തിരുവല്ല: കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ സ്വകാര്യ വൽക്കരിക്കുന്നവെന്നും വിറ്റു തുലയ്ക്കുന്നുവെന്നുമാണ് സംസ്ഥാന സർക്കാരിന്റെയും സിപിഎം നേതാക്കളുടെയും ആരോപണം. സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാണെന്നും ഇവർ തട്ടി വിടുന്നു. എന്നാലിതാ ഒരു പൊതുമേഖലാ സ്ഥാപനം കൂടി സംസ്ഥാനത്ത് അടച്ചു പൂട്ടൽ ഭീഷണി നേരിടുന്നു. അതാണ് തിരുവല്ല ട്രാക്കോ കേബിൾസ്.

കഴിഞ്ഞ ഏപ്രിൽ മുതൽ കമ്പനിയിൽ ഉൽപാദനം നിലച്ചു. മാസങ്ങളായി ജീവനക്കാർക്ക് കൃത്യമായി ശമ്പളമില്ല. ദിവസേന ജോലിക്ക് ജീവനക്കാർ എത്താറുണ്ടെങ്കിലും പണിയില്ല. മൂലധനമായി കമ്പനിയുടെ പക്കൽ ചില്ലിപ്പൈസ ഇല്ലാത്ത അവസ്ഥ. കഴിഞ്ഞ മാസത്തെ ശമ്പളം ഇനിയും പൂർണമായി ലഭിച്ചിട്ടില്ല. പിരിഞ്ഞു പോകുന്ന ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകുന്നില്ല. ഈ നില തുടർന്നാൽ വൈകാതെ ട്രാക്കോ കേബിളിന്റെ തിരുവല്ലയിലെ കമ്പനി അടച്ചു പൂട്ടേണ്ടിവരുമെന്നാണ് ജീവനക്കാർ പറയുന്നത്.

കമ്പനിക്ക് ഇരുമ്പനം, തിരുവല്ല, പിണറായി എന്നിവിടങ്ങളിലായി മൂന്ന് യൂണിറ്റുകളും അഞ്ഞൂറിലധികംജീവനക്കാരുമുണ്ട്. തിരുവല്ലയിൽ മാത്രം നൂറ്റമ്പതിൽപരം ജീവനക്കാരാണുള്ളത്. കെഎസ്ഇബിക്കു വേണ്ടി ഉന്നത ഗുണനിലവാരമുള്ള എ.സി.എസ്.ആർ, എൽ.ടി, എച്ച്.ടി, യു.ജി കേബിളുകൾ ഉൽപ്പാദിപ്പിക്കുന്ന കമ്പനിയുടെ പ്രധാനപ്പെട്ട രണ്ട് യൂണിറ്റുകളാണ് ഇരുമ്പനത്തും തിരുവല്ലയിലുമുള്ളത്. മുൻകാലങ്ങളിൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന രണ്ടു യൂണിറ്റുകളിലും പ്രവർത്തന മൂലധനമില്ലാത്തതിനാലും കെ.എസ്.ഇ.ബിയിൽ നിന്നും ഓർഡറുകൾ ലഭിക്കാത്തതിനാലും കഴിഞ്ഞ ഒരു വർഷമായി ഉൽപ്പാദനം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. ഇരുമ്പനത്തേയും തിരുവല്ലയിലെയും യൂണിറ്റുകൾ അടച്ചു പൂട്ടലിൽ എത്തി നിൽക്കുകയാണ്.

ജീവനക്കാരുടെ ശമ്പളം മുടങ്ങിയതോടൊപ്പം ശമ്പളപരിഷ്‌ക്കരണമുൾപ്പെടെ നിരവധി ആനുകൂല്യങ്ങളും നഷ്ടപ്പെട്ടു. 2016 മുതൽ കമ്പനിയുടെ മൂന്ന് യൂണിറ്റിൽ നിന്നും വിരമിച്ച നൂറിലധികം ജീവനക്കാർക്ക് വിരമിക്കൽ ആനുകൂല്യങ്ങളും ലഭിക്കാനുണ്ട്. വിരമിച്ച തൊഴിലാളികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് കഴിഞ്ഞ ജൂൺ 15ന് ഇവർക്ക് ആനുകൂല്യങ്ങൾ ചെക്കുകളായി നൽകിയിരുന്നു. എന്നാൽ തലേ ദിവസം
ബാങ്കുകൾക്ക് സ്റ്റോപ്പ് മെമോ നൽകിയ ശേഷമായിരുന്നു ചെക്ക് നൽകി വിരമിച്ച പാവപ്പെട്ട തൊഴിലാളികളെ അധികൃതർ വഞ്ചിച്ചത്.

അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സ്ഥാപനം സംരക്ഷിക്കുന്നതിന്റെ ഭാഗമായി വ്യവസായ മന്ത്രിയുടെ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്നും കമ്പനി പൂർണതോതിൽ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തന മൂലധനവും കെ.എസ്.ഇ.ബി യിൽ നിന്നും പരമാവധി ഓർഡറുകളും അനുവദിക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. സത്വര ഇടപെടൽ സർക്കാരിൽ നിന്നും ഉണ്ടാകുന്നില്ലായെങ്കിൽ യൂണിറ്റുകൾ അടച്ചുപൂട്ടി പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത മൂലമാണ് തിരുവല്ല ട്രാക്കോ കേബിൾ കമ്പനി അടച്ചുപൂട്ടലിലേക്ക് എത്തിച്ചതെന്ന് കമ്പനിയിലെ ഐ.എൻ.ടി.യു.സി യൂണിയൻ പ്രസിഡന്റ് അഡ്വ. കെ ശിവദാസൻ നായർ, ജില്ലാ പ്രസിഡന്റ് ജ്യോതിഷ്‌കുമാർ മലയാലപ്പുഴ എന്നിവർ പറഞ്ഞു.