന്നതിനിടെ അനീഷിനെ മാന്നാംകുളമ്പില്‍വെച്ച് തടഞ്ഞുനിര്‍ത്തി സുരേഷും പ്രഭുകുമാറും ചേര്‍ന്ന് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

ഹരിതയെ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. തേങ്കുറിശ്ശി ഇലമന്ദം ആറുമുഖന്റെയും രാധയുടെയും മകനാണ് അനീഷ്. ഹരിതയുടെ (19) അച്ഛന്‍ തേങ്കുറിശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ (43), ഭാര്യാ സഹോദരന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് (45) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ദുരഭിമാനക്കൊലയെന്ന് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. അതിക്രൂരമായിരുന്നു കൊല. ഉത്തരേന്ത്യയിലെ ദുരഭിമാന കൊലകളെ വെല്ലുന്നതായിരുന്നു കൊലപാതകം.

ക്വട്ടേഷന് ഏല്‍പ്പിക്കുന്ന ഉത്തരേന്ത്യന്‍ മോഡലിനെ പോലും അമ്പരപ്പിക്കുന്ന രീതിയില്‍ അച്ഛനും അമ്മാവനും നേരിട്ടെത്തി കൊല നടത്തുന്ന അത്യപൂര്‍വ്വത. ഈ കേസില്‍ പോലീസ് സ്‌റ്റേഷനില്‍ വെച്ചാണ് പിതാവ് കൊലവിളി നടത്തിയത് എന്ന സാഹചര്യവും ഉണ്ടായിരുന്നു. എന്നിട്ടും ഈ കേസിനാണ് ഇരട്ട ജീവപര്യന്തം പോലുമില്ലെന്നത് ഹരിതയേയും അനീഷിന്റെ ബന്ധുക്കളേയും ഞെട്ടിച്ചു. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 75 ദിവസം കൊണ്ടാണ് ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

ദുരഭിമാനക്കൊലയെന്നാണ് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. കൊലക്കുറ്റത്തിനുപുറമേ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. ഡിവൈ.എസ്.പി. സി. സുന്ദരനാണ് അന്വേഷണോദ്യോഗസ്ഥന്‍. കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. അനില്‍ ഹാജരായി. 110 സാക്ഷികളാണുണ്ടായിരുന്നത്. പ്രതികള്‍ എത്തിയ രണ്ട് ബൈക്കുകള്‍, കത്തി എന്നിവയടക്കമുള്ള തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.