- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഫ്ളാറ്റുകളിലെ മാലിന്യവും മലിന ജലവും ഒഴുക്കി വിടുന്നത് തെറ്റിയാറിൽ; അനധികൃത നിർമ്മാണങ്ങളുടെ കടന്നുകയറ്റവും വിനയായി; മാലിന്യ പുഴയെ ശുദ്ധീകരിക്കാൻ 'ടെക്കികൾ' ശ്രമിച്ചിട്ടും നടന്നില്ല; അങ്ങനെ ചരിത്രത്തിൽ ആദ്യമായി ടെക്നോപാർക്കും മുങ്ങി; കഴക്കൂട്ടത്തെ പ്രതിസന്ധിയായി തെറ്റിയാർ; ഇത് ഫേസ് ത്രീ പ്രതിസന്ധിയോ?
തിരുവനന്തപുരം: മണിക്കൂറുകൾ നിറുത്താതെ പെയ്ത കനത്ത മഴയിൽ തിരുവനന്തപുരം അക്ഷരാർത്ഥത്തിൽ വെള്ളത്തിനടിയിലാകുമ്പോൾ ഏറെ ചർച്ചയാകുന്നത് ടെക്‌നോ പാർക്കിലെ വെള്ളക്കെട്ട്. തെറ്റിയാറിലെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന നിർമ്മാണ പ്രവർത്തനമാണ് പ്രതിസന്ധിയായത്.
തെറ്റിയാർ കരകവിഞ്ഞതോടെ ചരിത്രത്തിലാദ്യമായി ടെക്‌നോപാർക്ക് മുങ്ങി. ഗായത്രി ബിൽഡിംഗിലേക്ക് വെള്ളം കയറി. ഇവിടെ നിരവധി വാഹനങ്ങളും വെള്ളത്തിനടിയി. പ്രധാന ഗേറ്റുവഴിയുള്ള ഗതാഗതവും നിരോധിക്കേണ്ടി വന്നു. ഞായറാഴ്ച ആയതിനാൽ ടെക്‌നോപാർക്കിലെ ഒട്ടുമിക്ക സ്ഥാപനങ്ങളും അവധിയാണ്. തെറ്റിയാർ തോടിൽ നിന്നുള്ള വെള്ളം കയറിയതിനെത്തുടർന്ന് മൂന്നുകുടുംബങ്ങളെ ഫയർഫാേഴ്‌സ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.ഫേസ് ത്രീ കാമ്പസിനുസമീപം തെറ്റിയാർ തോടിൽ നിന്നുള്ള വെള്ളം കയറിയതോടെ ഇവിടത്തെ ഹോസ്റ്റലിൽ നിരവധി പെൺകുട്ടികൾ കുടുങ്ങി.
തലസ്ഥാനത്തെ സുപ്രധാന വാട്ടർ ഷെഡുകളിലൊന്നായ തെറ്റിയാർ നീർത്തടം മാലിന്യം ഒഴുകിയെത്തി നിശ്ചലമായിരുന്നു. സർക്കാർ നടപ്പിലാക്കിയ പുനരുജ്ജീവന പദ്ധതികളും തെറ്റിയാറിന്റെ രക്ഷക്കെത്തിയില്ല. കഴക്കൂട്ടം, അണ്ടൂർക്കോണം, പോത്തൻകോട് തുടങ്ങിയ ഗ്രാമ പ്രദേശങ്ങളിലെ ഒട്ടനവധി നെല്ലറകളായ ഏലകൾക്ക് വെള്ളം എത്തിയ തെറ്റിയാർ തോട്ടിൽ ഇന്ന് കൈയേറ്റങ്ങളും മാലിന്യനിക്ഷേപവും കാരണം നിശ്ചലമായ അവസ്ഥയിലാണ്. ഇതു തന്നെയാണ് ടെക്‌നോപാർക്കിലെ വെള്ളക്കെട്ടിനും കാരണം.
