മലയാള സിനിമയുടെ പെരുന്തച്ചനെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന നടനായിരുന്നു തിലകൻ. കാലംപോയ് മറയുമ്പോഴും മലയാള സിനിമയുടെ ആ തിലകക്കുറി ഓർമകളുടെ തിരശീലയിൽ ഒളിമങ്ങാതെ ഇന്നുമുണ്ട്. നായകൻ' എന്ന ഔദ്യോഗിക പ്രതിഷ്ഠ പേറാതെ തന്നെ സിനിമകളിൽ യഥാർഥ നായകനായി തിളങ്ങുകയും ആരാധന പിടിച്ചുവാങ്ങുകയും ചെയ്ത നടനായിരുന്നു മലയാള സിനിമക്ക് തിലകൻ. പോസ്റ്ററുകളിൽ പേരില്ലെങ്കിലും തിലകന്റെ ചിത്രങ്ങൾ ജനം കണ്ടു, ആസ്വദിച്ചു. അത് അദ്ദേഹത്തിന്റെ അഭിനയശേഷി തിരിച്ചറിഞ്ഞ പ്രേക്ഷകന്റെ അംഗീകാരമായിരുന്നു. നടനത്തിൽ പൂർണത എന്ന വാക്ക് പലപ്പോഴും ഓർമ്മപ്പെടുത്തുന്നത് വെള്ളിത്തിരയിലെ തിലകന്റെ പ്രകടനങ്ങളായിരുന്നു.

ആറാം വയസ്സിൽ തുടങ്ങിയ അഭിനയ സപര്യ..

ആറാം വയസ്സിൽത്തന്നെ അഭിനയത്തിന്റെ പ്രതിഭ കാട്ടിയ തിലകൻ കോളേജ് വിദ്യാഭ്യാസകാലത്ത് തന്നെ നാടകങ്ങളിലൂടെ അഭിനയരംഗത്ത് സജീവമായിരുന്നു.1955ൽ കോളേജ് പഠനം ഉപേക്ഷിച്ച് സുഹൃത്തുക്കളുമൊത്ത് ''മുണ്ടക്കയം'' നാടകസമിതിക്ക് രൂപം കൊടുത്തു. 1966 വരെ കെപിഎസിയുടെ ഭാഗമായിരുന്ന അദ്ദേഹം പിന്നീട് കൊല്ലം കാളിദാസകലാകേന്ദ്ര, ചങ്ങനാശേരി ഗീത എന്നീ നാടകസംഘങ്ങളിലെ സജീവ സാന്നിധ്യമായി. തുടർന്ന് പി.ജെ ആന്റണി രൂപം കൊടുത്ത നാടകസമിതിയിലും പ്രവർത്തിച്ചു.

പി ജെ ആന്റണിയുടെ മരണശേഷം ആ നാടക ട്രൂപ്പ് സ്വന്തമായി ഏറ്റെടുത്ത് പ്രവർത്തിപ്പിച്ചിരുന്നു. റേഡിയോ നാടകങ്ങളിലും ശബ്ദം നൽകിയിരുന്നു. പി ജെ ആന്റണിയുടെ ഏക സംവിധാനസംരഭമായിരുന്ന പെരിയാർ(1973) എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചതെങ്കിലും ആദ്യം പുറത്തുവന്ന ചിത്രം ഗന്ധർവ്വക്ഷേത്രമാണ്(1972). ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു റോളായിരുന്നു ഗന്ധർവ്വക്ഷേത്രത്തിൽ അദ്ദേഹത്തിനു ലഭിച്ചത്.

പിന്നീട് 1979 ലാണ് അദ്ദേഹം സിനിമയിൽ സജീവമാകുന്നത്്. കെ ജി ജോർജ്ജ് സംവിധാനം ചെയ്ത 'ഉൾക്കടൽ' എന്ന ചിത്രത്തിലൂടെയാണ് ആ യാത്രയുടെ തുടക്കം കുറിച്ചത്.1982ൽ കെ ജി ജോർജ്ജിന്റെ തന്നെ സംവിധാനത്തിൽ വെള്ളിത്തിരയിലെത്തിയ യവനിക എന്ന ചിത്രത്തിലെ കഥാപാത്രത്തിന് മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് തിലകനെ തേടിയെത്തി. 1990ൽ അജയൻ സംവിധാനം ചെയ്ത ''പെരുന്തച്ചൻ'', 1994ൽ 'സന്താനഗോപാലം,ഗമനം' എന്നീ ചലച്ചിത്രങ്ങളിലെ വേഷങ്ങൾ അക്കൊല്ലങ്ങളിലെ മികച്ച നടനുള്ള സംസ്ഥാന അവാർഡിന് തിലകനെ അർഹനാക്കി. 2007ൽ ഏകാന്തം എന്ന ചിത്രത്തിന് ദേശീയ ചലച്ചിത്ര ജൂറിയുടെ പ്രത്യേക പുരസ്‌ക്കാരം നേടി. 2009ൽ രാജ്യം പത്മശ്രീ പുരസ്‌ക്കാരം നൽകി ആ മഹാപ്രതിഭയെ ആദരിച്ചു.

കാലം മായ്ക്കാത്ത ഒട്ടേറെ കഥാപാത്രങ്ങൾ..

