തിരുവണ്ണാമലൈ: എട്ടു പതിറ്റാണ്ടോളമായി പ്രവേശനമില്ലാതിരുന്ന ക്ഷേത്രത്തിൽ ആരാധന നടത്തി ദലിതർ ചരിത്രം കുറിക്കുമ്പോൾ തകർന്ന് വീണത് പ്രാർത്ഥനകൾക്കു വെവ്വേറെ ക്ഷേത്രങ്ങൾ ഉപയോഗിക്കുക എന്ന ഉടമ്പടി. തമിഴ്‌നാട് സർക്കാരിന്റെ പിന്തുണയിൽ ഇരുന്നൂറോളം ദലിതരാണു ക്ഷേത്രത്തിൽ പ്രവേശിച്ചത്. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ തെന്മുടിയന്നൂർ ക്ഷേത്രത്തിലായിരുന്നു ചരിത്രമുഹൂർത്തം.

പ്രബല സമുദായത്തിന്റെ കടുത്ത എതിർപ്പുണ്ടായിട്ടും ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു ദലിതരുടെ ക്ഷേത്രപ്രവേശനം. പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു നീക്കം. 500ലേറെ ദലിത് കുടുംബങ്ങൾ താമസിക്കുന്ന തെന്മുടിയന്നൂരിലെ 200 വർഷം പഴക്കമുള്ള ക്ഷേത്രമാണിത്. പ്രാർത്ഥനകൾക്കു വെവ്വേറെ ക്ഷേത്രങ്ങൾ ഉപയോഗിക്കുക എന്ന ഉടമ്പടിയാണ് ഗ്രാമത്തിൽ നിലനിന്നിരുന്നത്.

ക്ഷേത്രത്തിലേക്ക് ദലിതർക്ക് പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടവും പൊലീസും ചർച്ച നടത്തിയിരുന്നെങ്കിലും പ്രബല സമുദായത്തിന്റെ എതിർപ്പ് ശക്തമായിരുന്നു. ദലിതർ പ്രവേശിച്ച ക്ഷേത്രം മുദ്രവയ്ക്കണം എന്നാവശ്യപ്പെട്ട് 750ലേറെ പേർ പ്രതിഷേധവുമായി രംഗത്തെത്തി. സംഘർഷ സാധ്യത ഒഴിവാക്കാൻ പ്രദേശത്ത് കൂടുതൽ പൊലീസിനെ നിയോഗിച്ചു.

തമിഴ്‌നാട് ദേവസ്വം വകുപ്പിന് കീഴിലുള്ള ക്ഷേത്രമുള്ള ഗ്രാമത്തിൽ 1700-ഓളം കുടുംബങ്ങളാണുള്ളത്. ഇതിൽ 500-ൽപ്പരം ദളിത് കുടുംബങ്ങളാണ്. 80 വർഷം മുമ്പ് നിർമ്മിച്ച ക്ഷേത്രത്തിൽ ഇതുവരെ ദളിത് വിഭാഗക്കാർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. എല്ലാവർഷവും പൊങ്കൽ മുതൽ ഓരോ ജാതിയിൽപ്പെട്ടവർക്കും പ്രത്യേകം വഴിപാടുകൾ നടത്താൻ ഒരുദിവസംവീതം അനുവദിക്കും. ഇത്തരത്തിൽ 12 ജാതികളിൽപ്പെട്ടവർക്ക് ക്ഷേത്രത്തിൽ വഴിപാട് നടത്താൻ അനുമതിയുണ്ടെങ്കിലും ദളിത് വിഭാഗത്തെ മാത്രം അകറ്റിനിർത്തി.

ഇത്തവണ തങ്ങൾക്കും വഴിപാടിന് അനുമതിനൽകണമെന്ന ആവശ്യവുമായി ദളിത് വിഭാഗക്കാർ കളക്ടറെ സമീപിച്ചു. തുടർന്ന് ജില്ലാഭരണകൂടവും പൊലീസും ഇതരജാതിക്കാരുമായി ചർച്ചനടത്തുകയും ദളിതരെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽനിന്ന് തടയാൻപാടില്ലെന്ന് അറിയിക്കുകയും ചെയ്തു. 30-ന് ക്ഷേത്രത്തിൽ പൊങ്കൽ വഴിപാട് നടത്താൻ ദളിത് വിഭാഗക്കാർക്ക് അനുമതിയും നൽകി.

എന്നാൽ, തിങ്കളാഴ്ച രാവിലെ അഞ്ചിന് ക്ഷേത്രം തുറക്കുന്നതിനുമുമ്പ് പ്രതിഷേധവുമായി ഇതരജാതിക്കാരെത്തി. ഇവരിൽ ഭൂരിപക്ഷവും സ്ത്രീകളായിരുന്നു. സർക്കാർ പ്രതിനിധികൾ പ്രതിഷേധക്കാരുമായി ചർച്ചനടത്തി. പിന്നീട് പൊലീസ് അകമ്പടിയോടെ ദളിതരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മേൽജാതിക്കാർക്ക് പ്രവേശനം മതിയെന്ന് തീരുമാനിച്ച മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ കയറാനും ആരാധന നടത്താനും ദളിത് കുടുംബങ്ങൾ ശ്രമം ആരംഭിച്ചിട്ട് നീണ്ട എൺപത് വർഷമായി. ക്ഷേത്രത്തിൽ കയറാനെത്തുന്ന കുടുംബങ്ങളെ തടയുന്നതും സംഘർഷവും പ്രദേശത്ത് പതിവുകാഴ്ചയായി. ഇതോടെയാണ് പ്രദേശവാസികൾ ഹിന്ദുമത ചാരിറ്റി വകുപ്പിന് നിവേദനം നൽകിയത്. വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പരാതി സത്യമാണെന്ന് കണ്ടെത്തി. ഇതോടെയാണ് ദളിത് കുടുംബങ്ങൾക്ക് ക്ഷേത്രപ്രവേശനത്തിനുള്ള അനുവതി ലഭിച്ചത്. ഏതെങ്കിലും തരത്തിൽ ആരാധനയ്ക്ക് ബുദ്ധിമുട്ട് നേരിട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി.

സുരക്ഷയുടെ ഭാഗമായി, കലക്ടർക്കൊപ്പം വെല്ലൂർ സോണൽ ഡിഐജി മുത്തുസ്വാമി, തഹസിൽദാർ മന്ദാകിനി എന്നിവരും ക്ഷേത്രത്തിലെത്തിയിരുന്നു. ഇന്നലെ ഉത്സവാന്തരീക്ഷത്തിൽ പ്രദേശത്തെ നൂറുകണക്കിന് ദളിത് കുടുംബങ്ങൾ ക്ഷേത്രത്തിലെത്തി ആരാധന നടത്തി, പൊങ്കാലയിട്ട് മടങ്ങി. തമിഴ് നാട്ടിൽ ആഴ്ചകളുടെ വ്യത്യാസത്തിൽ, രണ്ടാമത്തെ ക്ഷേത്രത്തിലാണ് ദളിതർക്ക് പ്രവേശനം അനുവദിക്കുന്നത്.