കൊല്ലം: കൊല്ലം തേവലക്കരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതര വീഴ്ച വ്യക്തമാകുമ്പോഴും മാനേജ്‌മെന്റിനെതിരെ നടപടി എടുക്കാത്തത് വിവാദത്തില്‍. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അന്തിമറിപ്പോര്‍ട്ട് കൈമാറി. സുരക്ഷ ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. സിപിഎം നിയന്ത്രണത്തിലുള്ളതാണ് സ്‌കൂള്‍. അതുകൊണ്ടാണ് മാനേജ്‌മെന്റിനെതിരെ നടപടി എടുക്കാത്തത്. സുരക്ഷാ പ്രോട്ടോകോള്‍ ഉറപ്പാക്കിയിട്ടില്ല. ഹെഡ്മാസ്റ്ററുടെ വീഴ്ചയെപ്പറ്റിയും റിപ്പോര്‍ട്ടിലുണ്ട്. വൈദ്യുതലൈന്‍ അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങ ളായി. സ്‌കൂളിലെ അനധികൃത നിര്‍മാണം തടയാനും സാധിച്ചിട്ടില്ല. സ്‌കൂളിനും കെഎസ്ഇബിക്കും പഞ്ചായത്തിനും ഗുരുതരവീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. സംഭവത്തില്‍ തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ പ്രഥമാധ്യാപിക എസ്. സുജയെ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തിരുന്നു. സ്‌കൂളിലെ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പുവരുന്നതില്‍ പ്രഥമ അധ്യാപികയ്ക്ക് വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. സ്‌കൂളിന്റെ ചുമതലയുള്ള എഇഒയില്‍നിന്നു വിശദീകരണം തേടാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്‌കൂള്‍ മാനേജ്‌മെന്റിന് കാരണം കാണിക്കല്‍ നോട്ടീസും നല്കുമെന്നാണ് സൂചന. മിഥുന്റെ സംസ്‌കാരം ഇന്നു വൈകുന്നേരം നാലിന് വീട്ടുവളപ്പില്‍ നടക്കും. രാവിലെ പത്തിന് തേവലക്കര ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവയ്ക്കും.

കാലങ്ങളായി വൈദ്യുതലൈന്‍ താഴ്ന്നു കിടന്നിട്ടും ആരും അനങ്ങിയില്ല. അപായ ലൈനിനുകീഴെ സ്‌കൂള്‍ ഷെഡ് പണിയാന്‍ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നതെന്നും അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി മൂന്നു ലക്ഷം രൂപ ധനസഹായം നല്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. അധികൃതരുടെ ഗുരുതര അനാസ്ഥയ്ക്കു തെളിവായി ഫിറ്റ്‌നസ് റിപ്പോര്‍ട്ട് ചര്‍ച്ചകളിലേക്ക് വന്നിട്ടുണ്ട്. തേവലക്കര സ്‌കൂളില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. മേല്‍ക്കൂര, അടിസ്ഥാന സൗകര്യം എന്നിവയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന ചോദ്യത്തിന് 'ഇല്ല' എന്നാണ് മറുപടി. മേല്‍ക്കൂരയ്ക്കു മുകളിലൂടെ പോയ ത്രീഫേസ് വൈദ്യുതലൈന്‍ ഫീല്‍ഡ് പരിശോധനാ റിപ്പോര്‍ട്ട് തയാറാക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാക്കുന്നത്.

പ്രധാനാധ്യാപിക എസ്. സുജയെ സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ പ്രധാനികളെയൊന്നും ഇതുവരെ തൊട്ടിട്ടില്ല. ത്രീഫേസ് വൈദ്യുതലൈനിന് തൊട്ടുചേര്‍ന്ന് സൈക്കിള്‍ ഷെഡ് നിര്‍മിച്ച സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വീഴ്ചയെപ്പറ്റി ഒന്നും പറയുന്നില്ല. ഉത്തരവാദികള്‍ക്കെതിരേ ഒരു നടപടിയും ഇതുവരെ വന്നിട്ടുമില്ല. വൈദ്യുതലൈനിന് 88 സെന്റീമീറ്റര്‍മാത്രം താഴെ എങ്ങനെ ഷെഡ് നിര്‍മിച്ചെന്നറിയില്ല. ഓരോ വര്‍ഷവും ലൈനില്‍ പരിശോധനനടത്തേണ്ട കെഎസ്ഇബി അധികൃതരും ഒന്നും കണ്ടില്ല. സ്‌കൂളിന്റെ ഒത്തനടുവിലൂടെ നാലരമീറ്റര്‍ ഉയരത്തില്‍ വൈദ്യുതലൈന്‍ വലിച്ച കെഎസ്ഇബി അധികൃതരുടെ നടപടി ഗുരുതരവീഴ്ചയാണ്. മന്ത്രിതന്നെ വീഴ്ച സമ്മതിക്കുകയുംചെയ്തു.

മൂന്നുദിവസത്തിനുള്ളില്‍ മറുപടിയാവശ്യപ്പെട്ട് മാനേജ്മെന്റിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വി. ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു. ആവശ്യമെങ്കില്‍ പുതിയ മാനേജരെ നിയമിക്കാനും വേണമെങ്കില്‍ സ്‌കൂള്‍ ഏറ്റെടുക്കാനും സര്‍ക്കാരിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു. മിഥുന്റെ കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കും. അടിയന്തരസഹായധനമായി മൂന്നുലക്ഷം രൂപനല്‍കും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളുമെടുക്കാന്‍ നിര്‍ദേശിച്ച് മേയ് 13-ന് വിശദമായ മാര്‍ഗരേഖ പുറപ്പെടുവിച്ചിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍ സ്‌കൂള്‍ ഏറ്റെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രിയെ സിപിഎം സമ്മതിക്കില്ല.

അനുമതിയില്ലാതെ നിര്‍മിച്ച സൈക്കിള്‍ ഷെഡ് പരിഗണിക്കാതെയാണ് സ്‌കൂളിന് മൈനാഗപ്പള്ളി പഞ്ചായത്ത് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ ഇക്കൊല്ലവും നടപടിക്രമത്തിന്റെ ഭാഗമായി സ്‌കൂള്‍ സന്ദര്‍ച്ചിച്ചിട്ടും ഗുരുതര സുരക്ഷാവീഴ്ച കണ്ടില്ല. പത്തുവര്‍ഷംമുന്‍പ് നിര്‍മിച്ച ഷെഡ്ഡിന് പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ലെന്നാണ് മാനേജ്‌മെന്റിന്റെ വാദം.