മലപ്പുറം: ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം ഓഫീസ് കെട്ടിടത്തിന്റെ പെയിന്റ് മാറ്റി അടിച്ചത് വിവാദമായി. കെട്ടിടത്തിന് മുസ്ലിം പള്ളികൾക്ക് നൽകുന്ന പച്ചനിറം അടിച്ചു എന്നായിരുന്നു ഹിന്ദു സംഘടനകളുടെ ആരോപണം. എതിർപ്പുമായി ശശികല ടീച്ചർ അടക്കമുള്ളവരും രംഗത്തുവന്നതോടെ പുതിയ പെയിന്റ് അടിച്ചു പ്രശ്‌നത്തിന് പരിഹാരമായി. ചന്ദന നിറം അടിച്ചുകൊണ്ടാണ് വിവാദം പരിഹരിച്ചത്.

ഈ മാസം 28 നാണു വള്ളുവനാടിന്റെ ദേശോത്സവമായ അങ്ങാടിപ്പുറം പൂരം തുടങ്ങുന്നത്. പൂരത്തിന് മുന്നോടിയായി ക്ഷേത്രം പെയിന്റ് അടിച്ചത് ആണ് ഹിന്ദു സംഘടനകൾ വിവാദമാക്കിയത്. ഓഫീസും വഴിപാട് കൗണ്ടറും ഉൾപ്പെടുന്ന കെട്ടിടം പച്ച പെയിന്റ് അടിച്ചു എന്ന് ആയിരുന്നു ആക്ഷേപം. കഴിഞ്ഞ വർഷം അടിച്ച അതേ കളർ തന്നെ അല്പം കടുപ്പം കൂട്ടി ആണ് അടിച്ചത്. കളർ തെരഞ്ഞെടുത്തത് താൻ തന്നെ ആന്നെന്നും പെയിന്റിങ് കോൺട്രാക്ട് എടുത്ത വിനയൻ പറയുന്നു. ഇത് പള്ളിക്ക് അടിക്കുന്ന നിറം ഒന്നും അല്ല, കഴിഞ്ഞ തവണ അടിച്ച അതേ പീക്കൊക്ക് നിറം തന്നെ ആണ് ഇത്തവണയും. പക്ഷേ അതിന്റെ കടുപ്പം അൽപ്പം കൂട്ടിയടിച്ചു.. അൽപ്പം വെളിച്ചം കുറഞ്ഞ സ്ഥലത്ത് ഈ നിറംപച്ച പോലെ തോന്നുക ആണ്. ഈ നിറം തെരഞ്ഞെടുത്തത് ഞാൻ തന്നെ ആണ്'- വിനയൻ പറഞ്ഞു.

പൂരത്തോടനുബന്ധിച്ച് രൂപീകരിച്ച കമ്മിറ്റിയും വലിയ വിമർശനങ്ങൾക്ക് തുടക്കമിട്ടിരുന്നു. വിമർശനവുമായി ശശികല ടീച്ചർ രംഗത്തുവരികയുണ്ടായി. 'ദേവസ്വം ബോർഡിന് ഒരു രാഷ്ട്രിയം ഉണ്ട്. എത്രത്തോളം തരംതാഴ്ന്നാൽ ഇവിടത്തെ ഹൈന്ദവ സമൂഹം പ്രതികരിക്കും എന്ന നോക്കുകയാണ് ഇവർ. തിരുമാന്ധാംകുന്ന് ദേവി ക്ഷേത്രം കേവലം കുറച്ച് ഭക്തരുടെ മാത്രം പരദേവതയല്ല. വള്ളുവനാടിന്റെ മുഴുവനും ദേശദേവതയും ധാരാളം പേരുടെ ധർമ്മദേവതയുമാണ്. ഹിന്ദുക്കളെ പ്രകോപിതരാക്കുക എന്ന ദുരുദ്ദേശമാണ് ഇതിന് പിന്നിൽ. പൂരാഘോഷ കമ്മിറ്റിയിൽ ഹൈന്ദവ സമൂഹത്തിനെക്കാൾ രാഷ്ട്രീയ നേതൃത്വത്തിനാണ് മുൻതൂക്കം'. ക്ഷേത്രത്തിലെ പൂരാഘോഷ കമ്മിറ്റിയുടെ ലിസ്റ്റ് ഭക്ത ജനങ്ങളുടെ മനസ് വേദനിച്ചെന്നും മറ്റ് മതാഘോഷങ്ങളിൽ എല്ലാവരെയും ചേർത്താണോ കമ്മിറ്റിയുണ്ടാക്കുന്നതെന്നും ടീച്ചർ ചോദിച്ചു. വിവിധ ഹൈന്ദവ സമൂഹങ്ങളും ഭക്തജന സംഘടനകളും ഉണ്ടായിട്ടും ഇത്തരത്തിൽ ഒരു ആഘോഷ കമ്മിറ്റി എന്തിന് ഉണ്ടാക്കിയെന്നും ടീച്ചർ വിമർശിച്ചിരുന്നു.

