- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളിടി വെട്ടി ഷോർട്ട് സർക്യൂട്ട്; തിരുവല്ല റവന്യൂ ടവറിലെ വയറിങ് മുഴുവൻ കത്തിനശിച്ചു; സർക്കാർ ഓഫീസുകളിലെയും കോടതികളിലെയും അഭിഭാഷക ഓഫീസുകളിലെയും കമ്പ്യൂട്ടറും ഇലക്ട്രോണിക് ഉപകരണങ്ങളും നിശ്ചലം; ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ ഭാഗത്ത് വൻ വീഴ്ചയെന്ന് പരാതി
തിരുവല്ല: ഇടിമിന്നലിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് റവന്യൂ ടവറിലെ വയറിങ് മുഴുവൻ കത്തി നശിച്ചു. കോടതികളുടെയും വിവിധ സർക്കാർ ഓഫീസുകളുടെയും അഭിഭാഷക ഓഫീസുകളുടെയും പ്രവർത്തനം അവതാളത്തിലാണ്. ടവറിൽ റൂമെടുത്തവർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, അഗ്‌നിശമന സേനാ വിഭാഗം എന്നിവയുടെ വീഴ്ചയാണ് ഇതിന് കാരണമെന്ന് ആരോപണം. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്.
രണ്ടു ദിവസം മുൻപുണ്ടായ ഇടിമിന്നലിൽ റവന്യൂ ടവറിന്റെ ട്രാൻസ്ഫോർമറിൽ നിന്ന് അമിതമായി വൈദ്യുതി പ്രവഹിച്ചാണ് ആറു നില കെട്ടിടത്തിലെ മുഴുവൻ വയറിങ്ങും കത്തിയമർന്നത് എന്ന് പറയുന്നു. കെട്ടിടത്തിൽ വിവിധ റൂമുകളിലും ഓഫീസുകളിലും ഉണ്ടായിരുന്ന എ.സി, കമ്പ്യൂട്ടർ, പ്രിന്റർ, ഫാൻ, വയറിങ് എന്നിവ പൂർണമായും കത്തിനശിച്ചു. കടകളിലുണ്ടായിരുന്ന റഫ്രിജറേറ്ററുകൾ, ടി.വി, മിക്സി എന്നിവയ്ക്കും കേടുപാടുകൾ ഉണ്ടായി. രണ്ടു ദിവസമായിട്ടും യഥാർഥ കാരണം കണ്ടെത്താൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിനും കഴിഞ്ഞിട്ടില്ല. സ്വകാര്യ കെട്ടിടങ്ങളിൽ ചെറിയ ഒരു പിഴവ് വന്നാൽ പോലും പരിശോധന നടത്തി ലക്ഷങ്ങൾ പിഴ ഈടാക്കുന്ന വിഭാഗമാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്.
ഹൗസിങ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള റവന്യൂ ടവർ വർഷങ്ങളായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ എൻ.ഓ.സിയില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഇത്രയധികം നിലകളും ഓഫീസുകളുമുള്ള കെട്ടിടത്തിന്റെ വയറിങ്ങൂം വൈദ്യുതി പ്രവാഹവും പരിശോധിച്ച് അപാകതകൾ കണ്ടെത്തുകയും അത് പരിഹരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്യേണ്ടത് പത്തനംതിട്ട ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റാണ്. ഇങ്ങനെ തകരാറുകൾ പരിഹരിച്ചാൽ മാത്രമേ ഇവർ ലൈസൻസ് കൊടുക്കാവൂ എന്നാണ്. ഇവിടെ ആ ചട്ടം പാലിക്കപ്പെട്ടിട്ടില്ലെന്ന് പറയുന്നു.
