- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നിക്ഷേപകനെ ബാങ്കില്‍ വരുത്തരുതെന്ന് അനില്‍ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് സെക്രട്ടറി ഇത് അനുസരിച്ചില്ല; ആംബുലന്‍സില്‍ എത്തിച്ച് ഒപ്പിട്ടു വാങ്ങുന്ന ദൃശ്യങ്ങളും തെളിവ്; അനില്‍ ആത്മഹത്യ ചെയ്തിട്ടും നിക്ഷേപകന് പണം തിരികെ കിട്ടിയില്ല; നേതാക്കള്‍ പറഞ്ഞ ഉറപ്പ് ലംഘിച്ചു; അന്വേഷണത്തിന് കേരളാ പോലീസിനും മടി; തിരുമല അനില്‍ 'സഹകരണ രക്തസാക്ഷി' തന്നെ
തിരുവനന്തപുരം: ബി.ജെ.പിയെ വീണ്ടും വെട്ടിലാക്കി, ജീവനൊടുക്കിയ കൗണ്‍സിലര്‍ തിരുമല അനിലിന്റെ ഫോണ്‍ സംഭാഷണം പുറത്തു വരുമ്പോഴും പോലീസ് അന്വേഷണം നിര്‍ജ്ജീവമെന്ന് പരാതി. നിക്ഷേപകന്റെ മകളുമായുള്ള സംഭാഷണമാണ് പുറത്തുവന്നത്. ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറിയും കോര്‍പറേഷന്‍ തിരുമല വാര്‍ഡ് കൗണ്‍സിലറുമായ തിരുമല അനിലി(കെ.അനില്‍കുമാര്‍-58)നെ വാര്‍ഡ് കമ്മിറ്റി ഓഫീസിലാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അനില്‍ സഹകരണ കൊള്ളയുടെ യഥാര്‍ത്ഥ രക്തസാക്ഷിയാണെന്നതിന് തെളിവാണ് ഈ സംഭവം.
വലിയശാലയില്‍ അനില്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന ജില്ലാ ഫാം ടൂര്‍ സഹകരണസംഘം സാമ്പത്തിക പ്രതിസന്ധിയിലായതിനെത്തുടര്‍ന്ന് മാസങ്ങളായി മാനസികസംഘര്‍ഷത്തിലായിരുന്നു. ഇതു തെളിയിക്കുന്നതാണ് പുറത്തു വന്ന ഓഡിയോ. അനില്‍ ആത്മഹത്യ ചെയ്തിട്ടും പണം തിരികെ കിട്ടിയില്ലെന്ന അവസ്ഥയിലാണ് നിക്ഷേപകന്‍. നേതാക്കള്‍ പറഞ്ഞ ഉറപ്പ് ലംഘിച്ചു. നിക്ഷേപകന്റെ ചികിത്സാ തുടരാന്‍ കഴിയാത്ത അവസ്ഥയാണെന്നും പറയുന്നു. ബാങ്ക് സെക്രട്ടറി നീലിമയ്‌ക്കെതിരെയാണ് ആരോപണം.
ആഹാരം കഴിക്കാനോ ഉറങ്ങാനോ ആവുന്നില്ലെന്നും താന്‍ പകുതിയായി മാറിയെന്നും പുറത്തു വന്ന ഓഡിയോ സംഭാഷണത്തില്‍ അനില്‍ പറയുന്നു.വീട്ടില്‍ എല്ലാവരും ദുഃഖിതരാണ്. മക്കളെ ഒരു നിലയിലും ആക്കാനായില്ലെന്നും അനില്‍ പറയുന്നു. നിക്ഷേപകന്റെ മകളോട് പോലീസിനെ സമീപിക്കാന്‍ നിര്‍ദേശിച്ച അനില്‍ നിക്ഷേപകന് ചികിത്സാസഹായം വാഗ്ദാനം ചെയ്യുന്നതും ഫോണ്‍ സംഭാഷണത്തിലുണ്ട്. മരുന്നും മറ്റു ആവശ്യങ്ങള്‍ക്കും സഹായിക്കാം എന്നാണ് വാഗ്ദാനം. അനിലിന്റെ നിര്‍ദേശം അനുസരിച്ചാണ് നിക്ഷേപകന്റെ കുടുംബം പോലീസില്‍ പരാതി നല്‍കിയത്. അതേസമയം പോലീസ് ഭീഷണിയാണ് അനില്‍ ജീവനൊടുക്കാന്‍ കാരണമെന്നായിരുന്നു ബി.ജെ.പിയുടെ ആക്ഷേപം. ഇതിന് എതിരാണ് ഈ ഓഡിയോ.
