- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായികാധ്യാപികയുടെ മൊബൈൽഫോൺ കവർന്ന് വാട്സാപ്പ് ഗ്രൂപ്പുകളിൽ അദ്ധ്യാപകരെയും നേതാക്കളേയും പരാമർശിച്ച് അശ്ലീല സന്ദേശം അയച്ചു; സഹ അദ്ധ്യാപകരായ സിപിഎം നേതാളെ പ്രതികളാക്കി കോടതിയിൽ പൊലീസിന്റെ റിപ്പോർട്ട്; പരാതിപ്പെട്ട അദ്ധ്യാപികയെയും പ്രതികൾക്കൊപ്പം സസ്പെൻഡ് ചെയ്ത് സിപിഎം നേതൃത്വത്തിലുള്ള സ്‌കൂൾ മാനേജ്മെന്റ്: സംഭവം തേവലക്കര ഗേൾസ് ഹൈസ്കൂൾ
കൊല്ലം: സിപിഎം നിയന്ത്രണത്തിലുള്ള തേവലക്കര ഗേൾസ് ഹൈസ്‌കൂളിൽ അദ്ധ്യാപകർക്കിടയിലെ വിഭാഗീയത അതിരു വിട്ടു. അദ്ധ്യാപികയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് സഹാധ്യാപകർ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് അശ്ലീല സന്ദേശമയച്ചു. പൊലീസ് അന്വേഷണത്തിൽ സത്യം പുറത്തു വന്നതോടെ പ്രതികളായ അദ്ധ്യാപകർ ഒളിവിൽ. പരാതി നൽകിയ അദ്ധ്യാപികയെയും മറ്റൊരു അദ്ധ്യാപകനെയും പ്രതികൾക്കൊപ്പം സസ്പെൻഡ് ചെയ്ത് സ്‌കൂൾ മാനേജ്മെന്റ്.
സിപിഎം ജില്ലാ കമ്മറ്റിയുടെ നിയന്ത്രണത്തിലുള്ളതാണ് സ്‌കൂൾ. അദ്ധ്യാപികയാണ് പരാതിക്കാരി. ഇടതു കുടുംബത്തിലെ വ്യക്തി. അദ്ധ്യാപികയുടെ ഫോൺ മോഷ്ടിച്ച് വാട്സാപ്പ് ഗ്രൂപ്പുകളിൽ സ്‌കൂളിലെ അദ്ധ്യാപകരെയും സിപിഎം നേതാക്കളെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സന്ദേശം അയച്ച് അദ്ധ്യാപകരായ മൈനാഗപ്പള്ളി സ്വദേശി പ്രജീഷ്, തേവലക്കര സ്വദേശി സാദിയ എന്നിവരാണെന്ന് ശാസ്താംകോട്ട പൊലീസ് അന്വേഷിച്ച് കണ്ടെത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
പുകസ, ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവയുടെ ഭാരവാഹിയും ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ പി.കെ. ഗോപനാണ് സ്‌കൂൾ മാനേജർ. ഇയാളുടെ ബന്ധുവാണ് പ്രതി സ്ഥാനത്തുള്ള പ്രജീഷ്. സംഭവം വിവാദമായതിന് പിന്നാലെ പ്രതികൾക്കൊപ്പം പരാതിക്കാരിയേയും മറ്റൊരു അദ്ധ്യാപകനേയും മാനേജർ സസ്പെൻഡ് ചെയ്തു. സ്‌കൂളിലെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന കാരണം പറഞ്ഞാണ് സസ്പെൻഷൻ.
പ്രതികളെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പരാതിക്കാരി അടക്കമുള്ള അദ്ധ്യാപകരുടെ സസ്പെൻഷൻ എന്ന് പറയുന്നു. സിപിഎമ്മിനുള്ളിലെ വിഭാഗീയതയാണ് ഇതിന് കാരണം. സിപിഎം നിയന്ത്രണത്തിലുള്ള തേവലക്കര ബോയ്സ്, ഗേൾസ് ഹൈസ്‌കൂളുകളിലെ നിയമനങ്ങളിൽ പാർട്ടി നേതാക്കളുടെ കുടുംബാംഗങ്ങളെയും പോഷക സംഘടനാ നേതാക്കളെയുമാണ് പരിഗണിക്കുന്നത്. നിയമനങ്ങളുടെ വീതം വയ്പിനെ ചൊല്ലി പാർട്ടി ഘടകങ്ങളിലും തർക്കം നിലനിൽക്കുന്നു.
ഏറെ നാളായി അദ്ധ്യാപകർ പല ഗ്രൂപ്പുകളായിട്ടാണ് സ്‌കൂളിൽ പ്രവർത്തിക്കുന്നത്. ഇവർക്കിടയിലുള്ള തർക്കവും വൈരാഗ്യവുമാണ് ഫോൺ മോഷണത്തിലും അശ്ലീല സന്ദേശങ്ങൾ അയയ്ക്കുന്നതിലും കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. കെഎസ്ടിഎ, സ്‌കൂൾ വാട്സാപ്പ് ഗ്രൂപ്പുകളിലാണ് സന്ദേശം ഇട്ടത്. ഫോൺ നഷ്ടമായ വിവരം അറിഞ്ഞപ്പോൾ തന്നെ അദ്ധ്യാപിക സിം ബ്ലോക്ക് ചെയ്ത് പൊലീസിൽ പരാതി നൽകിയിരുന്നു.
സംശയ നിഴലിലുള്ള അദ്ധ്യാപകരായ പ്രജീഷും സാദിയയും പൊലീസ് മൊഴിയെടുക്കാൻ വിളിച്ചിട്ടും ചെല്ലാതെ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളും ഫോണുകളും സൈബർ വിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ച ശേഷമാണ് പ്രജിഷ്, സാദിയ എന്നിവരെ പ്രതികളാക്കി പൊലീസ് കോടതിയിൽ അന്വേഷണ റിപ്പോർട്ട് കൊടുത്തത്. സംഭവത്തിന് ശേഷം പ്രതികൾ ഫോൺ പൂർണമായി നശിപ്പിക്കുകയും ചെയ്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്