പെരുന്തച്ചനിലെ തച്ചനും മൂന്നാം പക്കത്തിലെ തമ്പി മുത്തശ്ശനും കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശൻ മുതലാളിയും യവനികയിലെ വക്കച്ചനും കീരിടത്തിലെ അച്യുതൻ നായരും സ്ഫടികത്തിലെ ചാക്കോ മാഷും കാട്ടുകുതിരയിലെ കൊച്ചുവാവയുമൊക്കെ മലയാളികളുടെ ഇടനെഞ്ചിൽ ഇന്നും പച്ചയായ് നിൽക്കുന്ന കഥാപാത്രങ്ങൾ.2012 സെപ്റ്റംബർ 24 നായിരുന്നു തിലകനെന്ന മഹാ വിസ്മയം മലയാള സിനിമയോട് വിട പറഞ്ഞത്.താൻ അഭിനയിക്കുകയാണെന്ന് തോന്നിപ്പിച്ചാൽ അഭിനയം പരാജയപ്പെട്ടു എന്ന് ഓർമ്മപ്പെടുത്തിയ തിലകൻ അങ്ങനെ പിറക്കാനിരിക്കുന്നതും പാതിവഴിയിലെത്തിയതുമായി അനേകം കഥാപാത്രങ്ങളുടെ വിളിക്ക് കാത്തുനിൽക്കാതെ തിരശീല സാക്ഷിയാക്കി മടങ്ങി. അഭിനയിക്കാൻ വിളിച്ചവർക്കും, വിളിക്കാതിരുന്നവർക്കും, വിലക്കിയവർക്കും ശൂന്യത ബാക്കി. തിലകനില്ലാത്ത മലയാള സിനിമ പത്താണ്ടുകൾ പിന്നിടുന്നു.

അപ്രിയസത്യങ്ങൾ വിളിച്ചുപറഞ്ഞ മലയാള സിനിമയുടെ പെരുന്തച്ചൻ

മലയാള സിനിമയിലെ താരാധിപത്യത്തിന് എതിരെ വലിയ കലാപം ഉയർത്തിയിരുന്ന നടനായിരുന്നു തിലകൻ. സൂപ്പർസ്റ്റാറുകളെ പേരെടുത്ത് പറഞ്ഞ് പലപ്പോഴും തിലകൻ കടന്നാക്രമിച്ചു. തിരുവനന്തപുരം ലോബിയാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നത് എന്നാണ് തിലകൻ ആരോപിച്ചത്.താരസംഘടനയായ അമ്മയുമായും തിലകൻ നിരന്തരം കലഹത്തിലായിരുന്നു.

തലയിൽ ആൾത്താമസം ഇല്ലാത്ത അഴകിയ രാവണന്മാർ എന്നാണ് തിലകൻ സൂപ്പർതാരങ്ങളെ പുച്ഛിച്ചത്. മലയാള സിനിമയുടെ കോടാലിയാണ് അമ്മ സംഘടനയെന്നും തിലകൻ കുറ്റപ്പെടുത്തുകയുണ്ടായി. തുടർന്ന് വിലക്ക് ഏർപ്പെടുത്തിയിരുന്ന സംവിധായകന്റെ ചിത്രത്തിൽ അഭിനയിച്ചതിന്റെ പേരിൽ അദ്ദേഹത്തെ സംഘടനയിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.ഈ അവസ്ഥകളിലൂടെ കടന്നുപോകുമ്പോഴും തന്റെ നിലപാടുകളിൽ വെള്ളം ചേർക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല എന്നതും ശ്രദ്ധേയം.

സംഘടന ഏർപ്പെടുത്തിയിരുന്ന നടപടിയുടെ പേരിൽ മലയാളത്തിലെ ഏറ്റവും മികച്ച നടനായ തിലകനെ ഏറെക്കാലം സിനിമയിൽ നിന്ന് വിലക്കി മാറ്റി നിർത്തുകയുമുണ്ടായി. തിലകൻ എന്ന നടനെ ഉപയോഗപ്പെടുത്താതെ അയിത്തം കൽപിച്ച് മാറ്റിനിർത്തിയ കാലമായിരുന്നു അത്. അപ്രിയസത്യങ്ങൾ വിളിച്ചുപറഞ്ഞതിലൂടെ കോക്കസ്സുകളുടെ കൂടാരമായ സിനിമലോകത്ത് തിലകൻ നിഷേധിയായി മാറുകയായിരുന്നു. അസൂയയും കഴിവില്ലായ്മയും മറയ്ക്കാൻ പലരും സംഘം ചേർന്ന് നടത്തിയ ഈ ബഹിഷ്‌കരിക്കൽ പിന്നീടൊരിക്കലും ന്യായീകരിക്കപ്പെട്ടിട്ടില്ല എന്നത് ചരിത്രം.

തിലകനെ ഒഴിവാക്കി തിലകനിൽ നിറയേണ്ട കഥാപാത്രങ്ങൾ അങ്ങനെ മറ്റ് പലരിലേക്കുമായി പകുത്ത് നൽകി. എന്തോ ഒരു കുറവ് അവയിലെല്ലാം മുഴച്ചുനിന്നു. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകൻ അത് തിലകൻ ചെയ്തിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് പ്രതികരിച്ചു തുടങ്ങി.തിലകന്റെ തോൽവി ഒരർത്ഥത്തിൽ പ്രേക്ഷകന്റെ കൂടി തോൽവിയായിരുന്നു. അനാരോഗ്യത്തിന്റെ പിടിയിലും അവസാന നാളുകളിൽ അച്യുതമേനോനും(ഇന്ത്യൻ റുപ്പി), കരീമക്കയും(ഉസ്താദ് ഹോട്ടൽ) ഭാവാഭിനയത്തിന്റെ ഉജ്ജ്വല മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ടാണ് അദ്ദേഹം കാലയവനികയിലേക്ക് മറഞ്ഞത്.