'ഞാന്‍ ഇന്ന് പൈസ അടയ്ക്കാമെന്ന് പറയുന്ന കുറേ പേരുടെ വീടുകളില്‍ പോയിട്ട് വന്നതാണ്. ബോര്‍ഡ് അംഗങ്ങളെ എല്ലാം ഞാന്‍ വിളിച്ചു. പക്ഷേ ആരും വന്നില്ല. അമ്മയെകൊണ്ട് സിഐയെ വിളിപ്പിക്കണം. എന്നെ അവിടുന്ന് ഒന്ന് വിളിപ്പിക്കട്ടെ. മാനസികമായി വല്ലാത്ത ഒരു സ്റ്റേജില്‍ ആയിപ്പോയി. ഒന്നും കഴിച്ചിട്ടില്ല. ഓണം കഴിഞ്ഞതോടെ ഒരു തിരിച്ചടവും വരാതായി. എന്റെ ശരീരം ഒക്കെ പകുതിയായി. മക്കളും എങ്ങും എത്തിയില്ല. ചെറിയ കുട്ടികളല്ലേ. മോള്‍ എന്തായാലും നാളെ രാവിലെ അമ്മയെക്കൊണ്ട് സിഐയെ വിളിപ്പിക്കണം'- തിരുമല അനില്‍ ഫോണില്‍ പറയുന്നു.
ചേട്ടന്‍ വിഷമിക്കേണ്ടെന്നും, ഒറ്റയ്ക്ക് ടെന്‍ഷന്‍ എടുത്ത് തലയില്‍ വയേ്ക്കണ്ടതില്ലെന്നും നിക്ഷേപകന്റെ മകള്‍ അനിലിനോട് തിരിച്ചു പറയുന്നുണ്ട്. ചേട്ടന്‍ അല്ലല്ലോ പണം എടുത്ത് മറിച്ചത്. ഒറ്റയ്ക്ക് ഇതില്‍ ഒന്നും ചെയ്യാനും സാധിക്കില്ലെന്നും യുവതി പറയുന്നു. വലിയ സമ്മര്‍ദമുണ്ടായിട്ടും അനിലിന്റെ മുഖം ഓര്‍ത്ത് മാത്രമാണ് തുടക്കത്തില്‍ പരാതിയുമായി പോലീസിനെ സമീപിക്കാതിരുന്നതെന്നും യുവതി പറയുന്നുണ്ട്. പണം തിരികെ ആവശ്യപ്പെട്ട കിടപ്പിലായ നിക്ഷേപകനെ ബാങ്കില്‍ എത്തിച്ചത് വിവാദമായിരുന്നു. ബാങ്ക് സെക്രട്ടറിയുടെ നിര്‍ബന്ധം കാരണമാണ് ആശുപത്രി കിടക്കയില്‍നിന്നും നിക്ഷേപകനെ ബാങ്കില്‍ എത്തിച്ചതെന്നായിരുന്നു ആരോപണം.
നിക്ഷേപകനെ ബാങ്കില്‍ വരുത്തരുതെന്ന് അനില്‍ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് സെക്രട്ടറി ഇത് അനുസരിച്ചില്ല. ആംബുലന്‍സില്‍ എത്തിച്ച് ഒപ്പിട്ടു വാങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അനില്‍ ആത്മഹത്യ ചെയ്തിട്ടും നിക്ഷേപകന് പണം തിരികെ കിട്ടിയില്ല. നേതാക്കള്‍ പറഞ്ഞ ഉറപ്പ് ലംഘിക്കപ്പെട്ടതോടെ, നിക്ഷേപകന്റെ ചികിത്സാ തുടരാന്‍ കഴിയാത്ത അവസ്ഥയിലാണ്. നിക്ഷേപകന്റെ ഭാര്യയുടെ ഓഡിയോ സംഭാഷണവും പുറത്തുവന്നിരുന്നു.