തെറ്റിയാർ കനാലിന്റെ ഒരു ഭാഗം ടെക്‌നോപാർക്കിന്റെ ഫേസ്-1, ഫേസ്-3 ക്യാമ്പസുകളിലൂടെ കടന്നുപോകുന്നുണ്ട്. കനാലിനെ വീണ്ടെടുക്കാൻ കനാലിൽ മാലിന്യം തള്ളുന്നത് തടഞ്ഞും മഴക്കാലത്ത് കനാലിൽ നിന്നുള്ള മലിനജലം പാർക്കിലേക്കും സമീപപ്രദേശങ്ങളിലേക്കും ഒഴുകാതിരിക്കാനുമാണ് ടെക്നോപാർക് പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതൊന്നും ശരിയായി നടന്നില്ല. ദേശീയ പാതാ നിർമ്മാണത്തിലെ അശാസ്ത്രിയതകൾ കൂടിയായപ്പോൾ തെറ്റിയാറിന്റെ വീതി ചുരുങ്ങി. മാലിന്യം തള്ളലും ഭീഷണിയായി.
തിരുവനന്തപുരം ടെക്‌നോപാർക്ക് ഫെയ്‌സ് 3യ്ക്ക് സമീപത്തുള്ള വീടുകളിൽ 2011ലും വെള്ളംകയറിയിരുന്നു. ടെക്‌നോപാർക്കിലെ നിർമ്മാണപ്രവർത്തനങ്ങളെ തുടർന്നാണ് തെറ്റിയാറിൽ നിന്ന് വെള്ളം വീടുകളിൽ കയറിയത്. തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചു. ഈ സ്ഥലം ടെക്‌നോപാർക്ക് പിന്നീട് ഏറ്റെടുത്തു. ഇതോടെ വെള്ളം ടെക്‌നോപാർക്കിലേക്കും ഇറച്ചു കയറിയെന്നതാണ് യഥാർത്ഥ്യം. തെറ്റിയാറിന്റെ വീതി കുറഞ്ഞതും ഇടുങ്ങിയതുമെല്ലാം പ്രശ്‌നമായി മാറി.

തെറ്റിയാർ തോടിന്റെ പ്രധാന കൈവഴിയുടെ ഗതിമാറ്റില്ലെന്ന് ടെക്‌നോപാർക്കിലെ അധികൃതർ നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. പക്ഷേ അതെല്ലാം വെറുതെയായി എന്നാണ് ഇപ്പോഴത്തെ വെള്ളക്കെട്ട് തെളിയിക്കുന്നത്. ടെക്‌നോപാർക്ക് ഫേസ് ത്രീക്കു സമീപം കെട്ടിട നിർമ്മാണത്തിന്റ ഭാഗമായി ഇതുവഴി ഒഴുകുന്ന കൊച്ചു പാലം കുശമുട്ടം കൈതോട് ഗതിമാറ്റി വിടാൻ അണിയറയിൽ ശ്രമം നടക്കുന്നു എന്ന് ആരോപിച്ച് നാട്ടുകാർ രണ്ടു കൊല്ലം മുമ്പ് പ്രതിഷേധിച്ചിരുന്നു.
ടെക്നോപാർക്ക് മൂന്നാംഘട്ട വികസന പ്രവർത്തനങ്ങളുടെ ഫലമായി തെറ്റിയാർ തോട്ടിലെ ഒഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്നാണ് ജനവാസമേഖലകളിലേക്ക് വെള്ളം ഒഴുകിയെത്തിയത്. കോർപറേഷൻ െതരഞ്ഞെടുപ്പിലെ പ്രധാനവാഗ്ദാനങ്ങളിൽ ഒന്നായിരുന്നു തെറ്റിയാറിലെ പാർശ്വ ഭിത്തിയുടെ നിർമ്മാണം. വനിത ടെക്കികൾ താമസിക്കുന്ന ഇവിടെ ചെളിവെള്ളത്തിൽ ചവിട്ടിയാണ് നാട്ടുകാർ ഉൾപ്പെടെയുള്ളവർ സഞ്ചരിക്കുന്നത്.

