ചെങ്ങന്നൂർ:മോഷണക്കേസിൽ തന്നെ ആദ്യം അകത്താക്കിയ പൊലീസുദ്യോഗസ്ഥന് മുന്നിൽ അവസാന മോഷണത്തിലെ തൊണ്ടിമുതൽ സമർപിച്ചുകൊണ്ട് തൊഴിലിൽ നിന്നും വിരമിക്കുന്നതായി കള്ളന്റെ പ്രഖ്യാപനം.ചെങ്ങന്നൂർ ഡി.വൈ.എസ്‌പി ഓഫീസിലാണ് രസകരമായ വിരമിക്കൽ ചടങ്ങ് നടന്നത്.പ്രായപൂർത്തിയാകും മുമ്പേ ബൈക്കുമോഷണം തുടങ്ങിയ ബിനു തോമസ്,തന്നെ ആദ്യമായി പിടികൂടിയ പൊലീസ് ഓഫീസർക്കു മുന്നിൽ തിങ്കളാഴ്ച അസന്ദിഗ്ധമായി പ്രഖ്യാപിച്ചത് ഇനി ബൈക്കു മോഷ്ടിക്കില്ല എന്നായിരുന്നു.

റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കള്ളിക്കാട് വീട്ടിൽ ബിനു തോമസിനിപ്പോൾ വയസ്സ് 31.ബിനുവിനെ ആദ്യ കേസിൽ പിടികൂടിയ പൊലീസ് ഓഫീസർ ഇന്ന് ചെങ്ങന്നൂർ ഡിവൈ.എസ്‌പി. യാണ്.ബൈക്കുകൾ ഹരമായിരുന്ന ഇയാൾ മോഷണത്തിലും ആ ഹരം കൂടെ കൂട്ടി.വാഹന മോഷണമായിരുന്നു ബിനുവിന്റെ പ്രധാന തൊഴിൽ മേഖല.തുടർന്നിങ്ങോട്ട് ഒട്ടേറെ കേസുകളിൽ ജയിൽ ശിക്ഷയുമനുഭവിച്ചു.ബൈക്കിലെത്തി മാലമോഷ്ടിച്ച കേസുകളും അക്കൂട്ടത്തിലുണ്ടായി.ഇതിനിടെയാണ് തിങ്കളാഴ്ച അപ്രതീക്ഷിതമായി ചെങ്ങന്നൂരിലെ ഓഫീസിലെത്തിയ ബിനു ഡിവൈ.എസ്‌പി. യായ ഡോ. ആർ. ജോസിനു മുന്നിൽ തന്നെ തന്റെ 'വിരമിക്കൽ' പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബിനു രണ്ടുബൈക്കുകൾ മോഷ്ടിച്ചിരുന്നു.താൻ അവസാനമായി മോഷ്ടിച്ച് ചെങ്ങന്നൂർ ടൗണിന് അടുത്ത് ഒളിപ്പിച്ച ആ ബൈക്കുകൾ കാട്ടിക്കൊടുത്തുകൊണ്ടാണ് മോഷണം നിർത്തുന്നുവെന്ന് ബിനു പ്രഖ്യാപിച്ചത്.സംഭവംകേട്ട ശേഷം ഡിവൈ.എസ്‌പി. രണ്ടുമണിക്കൂറോളം ബിനുവുമായി സംസാരിച്ച് കൗൺസലിങ് നൽകി.അത് അവസാന മോഷണമായിക്കണ്ട് പൊലീസ് ബിനുവിനെ അറസ്റ്റുചെയ്ത് റിമാൻഡിലുമാക്കി.മോഷണം നിർത്തുന്നുവെന്ന് കുറ്റസമ്മതം നടത്തിയെങ്കിലും തെറ്റ് തെറ്റുതന്നെയാണ്.അതിനാലാണ് കേസെടുത്തതെന്ന് ഡിവൈ.എസ്‌പി. ഡോ. ആർ. ജോസ് പറഞ്ഞു.

മുമ്പ് പല കേസുകളിലും ഡിവൈ.എസ്‌പി. ബിനുവിനെ അറസ്റ്റുചെയ്തിട്ടുണ്ട്.മാല മോഷണക്കേസിൽ റിമാൻഡിലായിരുന്ന ബിനു കഴിഞ്ഞ 21-നാണ് പുറത്തിറങ്ങിയത്.പത്തനംതിട്ട, ആലപ്പുഴ ജില്ലകളായിരുന്നു പ്രധാനമായും ഇയാളുടെ'പ്രവർത്തനമേഖല'.