കണ്ണൂർ: പ്രതിപാദ്യവിഷയം കൊണ്ടു വിവാദമായി മാറിയ തിറയാട്ടത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന സെക്ഷൻ 306- ഐ.പി.സിയെന്ന ചിത്രം തീയേറ്ററുകളിലെത്തിയതിനു ശേഷവും വിവാദമാകുന്നു. കണ്ണൂരിൽ സിനിമാശാലയുടെ മുറ്റത്ത് സിനിമാ പ്രദർശനത്തിനു മുന്നോടിയായി തിറയാട്ടം നടത്തിയതോടെയാണ് അണിയറ പ്രവർത്തകർ വിവാദങ്ങളിൽ പെട്ടത്.

വടക്കൻ കേരളത്തിലെ കാവുകളിൽ അനുഷ്ഠാനങ്ങളുടെ ഭാഗമായി ഭക്ത്യാദരങ്ങളോടെ നൂറ്റാണ്ടുകളായി കെട്ടിയാടുന്ന തെയ്യക്കോലങ്ങൾ വികലമായി അവതരിപ്പിച്ചുവെന്നാണ് ചലച്ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ ഉയരുന്ന ആരോപണം. ഒരുവിശ്വാസസമൂഹത്തിന്റെ അനുഷ്ഠാനങ്ങളെ വ്രണപ്പെടുത്തിയ അണിയറ പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കാൻ സാംസ്‌കാരിക വകുപ്പ് തയ്യാറാകണമെന്ന് ഉത്തരകേരള തെയ്യം ആവിഷ്‌കാര സംരക്ഷണ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കുറുവാട്ട് ആവശ്യപ്പെട്ടു.

ചലച്ചിത്രങ്ങളുടെ പ്രമേയമായി തിറയാട്ടങ്ങൾ കൊണ്ടുവരുന്നതും അതിന്റെ ഭാഗമായുള്ള ചിത്രീകരണവും എതിർക്കുന്നില്ല. മലയാളത്തിൽ കളിയാട്ടം, പുലിജന്മം പോലുള്ള ഒരു പാട് സിനിമകൾ തെയ്യത്തിന്റെയും തിറയുടെയും പശ്്ചാത്തലത്തിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇവിടെ ചലച്ചിത്രത്തിന്റെ നാലാംവാര ആഘോഷത്തിന്റെ ഭാഗമായി കുട്ടിച്ചാത്തനെയും ചാമുണ്ഡിയുമൊക്കെ വികലമായ അവതരിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എവിടെയും കെട്ടിയാടാനുള്ള കലാരൂപമല്ല തെയ്യക്കോലങ്ങളല്ലെന്ന് കണ്ണൂർ മുണ്ടയാട് സ്വദേശിയായ തെയ്യം ഗവേഷകൻ യു.പി സന്തോഷ് പറഞ്ഞു. കാവുകളുടെ ആചാര അനുഷ്ഠാനങ്ങളുടെ പശ്ചാത്തലത്തിൽ കെട്ടിയാടുന്ന തെയ്യക്കോലങ്ങൾ ഇത്തരത്തിൽ കച്ചവടവത്കരിക്കുന്നതിനെതിരെ നേരത്തെയും പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീയേറ്ററുകളിൽ ഇറങ്ങുന്ന ചലച്ചിത്രങ്ങളുടെ പ്രമോഷനുവേണ്ടി തെയ്യക്കോലങ്ങൾ കെട്ടിയാടുന്നത് അംഗീകരിക്കില്ലെന്നും ഇതു ആവർത്തിച്ചാൽ എവിടെയായാലും തടയുമെന്ന് ഫോക്ലോറിസ്റ്റ് ഡോ.സഞ്ജീവൻ അഴീക്കോട് പറഞ്ഞു. നേരത്തെ വിവരം ലഭിക്കാത്തതിനെ തുടർന്നാണ് കണ്ണൂരിൽ പ്രതിഷേധമുയരാഞ്ഞത്. നേരത്തെ പൊതുസ്ഥലങ്ങളിൽ തെയ്യങ്ങൾ പ്രദർശിപ്പിച്ചു ഘോഷയാത്രകൾ നടത്തുന്നതിനെതിരെ വ്യാപകമായ എതിർപ്പുകൾ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിറയാട്ടമെന്ന വടക്കെമലബാറിന്റെ സ്വന്തം കലാരൂപത്തെ കേന്ദ്രകഥാപാത്രമാക്കി തീയേറ്ററിലെത്തിയ സെക്ഷൻ 306 ഐ.പി.സിയെന്ന ചിത്രം നാലാംവാരത്തിലെത്തിയതിന്റെ ആഘോഷത്തിന്റെ ഭാഗമായി കണ്ണൂരിലെ രണ്ടു തീയേറ്ററുകളിലാണ് പ്രതീകാത്മക തിറയാട്ടം നടത്തിത്. തലശേരി കാർണിവൽ സിനിമാസ്, കണ്ണൂർ എൻ. എസ് തീയേറ്റർ എന്നിവടങ്ങളിലെ മുറ്റങ്ങളിലാണ് തീയേറ്ററിൽ സിനിമകാണാനെത്തിയവരെ തിറയാട്ടങ്ങൾ വരവേറ്റത്. നഗരമധ്യത്തിൽ ചെണ്ടവാദ്യത്തിന്റെ അകമ്പടിയോടെ കുട്ടിചാത്തനുൾപ്പെടെ തെയ്യക്കോലങ്ങൾ കെട്ടിയാടിയത്. ഇതോടെ നഗരത്തിലെത്തിയ ജനക്കൂട്ടവും തിറയാട്ടം കാണാൻ തടിച്ചുകൂടിയിരുന്നു.

