- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ സ്ഥാപനങ്ങളുടെ സ്വന്തംകെട്ടിടങ്ങള്‍ പലതും പ്രവര്‍ത്തിക്കുന്നത് തുച്ഛമായ വാടകയിലും ബിനാമി പേരിലും; 20 വര്‍ഷത്തിലേറെയായി ചെറിയ വാടക തുകക്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളും; ഒന്നും കണക്കും വ്യവസ്ഥയുമില്ല; വാടക കരാര്‍, പുതുക്കുന്നവും പുതുക്കാത്തവരും അനവധി; ശ്രീലേഖ- വി കെ പ്രശാന്ത് തര്‍ക്കത്തില്‍ പുറത്തുവരുന്നത് ഖജനാവ് ചോര്‍ച്ചയുടെ ഒരു വഴി
തദ്ദേശ സ്ഥാപനങ്ങളുടെ സ്വന്തംകെട്ടിടങ്ങള്‍ പലതും പ്രവര്‍ത്തിക്കുന്നത് തുച്ഛമായ വാടകയിലും ബിനാമി പേരിലും
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ കെട്ടിടത്തില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം വഴിതുറന്നത് തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കുന്ന കൊടിയ കെടുകാര്യസ്ഥതയെ കുറിച്ച്. കോര്‍പറേഷനുകളുടെ ഉടമസ്ഥതയിലുള്ളതടക്കം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലെ സ്വന്തംകെട്ടിടങ്ങള്‍ പലതും പ്രവര്‍ത്തിക്കുന്നത് തുച്ഛമായ വാടകയിലും ബിനാമി പേരിലുമാണ്. സാധാരണക്കാരില്‍ നിന്നുപോലും നികുതി പിരിവില്‍ വര്‍ഷാവഷം അഞ്ചുശതമാനം വര്‍ധനവ് വാങ്ങുന്ന തദ്ദേശ വകുപ്പ് ഇക്കാര്യത്തില്‍ കണ്ണടക്കുകയാണെന്നാണ് ഈ വിവാദത്തിന്റ ബാക്കിപത്രമായി വ്യക്തമാകുന്നകാര്യം.
മാറി മാറി വരുന്ന ഭരണസമിതികള്‍ക്ക് മുന്നില്‍ ഇതുസംബന്ധിച്ച ഫയലുകള്‍ അജണ്ടയായി എത്താറുണ്ടെങ്കിലും ഒന്നും പരിഗണിക്കാതെ മാറ്റുന്നതും പതിവാണ്. എം.എല്‍.എ വി.കെ. പ്രശാന്തും കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയും തമ്മില്‍ തിരുവനന്തപുരം കോര്‍പറേഷന് കീഴിലെ മുറിയെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങളാണ് ചട്ടലംഘനങ്ങള്‍ പുറത്തേക്ക് വരാന്‍ കാരണമായത്.
വാടകകള്‍ പലതും കാലോചിതമായി പരിഷ്‌കരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാറില്ല. 'പാട്ടക്കരാര്‍' പോലെ തുച്ചമായ തുകക്കാണ് പലരും കൈക്കലാക്കിയിരിക്കുന്നത്. തൊട്ടടുത്ത കെട്ടിടങ്ങള്‍ പലതും 10,000 രൂപക്ക് മുകളില്‍ വാടക നല്‍കുമ്പോള്‍ കോര്‍പറേഷനുകള്‍ക്ക് കീഴിലെ കെട്ടിടങ്ങള്‍ 800നും 1000ത്തിനുമൊക്കെയാണ് പലരും സ്വന്തമാക്കിയിരിക്കുന്നത്. ഏതോകാലത്തെ കരാര്‍പ്രകാരം കടകളും മറ്റ് മുറികളും വാടകക്ക് എടുത്ത ശേഷം മറ്റ് ആളുകള്‍ക്ക് ഉയര്‍ന്ന നിരക്കില്‍ നല്‍കുന്നവരും ഉണ്ടെന്ന വിവരവും പുറത്തുവരുന്നു.
ഇതെല്ലാം പരിശോധിക്കുമെന്നാണ് പുതുതായി തിരുവനന്തപുരം ഭരണം പിടിച്ച ബി.ജെ.പി ഭരണസമിതി പറയുന്നത്. എന്നാല്‍ കഴിഞ്ഞ കൗണ്‍സിലിലടക്കം ഒപ്പം ഭരണത്തില്‍ ഇരുന്നവരാണ് ബി.ജെ.പി അംഗങ്ങള്‍. ഇതുസംബന്ധിച്ച് വരുന്ന അജണ്ടകളില്‍ അവരും മൗനം നടിച്ചു എന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്രതിവര്‍ഷം കുറഞ്ഞത് എട്ട് ശതമാനം വീതം വാടകയില്‍ വര്‍ധന വരുത്തിയാണ് കരാര്‍ പുതുക്കേണ്ടത്.
