- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരബലിയുടെ പേരിൽ തിരുവല്ലയെ മാനം കെടുത്തിയെന്ന് നാട്ടുകാർ; തിരുവല്ലായിലല്ലല്ലോ...അല്ലെങ്കിലും ആണെങ്കിലും ലജ്ജാകരം എന്ന ഫേസ്ബുക്ക് പോസ്റ്റുമായി മാത്യു ടി. തോമസ് എംഎൽഎയും; ടവർ ലൊക്കേഷൻ പറ്റിച്ച പണിയെന്ന് പൊലീസും; ഇലന്തൂരിലേക്കുള്ളത് ഒരു മണിക്കൂർ യാത്ര; തിരുവല്ലയെ ഇനി വെറുതെ വിടാം
തിരുവല്ല: നരബലിയുടെ പേരിൽ തിരുവല്ലയെ നാണം കെടുത്തിയെന്ന് തിരുവല്ലാക്കാർ. ഇന്നലെ രാവിലെ മുതൽ ചാനലുകൾ ആഘോഷമാക്കിയ വാർത്ത പിന്നീട് ഇലന്തൂരിലേക്ക് മാറിയെങ്കിലും ഇന്നു പോലും മാധ്യമ വാർത്തകളുടെ പ്ലേസ് ലൈനിൽ തിരുവല്ല ഇടം പിടിച്ചതാണ് നാട്ടുകാരെ പ്രകോപിതരാക്കിയതിരിക്കുന്നത്. മുന്മന്ത്രിയും തിരുവല്ല എംഎൽഎയുമായ മാത്യു ടി. തോമസ് ഇതിനെതിരേ ഫേസ് ബുക്കിൽ കുറിപ്പിടുകയും ചെയ്തു.
തിരുവല്ലയിൽ നിന്ന് 30 കി.മീറ്ററോളം അകലെയാണ് നരബലി നടന്ന ഇലന്തൂർ പുന്നക്കാടിന് ചേർന്ന പ്രദേശം. പക്ഷേ, ഇന്നലെ രാവിലെ മുതൽ ചാനലുകളും മറ്റു മാധ്യമങ്ങളും തിരുവല്ല എന്ന പേരാണ് ഉപയോഗിക്കുന്നത്. കടവന്ത്ര പൊലീസ് നൽകിയ വിവരമാണ് മൃതദേഹങ്ങൾ തിരുവല്ലയിൽ കണ്ടെത്തിയെന്നത്. ഇതിന് കാരണമായത് ഷാഫിയുടെ മൊബൈൽ നമ്പർ പിന്തുടർന്ന് വന്നപ്പോഴുണ്ടായ ആശയക്കുഴപ്പമാണ്. കൊല്ലപ്പെട്ടവരുടെ മൊബൈൽ നമ്പർ അവസാനം വന്ന് നിന്നത് തിരുവല്ല ടവറി കീഴിലായിരുന്നു.
തിങ്കളാഴ്ച തന്നെ കൊച്ചിയിൽ നിന്നുള്ള രണ്ടു പൊലീസുകാർ തിരുവല്ലയിൽ എത്തി താമസിച്ചിരുന്നു. ഇവിടെ എവിടെയോ മൃതദേഹം കുഴിച്ചിട്ടിരിക്കുന്നുവെന്ന നിഗമനത്തിലായിരുന്നു ഇത്. പക്ഷേ, രാത്രി തന്നെ മൃതദേഹങ്ങൾ ഇലന്തൂരിലുള്ളതായി സ്ഥിരീകരിച്ചു. പക്ഷേ, മാധ്യമങ്ങൾക്ക് വാർത്ത നൽകിയ പൊലീസ് സോഴ്സ് ഇലന്തൂരും തിരുവല്ലയും അടുത്തടുത്ത പ്രദേശങ്ങളാണെന്ന് കരുതി തിരുവല്ലയെന്ന് പറയുകയായിരുന്നു. രണ്ടു സ്ഥലങ്ങളിലും തമ്മിൽ ഒരു മണിക്കൂർ യാത്രാസമയം ഉണ്ടെന്ന് അറിയാത്തവർ എല്ലാ വാർത്തകൾക്കും പ്ലേസ് ലൈൻ തിരുവല്ല ആക്കുകയും ചെയ്തു.
ഇതിനെതിരേ മാത്യു ടി. തോമസിന്റെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ:
തിരുവല്ലായിലല്ലല്ലോ...അല്ലെങ്കിലും ആണെങ്കിലും ലജ്ജാകരം
ഇന്നലെ രാവിലെ മാധ്യമപ്രവർത്തകർ ഓരോരുത്തരായി വിളിച്ചപ്പോ ഞെട്ടിപ്പോയി.
എല്ലാവരും ഏകസ്വരത്തിൽ പറഞ്ഞു 'തിരുവല്ലായിൽ നരബലി, എംഎൽഎ യുടെ പ്രതികരണം വേണം.
ഒന്നും അറിഞ്ഞില്ലല്ലോ, അന്വേഷിച്ചിട്ടു പറയാം എന്ന് ഞാൻ മറുപടി നൽകി. ദൃശ്യ മാധ്യമങ്ങൾക്ക് അപ്പോൾ തന്നെ പ്രതികരണം വേണമെന്ന് നിർബന്ധം.
അന്വേഷിച്ചിട്ടേ പറയൂ എന്ന് ഞാനും വാശി പിടിച്ചു.
പൊലീസുമായി ഉടൻ ബന്ധപ്പെട്ടു തിരുവല്ലായുമായി ബന്ധമില്ല എന്നത് ഉറപ്പിച്ചു.
തിരുവല്ലായിലല്ലെങ്കിലെന്താ,... ?
നാടിനെ നാണം കെടുത്തിയ പണിയായിപ്പോയി.
വധശിക്ഷയോടു തത്വത്തിൽ ഞാൻ എതിരാണെങ്കിലും, ഈ കേസിലെ പ്രതികൾക്ക് അത് സമ്മാനിക്കുവാൻ പ്രോസിക്യുഷന് കഴിഞ്ഞാൽ, ഞാൻ അറിയാതെ കയ്യടിച്ചു പോവും.
എന്നാലും എന്റെ തിരുവല്ലയെ മാധ്യമങ്ങൾ അനാവശ്യമായി ഇതിൽ വലിച്ചിഴക്കേണ്ടതില്ലായിരുന്നു.
തിരുവല്ലായിലല്ല എന്നുറപ്പിച്ചു കഴിഞ്ഞതിനു ശേഷം ഒരു ചാനൽ പോലും പിന്നെ എന്നെ വിളിച്ചില്ല
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്