ശ്രീവർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് വർമ്മനിർമ്മിച്ചു ശ്രീനാഥ് ശിവ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് മലബാറിന്റെ അനുഷ്ഠാനകലാരൂപമായ തിറയാട്ടത്തിന്റെ പശ്ചാത്തലത്തിൽ പറയുന്നത്. തിറയെന്ന കലാരൂപത്തെ കേന്ദ്രകഥാപാത്രമാക്കുന്ന ആദ്യമലയാളകുടുംബചിത്രമാണ് സെക്ഷൻ 306- ഐ.പി.സിയെന്നു നിർമ്മാതാവും പ്രധാനകഥാപാത്രം അവതരിപ്പിച്ച നടനുമായ ശ്രീജിത്ത് വർമ്മ പറഞ്ഞു.

ആചാര അനുഷ്ഠാനങ്ങളുടെ പേരിൽ സ്വന്തം ജീവൻ പോലും കുരുതികൊടുക്കേണ്ടി വന്ന അശ്വതിയെന്ന എഴുത്തുകാരിയുടെ ജീവിതവും അതുമായി ബന്ധപ്പെട്ട നിയമപോരാട്ടവും പെരുവണ്ണാൻ സമുദായത്തിന്റെ പച്ചയായ ജീവിതവുമാണ് സെക്ഷൻ 306 ഐ.പി.സിയിലൂടെ അവതരിപ്പിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. ഈ സിനിമ ഒരു ആചാരാനുഷ്ഠാനങ്ങൾക്കും എതിരല്ല, എന്നാൽ ഇന്ന് നിലനിൽക്കുന്ന അനാചാരങ്ങൾക്കെതിരെയുള്ള പൊള്ളുന്ന ചില ചോദ്യങ്ങൾ സിനിമ പങ്കുവയ്ക്കുന്നുണ്ടെന്നും അദ്ദേഹംചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒന്നരവർഷമായി പലവിഭാഗങ്ങളിൽ നിന്നും ഉയർന്നുവന്ന വിവാദങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയായ കഴിഞ്ഞ മാർച്ച് രണ്ടിന് നിയമസഭയിൽ മന്ത്രിമാർക്കും നിയമസഭാ സമാജികർക്കും മുൻപിൽ ചിത്രത്തിന്റെ പ്രീവ്യൂ ഷോ നടത്തിയെന്നും ശ്രീജിത്ത് വർമ്മ വ്യക്തമാക്കി.ഏപ്രിൽ എട്ടിന് എഴുപത്തിയാറോളം തീയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്തുവെന്നും പ്രേക്ഷകരിൽ നിന്നുംലഭിച്ച മികച്ച പ്രതികരണമാണ് സിനിമയെ തീയേറ്ററുകളിൽ നിലനിർത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രൺജി പണിക്കർ, ശാന്തികൃഷ്ണ, രാഹുൽമാധവ്, മറീന മൈക്കിൾ, സാവിത്രി ശ്രീധരൻ എന്നിവർ മുഖ്യകഥാപാത്രങ്ങളായിവേഷമണിഞ്ഞിട്ടുണ്ട്. കൈതപ്രം വിശ്വനാഥൻ സംഗീത സംവിധാനം നിർവഹിച്ച അവസാന ചിത്രം കൂടിയാണിത്. കൈതപ്രം ദാമോദരൻ നമ്പൂതിരി, ബി.കെ ഹരിനാരായണൻ എന്നിവരാണ് ഗാനരചന. കെ. എസ് ചിത്ര, പി.ജയചന്ദ്രൻ, ഇന്ദുലേഖവാരിയർ എന്നിവരാണ് ആലാപനം. ദീപാങ്കുരൻ, വിദ്യാധരൻ എന്നിവരാണ് ഈണം നൽകിയത്.