എന്നാല്‍ പലരും ഇത് പുതുക്കുന്നില്ല. മറ്റുചിലര്‍ പുതുക്കുന്നുണ്ടെങ്കിലും വര്‍ധനയില്ല. 20 വര്‍ഷത്തിലേറെയായി തുച്ഛമായ തുകക്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുണ്ടെന്നാണ് വിവരം. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി കോര്‍പറേഷന്റെ വരുമാനത്തില്‍ വര്‍ധന വരുത്താനുള്ള നടപടികള്‍ക്ക് തുടക്കമിടാനാണ് ഇപ്പോഴത്തെ ഭരണസമിതിയുടെ നീക്കം.
അതേസമയം എംഎല്‍എ ഓഫീസ് വിവാദത്തില്‍ വ്യക്തിപരമായ കാര്യങ്ങള്‍ പരിഗണിക്കാതെ നിയമപരമായ സാധ്യതകള്‍ പരിശോധിക്കുമെന്ന് മേയര്‍ വി വി രാജേഷ് പ്രതികരിച്ചിരുന്നു. എംഎല്‍എ ഓഫീസിന്റെ വാടക കരാര്‍ പരിശോധിക്കുകയാണ്. എത്ര രൂപ വാടകയ്ക്കാണ് മുറി കൊടുത്തിരുന്നത് എന്നും അതുമായി ബന്ധപ്പെട്ട രേഖകളും പരിശോധിക്കും. കെട്ടിടം ഒഴിപ്പിക്കുമെന്ന് കോര്‍പ്പറേഷന്‍ പറഞ്ഞിട്ടില്ലെന്നും വി വി രാജേഷ് വ്യക്തമാക്കി.
കോര്‍പ്പറേഷനില്‍ പല കൗണ്‍സിലര്‍മാര്‍ക്കും ഇരിക്കാന്‍ പോലും സൗകര്യമില്ല. പ്രവര്‍ത്തന സൗകര്യം ഉയരണം. ആരാണ് സൗകര്യമൊരുക്കേണ്ടത് എന്ന് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്വന്തം വീട്ടില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സിലര്‍മാര്‍ പോലുമുണ്ട്. വാണിജ്യ കോംപ്ലക്‌സുകള്‍ക്ക് കൃത്യമായ വാടക ലഭിക്കണം. ജനപ്രതിനിധികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് നിയമപരമായ എന്തൊക്കെ ഇളവുകള്‍ ചെയ്യാനാകും എന്നുള്ളത് പരിഗണിക്കും. വി വി രാജേഷ് പ്രതികരിച്ചു. എന്നാല്‍ അതില്‍ വികെ പ്രശാന്ത് ഉള്‍പ്പെടുമോ എന്ന ചോദ്യത്തിന് വി വി രാജേഷ് മറുപടി നല്‍കിയില്ല.
അതേസമയം, ഓഫീസ് വിഷയം വലിയ വിവാദമായതോടെ തര്‍ക്കത്തില്‍ നിന്നും ആര്‍ ശ്രീലേഖ പിന്നോട്ട് പോവുകയായിരുന്നു. വി കെ പ്രശാന്ത് മൂന്നോ നാലോ മാസം നിലവിലെ കെട്ടിടത്തില്‍ തുടരുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്ന് ശ്രീലേഖ പറഞ്ഞിരുന്നു. എംഎല്‍എ ഓഫീസിലെത്തി പ്രശാന്തിനെ നേരിട്ട് കണ്ടതിന് പിന്നാലെയായിരുന്നു പ്രതികരണം.
ശനിയാഴ്ചയാണ് എംഎല്‍എ വി കെ പ്രശാന്തിനോട് ഓഫീസ് ഒഴിയണമെന്ന് ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടത്. ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ എംഎല്‍എ ഓഫീസ് കെട്ടിടം തനിക്ക് വേണമെന്നായിരുന്നു ബിജെപി കൗണ്‍സിലറായ ശ്രീലേഖയുടെ ആവശ്യം. എംഎല്‍എ ഓഫീസ് ഇരിക്കുന്ന കെട്ടിടമാണ് തനിക്ക് സൗകര്യമെന്നായിരുന്നു ശ്രീലേഖയുടെ വാദം. എന്നാല്‍ വാടക കരാര്‍ അവസാനിക്കാതെ മാറില്ലെന്ന് വി കെ പ്രശാന്ത് അറിയിക്കുകയായിരുന്നു. തന്റെ കാലാവധി മൂന്ന് മാസം കൂടി ബാക്കിയുണ്ടെന്ന് എംഎല്‍എ മറുപടിയും നല്‍കിയിരുന്നു.