ഇത് ആരെയും പ്രീതിപ്പെടുത്താനല്ല മറിച്ച് ഒരു മതത്തെ മാത്രം വേദനിപ്പിക്കാനുദ്ദേശിച്ചുള്ളതാണ്. അതിന്റെ കൃത്യമായ തെളിവാണ് പച്ച പെയിന്റെന്നും മതേതര കമ്മിറ്റി അധികാരത്തിലെത്തിയാൽ അവരുടെ താത്പര്യപ്രകാരമാകും അവിടുത്തെ കാര്യങ്ങൾ നടക്കുന്നതെന്നും ടീച്ചർ ആരോപിച്ചു. മതേതര ഉത്സവമാണ് പിന്നീട് നടത്താൻ ഉദ്ദേശിക്കുന്നതെന്നും ടീച്ചർ പറഞ്ഞു. എല്ലാ മതസ്ഥരും വിശ്വാസത്തോടെ കാണുന്ന ക്ഷേത്രത്തിന്റെ ആ വിശ്വാസത്തെ തന്നെ മറയാക്കി ജയിച്ചവരാണ് ഇപ്പോൾ ആഘോഷകമ്മിറ്റിയുടെ ചുമതലയിലുള്ളത്. മതമാറ്റത്തിന് പിന്നിൽ പ്രവർത്തിച്ചവരാണ് ഇവരെന്നും ഇങ്ങനെയുള്ളവർ ക്ഷേത്രത്തെ തങ്ങളുടെ മതബോധനത്തിന് ഉപയോഗിക്കാൻ ശ്രമിക്കുമെന്നും അതിന്റെ നേർ സാക്ഷിയാണ് ക്ഷേത്രത്തിലെ പച്ച പെയിന്റെന്നും ടീച്ചർ പറഞ്ഞു.

അതേസമയം ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഏറെ വൈകാതെ തന്നെ ദേവസ്വം ബോർഡ് നിലപാട് മാറ്റി. പീകോക്ക് കളർ മാറ്റി ചന്ദന കളർ ആണ് പുതുതായി ദേവസ്വം കെട്ടിടത്തിൽ അടിച്ചിരിക്കുന്നത്. നേരത്തെയും തിരുമാന്ധാംകുന്ന് ക്ഷേത്ര കമ്മിറ്റി വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. 2021-ൽ നടന്ന പൂരത്തിനിടെ കേക്ക് മുറിച്ച് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ പിറന്നാൾ ആഘോഷിച്ചത് വലിയ വിവാദമായിരുന്നു. കേക്ക് മുറിച്ച് ക്ഷേത്രം ജീവനക്കാർക്ക് വിതരണം ചെയ്ത് നവോത്ഥാനത്തിന്റെ പുതിയ പടവുകൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് ക്ഷേത്രം ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ഭാഗത്തു നിന്നും ഉണ്ടായത് എന്ന തരത്തിലുള്ള ആക്ഷേപവും അന്ന് ഉയർന്നിരുന്നു. കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങളിൽ അതീവ പ്രാധാന്യമുള്ള മൂന്ന് ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രം.