- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാനും ആഭ്യന്തരമന്ത്രി ആയിരുന്നയാളാണ്, പോയ പണിനോക്ക്! തിരുവല്ല ഡി.വൈ.എസ്പിയോട് കയർത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ; സംഭവം കോൺഗ്രസ്-സിപിഎം സംഘർഷത്തിനിടെ
തിരുവല്ല: കോൺഗ്രസ്-സിപിഎം സംഘർഷത്തിനിടെ ഡിവൈ.എസ്പിയും തിരുവഞ്ചൂർ രാധാകൃഷ്ണനുമായി വാക്കേറ്റം. താനും ആഭ്യന്തരമന്ത്രിയായിരുന്നയാളാണെന്നും പോയി പണി നോക്കാനുമായിരുന്നു തിരുവഞ്ചൂർ ഡിവൈ.എസ്പിയോട പറഞ്ഞത്.
സിപിഎം ഭരിക്കുന്ന നെടുമ്പ്രം പഞ്ചായത്തിൽ നടന്ന 69 ലക്ഷം രൂപയുടെ സിഡിഎസ് ഫണ്ട് തട്ടിപ്പ് കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും വിജിലൻസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ഏകദിന ഉപവാസ സമരത്തിന്റെ സമാപന ചടങ്ങിനിടെയാണ് സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉടലെടുത്തത്.
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയ മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പൊടിയാടി ജങ്ഷനിൽ തിരുവല്ല-അമ്പലപ്പുഴ റോഡ് ഉപരോധിച്ചു. വൈകിട്ട് ആറു മണിയോടെ ആയിരുന്നു സംഭവം. എൻആർഇജി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ വാഹനജാഥ അഞ്ചേമുക്കാലോടെ പൊടിയാടി ജങ്ഷനിൽ എത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിന് മിനിറ്റുകൾക്ക് മുമ്പായി കോൺഗ്രസിന്റെ ഉപവാസ സമരപ്പന്തലിന് സമീപമായി എൻആർഇജിയുടെ വാഹനജാഥ നിർത്തി പ്രസംഗം ആരംഭിച്ചു. കോൺഗ്രസ് പ്രവർത്തകർ ഇത് ചോദ്യം ചെയ്തതോടെ ആണ് സംഘർഷം ഉടലെടുത്തത്.
തുടർന്ന് പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. ഇടത് നേതാക്കൾ ഉച്ചഭാഷിണിയിലൂടെ പ്രസംഗം തുടർന്നതോടെ അത് നിർത്തി വയ്ക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. പൊലീസ് ഇതിന് തുനിയാതെ വന്നതോടെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രവർത്തകരും റോഡ് ഉപരോധിച്ചത്. ഇതിനിടെ ഡിവൈ.എസ്പി എസ് അഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാൻ തുനിഞ്ഞു.
ഇതോടെ സംഭവത്തിൽ തിരുവഞ്ചൂർ ഇടപെട്ടു. ഡിവൈഎസ്പിയുമായി വാക്കേറ്റം ഉണ്ടായി. തുടർന്ന് റോഡിൽ വച്ച് തന്നെ നടന്ന ഉപവാസ സമാപന പ്രസംഗത്തിൽ പൊലീസ് സിപിഎമ്മിന് കുടപിടിക്കുകയാണെന്ന ആക്ഷേപം ഉയർത്തി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്