തിരുവനന്തപുരം: മ്യൂസിയം വളപ്പിൽവച്ച് യുവതിയെ ആക്രമിക്കുകയും കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ചു കയറുകയും ചെയ്ത കേസിലെ പ്രതി മലയിൻകീഴ് സ്വദേശി സന്തോഷ് ലൈംഗിക വൈകൃതമുള്ള ആളെന്ന് പൊലീസ്. തിരുവനന്തപുരത്തു തന്നെ മറ്റൊരു സ്ത്രീയെ കടന്നുപിടിച്ച കേസിലും പ്രതിക്കെതിരെ അന്വേഷണം നടക്കുന്നുവെന്നും ഡിസിപി അജിത് കുമാർ പറഞ്ഞു. അതേസമയം, സന്തോഷിനെ റിമാൻഡ് ചെയ്തു.

അന്വേഷണത്തിലോ ശക്തമായ വകുപ്പുകൾ ചേർക്കുന്നതിലോ പൊലീസിന് വീഴ്ച പറ്റിയിട്ടില്ല. പരാതിക്കാരിയുടെ ശക്തമായ നിലപാടും സഹായവും കേസ് അന്വേഷണത്തിൽ നിർണായകമായെന്നും ഡിസിപി പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ വീട്ടിൽ കയറി അതിക്രമം കാണിച്ചെന്നാണ് ഇയാൾക്കെതിരെ വന്ന പുതിയ പരാതി. അന്ന് ഇയാളെ പിടികൂടാനായില്ല. സന്തോഷ് അറസ്റ്റിലായതോടെ പെൺകുട്ടി ഇയാളെ തിരിച്ചറിയുകയായിരുന്നു.

തന്നെ ആക്രമിച്ച പ്രതിയെ പിടികൂടാനായതിലും നീതി കിട്ടിയതിലും സന്തോഷമുണ്ടെന്ന് മ്യൂസിയത്തിൽ ആക്രമിക്കപ്പെട്ട യുവതി പ്രതികരിച്ചു. മ്യൂസിയം പൊലീസിന്റെ ഭാഗത്ത് ആദ്യഘട്ടത്തിൽ വീഴ്‌ച്ചയുണ്ടായെന്നും പരാതിക്കാരി പറഞ്ഞു. ഒരു ദൃശ്യമാധമത്തോടാണ് പരാതിക്കാരിയുടെ പ്രതികരണം.

സംഭവം നടന്ന ദിവസം അഞ്ചേമുക്കാലോടെ തന്നെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. എല്ലാവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പോയെന്ന് മറുപടി കിട്ടി. തുടർന്ന് 8.30 ന് എത്താൻ ആവശ്യപ്പെട്ടു. 10 മണിയോട് അടുത്ത് മൊഴിയെടുത്തു. ആദ്യം നീതി കിട്ടില്ലെന്നാണ് വിചാരിച്ചത്. എന്നാൽ ഡിസിപി ഇടപെട്ടപ്പോളാണ് നീതി കിട്ടിയതെന്നും യുവതി പറഞ്ഞു. പ്രതിയുടെ പശ്ചാത്തലം തന്നെ ഞെട്ടിച്ചെന്നും യുവതി വിശദീകരിച്ചു.

മ്യൂസിയം പരിസരത്ത് പ്രഭാതനടത്തത്തിനിറങ്ങിയ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയതും മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ തന്നെയെന്ന് തെളിഞ്ഞിരുന്നു. കുറവൻകോണത്ത് സ്ത്രീയുടെ വീട്ടിൽ കയറിയതിന് അറസ്റ്റിലായ സന്തോഷിനെ മ്യൂസിയം കേസിലും അറസ്റ്റ് ചെയ്തു.

കുറവൻകോണത്ത് വീട്ടിൽ അതിക്രമം കാണിച്ച കേസിലെ അന്വേഷണമാണ് സന്തോഷിനെ കുടുക്കിയത്. 25 ന് രാത്രി കുറവൻകോൺത്തെ വീട്ടിൽ സന്തോഷ് എത്തിയ ഇന്നോവാ കാർ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്. സിസിടിവിയിൽ വാഹനത്തിന്റെ മുന്നിലുണ്ടായിരുന്ന സർക്കാർ ബോർഡ് മറച്ച നിലയിലായിരുന്നു. ഡാഷ് ബോർഡിൽ പതാകയും ഉണ്ടായിരുന്നു.

ഈ അന്വേഷണം ചെന്നെത്തിയത് സെക്രട്ടറിയേറ്റിൽ. ഇറിഗേഷൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നത് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരൻ നായരാണെന്ന് തിരിച്ചറിഞ്ഞു, പിന്നാലെ ഡ്രൈവർ സന്തോഷിലേക്ക് അന്വേഷണമെത്തി.

മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടർക്ക് നേരെ അതിക്രമം ഉണ്ടായപ്പോഴും കുറവൻകോണത്തെ വീട്ടിൽ കയറിയപ്പോഴും സന്തോഷിന്റെ മൊബൈൽ ടവർ ആ പരിസരങ്ങളിൽ തന്നെയായിരുന്നു. കുറവൻകോണത്തെ കേസിൽ ഇന്നലെ രാത്രി സന്തോഷിനെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ വനിതാ ഡോക്ചർ തിരിച്ചറിഞ്ഞതിന് പിന്നാലെ മ്യൂസിയം കേസിലെയും പ്രതി സന്തോഷ് തന്നെയെന്ന് ഉറപ്പിച്ചു.

എന്നാൽ താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് തന്റെ തലയിൽ കെട്ടിവച്ചതാണെന്നുമായിരുന്നു സന്തോഷിന്റെ പ്രതികരണം. ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും സന്തോഷ് മാധ്യമങ്ങളോടു പ്രതികരിച്ചു. തെളിവെടുപ്പിനായി കുറവൻകോണത്തെ വീട്ടിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു സന്തോഷിന്റെ പ്രതികരണം.