തിരുവനന്തപുരം:പൊലീസുകാരന്റെ വ്യാജ ആത്മഹത്യയിൽ വട്ടം കറങ്ങി പൊലീസ് സേനയും നാട്ടുകാരും.ഒടുവിൽ തിരുവനന്തപുരത്ത് കടലിൽ ചാടി ആത്മഹത്യ ചെയ്‌തെന്ന് കരുതിയ പൊലീസ് ഉദ്യോഗസ്ഥനെ പാലക്കാട് നിന്നും കണ്ടെത്തി. നെല്ലിമൂട് സ്വദേശി ഗിരീഷിനെയാണ് പാലക്കാട് സൗത്ത് പൊലീസ് കണ്ടെത്തിയത്.ഇതോടെ വ്യാജ ആത്മഹത്യാ ശ്രമമാണെന്ന് അറിയാതെ ഹെലികോപ്റ്റർ അടക്കം ഉപയോഗിച്ച് കടലിൽ തിരച്ചിൽ നടത്തിയ പൊലീസിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്.

വെള്ളിയാഴ്ചയാണ് ഒരർത്ഥത്തിൽ രസകരവും എന്നാൽ നാടകീയത നിറഞ്ഞതുമായ സംഭവങ്ങൾ അരങ്ങേറിയത്.വിജിലൻസ് പൂജപ്പുര യൂണിറ്റിലെ ഡ്രൈവർ ആയ ഗിരീഷിന് കുടുംബ പ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.ഉച്ചയോടെ വീട്ടുകാർ ഗിരീഷിന്റെ ഒരു കത്ത് കണ്ടെടുത്തു.താൻ പോകുന്നു എന്നായിരുന്നു കത്തിൽ ഉണ്ടായിരുന്നത്. ഇതോടെന ആത്മഹത്യയെന്ന് കരുതിയ വീട്ടുകാർ പൊലീസിൽ പരാതി നൽകി.പൊലീസ് സേനയിൽപ്പെട്ട വ്യക്തിയായതിനാൽ തന്നെ അതിവേഗം വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് സന്ദേശം പാഞ്ഞു.

അന്വേഷണത്തിനൊടുവിൽ ആഴിമല ക്ഷേത്രത്തിനു സമീപം കടൽത്തീരത്ത് ഗിരീഷിന്റെ ബൈക്ക് കണ്ടെത്തിയതോടെയാണ് കാര്യങ്ങൾ കടലിലേക്കെത്തുന്നത്.ഗിരീഷ് തീരത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു.ഇതോടെ ഇയാൾ കടലിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു.പിന്നാലെ വിപുലമായ പരിശോധനയും ആരംഭിച്ചു.

കോസ്റ്റൽ പൊലീസിന്റെ ബോട്ടുകളും തീര സംരക്ഷണ സേനയുടെ ഹെലികോപ്റ്ററുകളും ഉൾപ്പെടെ ഉപയോഗിച്ച് കടലിൽ തിരച്ചിൽ നടത്തി. രാവിലെ മുതൽ കടലിലും പാറക്കെട്ടിന്റെ പല ഭാഗങ്ങളിലും പരിശോധന നടന്നു.ഒടുവിൽ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ നിന്നു സന്ദേശം എത്തി.കടലിൽ ചാടിയെന്ന് കരുതിയ പൊലീസുകാരൻ പാലക്കാട്ട് ഉണ്ടെന്ന്.കൈലി മുണ്ടുടുത്ത് കടൽ ഭാഗത്തേക്ക് പോയ ഗിരീഷിനെ വെള്ളമുണ്ട് ധരിച്ച അവസ്ഥയിലാണ് പാലക്കാട് കണ്ടെത്തിയത്.

സിസിടിവിയുള്ള ഭാഗത്ത് കൂടി കടലിലേക്ക് നടന്നതിനു ശേഷം വസ്ത്രം മാറി പാറക്കെട്ടുകളുള്ള മറ്റൊരു വശം വഴി കടന്നതായാണ് വിവരം.തുടർന്ന് അവിടെ നിന്നും ബസിൽ പാലക്കാട്ട് എത്തിയെന്നാണ് ഗിരീഷ് പൊലീസുകാരോട് പറഞ്ഞത്.