നിലവിൽ വൻകിട ഭവന സമുച്ചയങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും മലിനജലവും ഒഴുക്കിവിടുന്നത് തെറ്റിയാറിലേക്കാണ്. വിവിധ സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിലെ കക്കൂസ് മാലിന്യമടക്കം തെറ്റിയാറിലേക്ക് തുറന്ന് വിടുന്നുണ്ട്. കഴക്കൂട്ടം ജംഗ്ഷനിൽ നിന്നുള്ള പ്രധാന ഓടയും തെറ്റിയാറിലാണ് അവസാനിക്കുന്നത്. തെറ്റിയാറിന്റെ കരകളിൽ അടുത്ത കാലത്തുണ്ടായ അനധികൃത നിർമ്മാണങ്ങളുടെ കടന്നുകയറ്റം തെറ്റിയാറിനെ മലിനമാക്കുന്നതിനും ഇല്ലായ്മ ചെയ്യുന്നതിനും കാരണമായിട്ടുണ്ട്.
കൈയേറ്റങ്ങളിലെ ക്രമാതീതമായ വർദ്ധന തോടിന്റെ വീതി ഗണ്യമായി കുറച്ചു. മാലിന്യം അടിഞ്ഞുകൂടി കരയേത് തൊടേത് എന്ന് തിരിച്ചറിയാനാവാത്ത സ്ഥിതിയാണ്. ആറ്റിപ്ര, കുളത്തൂർ, മേഖലകളിൽ നഗരസഭയുടെ നേതൃത്വത്തിൽ തെറ്റിയാറിന്റെ തീരപ്രദേശത്ത് കയർ മേറ്റുകൾ വിരിച്ച് തോടിന്റെ സംരക്ഷണം നടത്തിയെങ്കിലും എല്ലാം വിഫലമായി. മാലിന്യ പുഴയായി മാറിയ തെറ്റിയാറിനെ ശുദ്ധീകരിച്ച് പൂർവ്വസ്ഥിതിയിലാക്കാൻ ടെക്നോപാർക്കിലെ ചില സംഘടനകൾ രംഗത്തുവന്നെങ്കിലും എല്ലാം അട്ടിമറിക്കപ്പെട്ടു.

തെറ്റിയാറിന്റെ തീരത്ത് സർക്കാർ അനുമതികളോടെ നടക്കുന്ന വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ തെറ്റിയാർ തോടിന്റെ നിലനിൽപ്പിനെ തന്നെ സാരമായി ബാധിക്കുന്നുണ്ട്. കൂടാതെ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടി മിക്കയിടത്തും ഒഴുക്ക് തടസപ്പെട്ടുകിടക്കുന്നതിനാൽ മഴക്കാലത്ത് വെള്ളപ്പൊക്കത്തിന്റെ ദുരിതമെത്തുകയാണ്.
കല്ലടിച്ചവിള ഉടൻകുളം, കുണ്ടയത്തു നട, തെങ്ങാംവിള, തെങ്ങനാംകോട് ചിറ എന്നിവ ചേർന്നതാണ് തെറ്റിയാർ തോട്. കൂനയിൽ, പണിമൂല, വെട്ടുറോഡ് വഴി കഴക്കൂട്ടത്ത് എത്തിച്ചചേരുന്ന കൈവഴിയും കാട്ടായിക്കോണത്തു നിന്ന് ആരംഭിച്ച് ശാസ്തവട്ടം, മൂഴിനട വഴി കഴക്കൂട്ടത്തുവച്ച് ഒന്നായി ചേർന്നാണ് ആറ്റിപ്ര വഴി വേളി കായലിൽ പതിക്കുന്നത്.