ഇപ്പോൾ രണ്ടു ദിവസമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഓരോ മുറിയിലും കയറിയിറങ്ങി പരിശോധന നടത്തുന്നുണ്ട്. മുൻസിഫ്, മജിസ്ട്രേറ്റ് സബ് കോടതി എന്നിങ്ങനെ മൂന്നു കോടതികൾ റവന്യൂ ടവറിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ജോയിന്റ് ആർ.ടി.ഓഫീസ്, എക്സൈസ് ഓഫീസ് തുടങ്ങിയ സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്നു. ഇവിടെയെല്ലാം കമ്പ്യൂട്ടറുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഇവിടെ പിന്നെ ഏറ്റവും കൂടുതലുള്ളത് അഭിഭാഷകരുടെയും ആധാരം എഴുത്തുകാരുടെയും ഓഫീസുകളാണ്. ഇവരുടെയൊക്കെ ഡേറ്റ ശേഖരിച്ച് വച്ചിരുന്ന കമ്പ്യൂട്ടറുകൾക്ക് അടക്കം തകരാർ സംഭവിച്ചു. ടവറിനുള്ളിൽ ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റും പ്രവർത്തിക്കുന്നുണ്ട്.
റവന്യൂ ടവറിനോട് തൊട്ടു ചേർന്നാണ് അഗ്‌നിശമന സേനയുടെ ഓഫീസ്. ഏതാനും വർഷങ്ങളായി അഗ്‌നിശമന സേനയുടെ എൻ.ഓ.സിയില്ലാതെയാണ് കെട്ടിടം പ്രവർത്തിക്കുന്നത്. ലിഫ്ടുകൾക്ക് അടക്കം ഫയർ എൻ.ഓ.സിയില്ല. ലിഫ്ട് ഉള്ളതും ഇല്ലാത്തതും തുല്യമാണ്. ഇതിൽ കയറുന്നവർ മിക്കവാറും മണിക്കൂറുകളോളം കുടുങ്ങിക്കിടക്കും. നാലു മാസമായി ലിഫ്ടും പ്രവർത്തിക്കുന്നില്ല. തൊട്ടടുത്തുള്ള അഗ്‌നിശമന സേനാ ഓഫീസിലെ ഉദ്യോഗസ്ഥർ ഇതിനെതിരേ നടപടി സ്വീകരിക്കുന്നില്ല എന്നുള്ളതാണ് വിചിത്രം. ചുരുക്കത്തിൽ നിയമലംഘനങ്ങളുടെ ഒരു കൂടാണ് തിരുവല്ല റവന്യൂ ടവർ.
കസ്റ്റോഡിയൻ കരാർ ജീവനക്കാരൻ, ഭവന നിർമ്മാണ ബോർഡും തഥൈവ!
തിരുവല്ല റവന്യൂ ടവറിന്റെ കസ്റ്റോഡിയൻ ഭവന നിർമ്മാണ ബോർഡിന്റെ എക്സിക്യൂട്ടീവ് എൻജിനിയറാകട്ടെ. ഇവിടെ അത് കരാർ ജീവനക്കാരനാണ്. സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടുഴലുന്ന ബോർഡിൽ പുതിയ നിയമനങ്ങൾ ഒന്നും തന്നെയില്ല. പത്തനംതിട്ട ജില്ലയിലെ ഭവന നിർമ്മാണ ബോർഡിന്റെ ആസ്ഥാനം കുറ്റപ്പുഴയാണ്. റവന്യൂ ടവറുകളുടെ അറ്റകുറ്റപ്പണി, സംരക്ഷണം, ബലക്ഷയം പരിശോധിക്കൽ എന്നിവ ഭവന നിർമ്മാണ ബോർഡിന്റെ ചുമതലയാണ്. കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെങ്കിലും ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ചീഫ് എൻജിനീയറെ അടക്കം കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരിക്കുന്നു. ശമ്പളവും പെൻഷനും വളരെ കഷ്ടപ്പെട്ടാണ് ജീവനക്കാർക്ക് നൽകുന്നത്. ഏഴു വർഷം മുൻപ് വിരമിച്ചവരുടെ ആനുകൂല്യങ്ങൾ പോലും നൽകാൻ കഴിയുന്നില്ല.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്