തിരുവനന്തപുരം: കുഴിനഖ ചികിത്സക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോർജിനെതിരെ നടപടി ഉണ്ടാകില്ല. ജനറൽ ആശുപത്രിയിലെ ഒപിയിൽ രോഗികളെ പരിശോധിക്കുകയായിരുന്ന ഡോക്ടറെ വിളിച്ചു വരുത്തിയ കലക്ടറുടെ നടപടിയിൽ തെറ്റില്ലെന്നാണ് സർക്കാർ വിലയിരുത്തിയത്. ഇതോടെ സംഭവത്തിൽ പ്രതിഷേധിച്ച ഡോക്ടറും ഡോക്ടർമാരുടം സംഘടനയും അവരുടെ പ്രതിഷേധം കടിച്ചമർത്തേണ്ടി വരും. സംഭവത്തിൽ കെജിഎംഒഎയെ കടുത്ത എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. കലക്ടറുടേത് അധികാര ദുർവിനിയോഗമാണെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഈ ആരോപണങ്ങളെല്ലാം സർക്കാർ തള്ളുകയാണ് ചെയ്യുന്നത്.

സംഭവം വിവാദമാക്കിയതിന് പിന്നിൽ ഡോക്ടറും സർവീസ് സംഘടനയുമാണെന്നാണ് സർക്കാറിനിന്റെ വിലയിരുത്തൽ.സംഭവത്തിൽ ചീഫ് സെക്രട്ടറി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്കു വിളിച്ചു വരുത്തിയതിൽ കലക്ടർക്കു തെറ്റു പറ്റിയിട്ടില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. കലക്ടറുടെ ഔദ്യോഗിക തിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒപിയിലെ തിരക്ക് മാറ്റിവയ്ക്കാവുന്നതുമാണ്.

സർവീസ് ചട്ടത്തിലുള്ള ചികിത്സ വിവാദമാക്കിയത് ഡോക്ടറും സംഘടനയുമാണെന്നാണ് ഐഎഎസ് അസോസിയേഷന്റെ നിലപാട്. അഖിലേന്ത്യാ സർവീസ് ചട്ടം 3(1), 8(1), 8(2) പ്രകാരം അഖിലേന്ത്യാ സിവിൽ സർവീസ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും താമസ സ്ഥലത്തെത്തി ചികിത്സ നൽകണമെന്നാണെന്നും ചൂണ്ടിക്കാട്ടുന്നു. സംഭവം രണ്ട് തലത്തിൽ വടംവലിയായി മാറിയതോടെ ഐഎഎസ് അസോസിയേഷൻ മേൽക്കൈ നേടുന്ന അവസ്ഥയാണ് ഇപ്പോൾ കാണുന്നത്.

രോഗിയുടെ ചികിത്സ പരസ്യപ്പെടുത്തിയ ഡോക്ടർ കുറ്റക്കാരനാണെന്നും ഐഎഎസ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. ചീഫ് സെക്രട്ടറിയെ ജില്ലാ കലക്ടറും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മാത്രമല്ല, സംസ്ഥാനത്തെ തന്നെ മികച്ച കലക്ടർക്കുള്ള അവാർഡ് കിട്ടിയ ജെറോമിക് ജോർജിനെതിരെ ചികിത്സാ വിവാദത്തിൽ നടപടിയെടുത്താൽ അതു സർക്കാരിനും അവമതിപ്പുണ്ടാക്കും. ഇതെല്ലാം കണക്കിലെടുത്താണ് കലക്ടർക്കെതിരെയുള്ള നടപടി വേണ്ടെന്ന തീരുമാനത്തിൽ എത്തുന്നത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നുമുണ്ട്. വിഷയത്തിൽ ചീഫ് സെക്രട്ടറി തേടിയ വിശദ റിപ്പോർട്ട് ഉടൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കൈമാറും. ഈ റിപ്പോർട്ടിനെ ആശ്രയിച്ചായിരിക്കും ഡോക്ടർക്കെതിരെയുള്ള നടപടിയിൽ തീരുമാനമെന്നാണ് വിവരം. സംഭവത്തിൽ ഐഎഎസ് അസോസിയേഷനും സിപിഐയുടെ സർവീസ് സംഘടനയും തമ്മിലും പോര് ഉടലെടുത്തു. സിപിഐ ഭരിക്കുന്ന റവന്യു വകുപ്പിനു കീഴിലെ കലക്ടറുടെ ദുഷ്പ്രഭുത്വം അംഗീകരിക്കാനാവില്ലെന്നു ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ വിമർശിച്ചിരുന്നു.

കലക്ടർക്കെതിരെ വിമർശനം ഉയർന്നപ്പോൾ അദ്ദേഹത്തെ സംരക്ഷിക്കാൻ ഐഎഎസ് അസോസിയേഷനും തീരുമാനിച്ചു. അസോസിയേഷൻ അംഗം കൂടിയായ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ജയചന്ദ്രനു കാരണം കാണിക്കൽ നോട്ടിസ് നൽകി. ഇതിനിടെ, കലക്ടറെ ന്യായീകരിച്ചും ജയചന്ദ്രനെ വിമർശിച്ചും ഐഎഎസ് അസോസിയേഷൻ പ്രസിഡന്റ് ബി.അശോകിന്റെ ലേഖനവും പുറത്തുവന്നിരുന്നു.