- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെണ്ടർ നടപടികളിൽ പങ്കെടുത്ത ശേഷം കൈമാറ്റത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ല; തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് തുടരാം; സംസ്ഥാന സർക്കാരിന്റെയും യൂണിയനുകളുടേയും ഹർജി തള്ളി സുപ്രീം കോടതി; ഭൂമിയുടെ അവകാശ തർക്കം തത്ക്കാലം തീർപ്പാക്കുന്നില്ലെന്നും കോടതി
ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ചോദ്യംചെയ്തുള്ള സംസ്ഥാന സർക്കാരിന്റേതടക്കം ഹർജികൾ സുപ്രീം കോടതി തള്ളി. വിമാനത്താവള കൈമാറ്റവുമായി ബന്ധപ്പെട്ട ടെണ്ടർ നടപടികളിൽ പങ്കെടുത്ത ശേഷം പിന്നീട് കൈമാറ്റത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാരും എയർപോർട്ട് അഥോറിറ്റി എംപ്ലോയീസ് യൂണിയനും നൽകിയ ഹർജികളാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
കഴിഞ്ഞ വർഷം കൈമാറ്റം നടന്ന സാഹചര്യത്തിൽ കോടതി ഇടപെടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.2020 ലാണ് സംസ്ഥാന സർക്കാർ അടക്കം ഹർജിയുമായി സുപ്രിം കോടതിയിൽ എത്തിയത് കേരള ഹൈക്കോടതി വിധിക്കെതിരെയായിരുന്നു അപ്പീൽ. വിമാനത്താവളത്തിന്റെ ഭൂമിയുടെ അവകാശം സംബന്ധിച്ച തർക്കം താൽക്കാലം തീർപ്പാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, വിമാനത്താവള ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട നിയമ നടപടികളുമായി ആവശ്യമെങ്കിൽ സർക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.വിമാനത്താവളത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നൽകിയത് തങ്ങളാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു. ഇതിനായി ഒരു രൂപപോലും എയർപോർട്ട് അഥോറിറ്റിയിൽ നിന്ന് ലഭിച്ചിട്ടില്ല. സർക്കാർ ചെലവാക്കിയ പണം തങ്ങളുടെ ഓഹരിയായി മാറ്റേണ്ടതായിരുന്നുവെന്നും സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സി.യു. സിങ്ങും സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശിയും വാദിച്ചു.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനം ടെണ്ടർ നടപടികളിൽ പങ്കെടുത്തശേഷം ഈ വാദത്തിന് പ്രസക്തിയില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വിമാനത്താവളത്തിലെത്തുന്ന ഓരോ യാത്രക്കാരനും കേരളം 135 രൂപ ലേലത്തിൽ വാഗ്ദാനം ചെയ്തപ്പോൾ അദാനി ഗ്രൂപ്പ് 168 രൂപയാണ് വാഗ്ദാനം ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ വിജയകരമായി നടത്തിയ പരിചയം തങ്ങൾക്കുണ്ടെന്ന് സംസ്ഥാന സർക്കാർ വാദിച്ചെങ്കിലും അതും കണക്കിലെടുക്കാൻ കോടതി തയ്യാറായില്ല.
എയർപോർട്ട് അഥോറിറ്റി ജീവനക്കാരുടെ വിരമിക്കൽപ്രായം അറുപത് വയസ്സാണെന്ന് എയർപോർട്ട് അഥോറിറ്റി എംപ്ലോയീസ് യൂണിയൻ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. വിരമിക്കുമ്പോൾ പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. എന്നാൽ അദാനിയുടെ ജീവനക്കാരായി മാറിയാൽ ഇതൊന്നും ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് യൂണിയന്റെ അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ എന്നിവർ ചൂണ്ടിക്കാട്ടി. എന്നാൽ ഈ വാദം അംഗീകരിക്കാൻ സുപ്രീം കോടതി തയ്യാറായില്ല. തിരുവനന്തപുരത്ത് ജോലിചെയ്തിരുന്ന എയർപോർട്ട് അഥോറിറ്റിയുടെ ജീവനക്കാർക്ക് മറ്റ് വിമാനത്താവളങ്ങളിലേക്ക് പോകാൻ അവസരമുണ്ടെന്നും കോടതി വ്യക്തമാക്കി.
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ചോദ്യംചെയ്ത് സർക്കാർ നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളിയത് 2020 ഒക്ടോബർ 19-നാണ്. ഇതിനെതിരെ അതേവർഷം നവംബറിൽ നൽകിയ ഹർജിയാണ് സുപ്രീം കോടതി തിങ്കളാഴ്ച രണ്ട് മണിക്കൂറോളം വാദംകേട്ട് തള്ളിയത്.
സംസ്ഥാന സർക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിന് കരാർ നൽകിയതിൽ ക്രമക്കേട് ഉണ്ടെന്നായിരുന്നു സർക്കാർ വാദം. ലേല നടപടികൾ സുതാര്യമല്ലെന്നും സർക്കാർ ആരോപിച്ചു. ലേല നടപടികൾ അദാനിക്ക് വേണ്ടി ടൈലർ മെയ്ഡ് ആണെന്ന സർക്കാർ വാദവും കോടതി തള്ളി. കേരളത്തിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നായിരുന്നു കോടതിയിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാട്. നേരത്തെ ലേലത്തിൽ പങ്കെടുക്കാൻ പ്രത്യേക ഇളവുകളോടെ കേരളത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ ലേലത്തിൽ പരാജയപ്പെട്ട ശേഷം ഇത്തരം ഒരു ഹർജിയുമായി കോടതിയെ സമീപിക്കാൻ കേരളത്തിന് അർഹത ഇല്ലെന്നും വിശാലമായ പൊതു താല്പര്യം മുൻ നിർത്തിയാണ് വിമാനത്താവളങ്ങൾ പാട്ടത്തിനു നൽകുന്നതെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
സർക്കാർ ഉടമസ്ഥതയിലുള്ള കെഎസ്ഐഡിസി ലേലത്തിൽ പങ്കെടുത്തതാണ്. യാത്രികർക്കു 168 രൂപയാണ് കെഎസ്ഐഡിസി മുന്നോട്ടുവച്ച തുക. മുന്നിൽ എത്തിയ ലേലത്തുകയേക്കാൾ 20 ശതമാനം കുറവാണിത്. അതിനാലാണ് കെഎസ്ഐഡിസി ലേലത്തിൽ പിന്തള്ളപ്പെട്ടുപോയതെന്ന ഹൈക്കോടതി വിലയിരുത്തൽ സുപ്രീം കോടതി എടുത്തു പറഞ്ഞു.
സ്വകാര്യ ഉടമസ്ഥത വരുന്നതോടെ സേവന വ്യവസ്ഥകൾ ബാധിക്കപ്പെടുമെന്ന തൊഴിലാളി യൂണിയനുകളുടെ ആശങ്കയും കോടതി തള്ളി. എയർപോർട്ട് അഥോറിറ്റിയുടെ മറ്റു വിമാനത്താവളങ്ങളിലേക്കു മാറാം എന്ന നിർദ്ദേശം തൊഴിലാളികൾക്കു മുന്നിൽ ഉണ്ടായിരുന്നെന്ന് കോടതി പറഞ്ഞു.
2021 ഒക്ടോബർ മുതൽ സ്വകാര്യ കമ്പനിയാണ് വിമാനത്താവളം നടത്തുന്നത്. അതുകൊണ്ടുതന്നെ ഹർജിയിൽ ഇടപെടാൻ കാരണമൊന്നും കാണുന്നില്ലെന്ന് കോടതി അറിയിച്ചു. അതേസമയം സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉയർത്തിയ വാദം നിലനിൽക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു.
രാഷ്ട്രീയമായും നിയമപരമായും സംസ്ഥാന സർക്കാർ ഉയർത്തിയ കടുത്ത എതിർപ്പുകളെ മറികടന്നാണ് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകാൻ തീരുമാനമായത്. 2019 ഫെബ്രുവരിയിൽ നടത്തിയ ടെൻഡറിൽ അദാനിയാണ് മുന്നിലെത്തിയത്. സർക്കാരിന് വേണ്ടി പങ്കെടുത്ത കെഎസ്ഐഡിസി രണ്ടാമതായി. അദാനിയെ ഏപിക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് തീരുമാനത്തിൽ നിന്ന് പിൻവാങ്ങണമെന്നടക്കം ആവശ്യമുന്നയിച്ചിരുന്നു. വിമാനത്താവളസ്വകാര്യവൽക്കരണത്തിൽ കോൺഗ്രസിനുള്ളിലും രണ്ട് അഭിപ്രായമുയർന്നിരുന്നു.