- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുടിവെള്ളം മുട്ടിയത് നാല് ദിനം; ഒടുവില്‍ രാത്രിയോടെ ആശ്വാസം! കുടിവെള്ള പ്രശ്‌നം പരിഹരിച്ചതായി മേയര്‍; ജലഅതോറിറ്റിക്ക് നോട്ടീസ്; കേരള യൂണിവേഴ്‌സിറ്റി പരീക്ഷ മാറ്റി; നഗരസഭാ പരിധിയിലെ സ്കൂളിലെ ഓണപ്പരീക്ഷകളും മാറ്റി
പമ്പിങ് തുടങ്ങിയതായി മേയര്‍
തിരുവനന്തപുരം: നാല് ദിവസമായി തിരുവനന്തപുരം നഗരവാസികളുടെ കുടിവെള്ളം മുട്ടിച്ച പ്രതിസന്ധിക്ക് രാത്രിയോടെ പരിഹാരമാകുന്നു. നാലു ദിവസത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി തിരുവനന്തപുരത്ത് പമ്പിങ് ആരംഭിച്ചു. കോര്‍പ്പറേഷന്‍ പരിധിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിച്ചതായി മേയര്‍ ആര്യ രാജേന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചു. പമ്പിങ് തുടങ്ങിയതോടെ നഗരത്തില്‍ ചിലയിടങ്ങളില്‍ വെള്ളം എത്തിയിട്ടുണ്ട്. മറ്റിടങ്ങളിലും ഉടന്‍ വെള്ളമെത്തുമെന്ന് മേയര്‍ അറിയിച്ചു. അതേസമയം കുടിവെള്ളം വിഷയം വലിയ പ്രതിസന്ധിക്കും ഇടയാക്കിയിട്ടുണ്ട്. നാളെ നഗരപരിധിയിലെ സ്‌കൂളുകളില്‍ അടക്കം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇത്തരം വലിയ പ്രവര്‍ത്തികള്‍ നടത്തുമ്പോള്‍ നഗരസഭയെ അറിയിക്കണമെന്ന് ജല അതോറിറ്റിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണോ എന്നത് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നേരത്തെ, വെള്ള പ്രശ്‌നം വൈകുന്നേരത്തോടെ പരിഹരിക്കപ്പെടുമെന്ന് അറിയിച്ചെങ്കിലും രാത്രിയായിട്ടും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തിരുവനന്തപുരം- കന്യാകുമാരി റെയില്‍വെ ലൈന്‍ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് ലൈന്‍ മാറ്റിയിടുന്നതിന് വാട്ടര്‍ അതോറിറ്റി തുടങ്ങിവച്ച പണിയാണ് നഗരവാസികളെ നെട്ടോട്ടമോടിച്ചത്.
നാല്‍പ്പത്തെട്ട് മണിക്കൂര്‍ പറഞ്ഞ പണി നാല് ദിവസമായിട്ടും തീര്‍ന്നിരുന്നില്ല. തിരുവനന്തപുരം നഗരസഭയിലെ നാല്‍പ്പത്തിനാല് വാര്‍ഡുകളില്‍ ഇത്രയും ദിവസമായി തുള്ളി വെള്ളം എത്തിയിരുന്നില്ല. കനത്ത പ്രതിഷേധങ്ങള്‍ക്കിടെ രാവിലെ തുടങ്ങിയ പരീക്ഷണ പമ്പിംഗ് വാല്‍വിലെ ചോര്‍ച്ചയെ തുടര്‍ന്ന് നിര്‍ത്തിവച്ചതോടെ അനിശ്ചിതത്വം കനക്കുകയായിരുന്നു.
ടാങ്കറില്‍ വെള്ളമെത്തിക്കുമെന്ന പ്രഖ്യാപനം പലയിടങ്ങളിലും വെറുംവാക്കായി. വെള്ളമില്ലാതെ വീടുപേക്ഷിച്ച് പോകേണ്ട ഗതികേടിലേക്ക് വരെ നാട്ടുകാരെത്തി. ജനപ്രതിനിധികളടക്കം പ്രതിഷേധമുയര്‍ത്തി. മണിക്കൂറുകളെടുത്താണ് ചോര്‍ച്ചയുള്ള വാല്‍വില്‍ അറ്റകുറ്റപ്പണി നടത്തിയത്. പൈപ്പ് മാറ്റിയിടുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയായിരുന്നു പമ്പിംഗ് തുടങ്ങിയത്. പൈപ്പ് ലൈന്‍ വൃത്തിയാക്കിയാണ് കുടിവെള്ളം എത്തിക്കുന്നത്.
അതേസമയം കുടിവെള്ള പ്രശ്‌നം വരു ദിവസങ്ങളില്‍ രാഷ്ട്രീയ വിഷയമായി ഉയര്‍ന്നുവരാനും സാധ്യതയുണ്ട്. ജല അതോരിറ്റിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തുവന്നിരുന്നു. തിരുവനന്തപുരം നഗരസഭാ പരിധിയിലെ കുടിവെള്ള പ്രശ്‌നത്തില്‍ എംപിയടക്കമുള്ള ജനപ്രതിനിധികളെയും തിരുവനന്തപുരം കോര്‍പ്പറേഷനെയും വിമര്‍ശിച്ച് ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും രംഗത്തെത്തി.
'ബാര്‍സലോണ കോണ്‍ഗ്രസ് എംപി'യുടെയും, ഇന്‍ഡി അലയന്‍സ് സഖ്യകക്ഷി സിപിഎം നിയന്ത്രിക്കുന്ന കോര്‍പ്പറേഷന്റെയും ബസിന് പിന്നാലെ ഓടുന്ന മേയറുടെയും ആറ് എംഎംല്‍എമാരുടെയും 'എനിക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന' നിലപാടുകൊണ്ട് ദുരിതം പേറുന്നത് തിരുവനന്തപുരത്തെ ജനങ്ങളാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
ഓണപ്പരീക്ഷകള്‍ മാറ്റി
അതേസമയം, തലസ്ഥാനത്ത് കുടിവെള്ള പ്രശ്‌നം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (സെപ്റ്റംബര്‍ 9) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളില്‍ നാളെ നടക്കുന്ന പ്രവേശന നടപടികള്‍ക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു. നാളത്തെ ഓണപരീക്ഷകളും മാറ്റിവെച്ചിരിക്കുകയാണ്. കൂടാതെ കേരള യൂണിവേഴ്‌സിറ്റി നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പരീക്ഷ നടത്തുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു.