തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം സർക്കാരിന് നിർത്തിവയ്ക്കാൻ സാധിക്കില്ലെന്ന് അറിയിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. 6,000 കോടി രൂപ ഇതുവരെ പദ്ധതിക്കായി ചെലവഴിച്ചു. ഇന്ന് സമരം ചെയ്യുന്നവർ പദ്ധതി വേഗം നടപ്പാക്കാൻ സമരം ചെയ്തവരാണ്. സഭാ നേതൃത്വം വിവേകത്തോടെ നിലപാട് സ്വീകരിക്കണം. ആർക്കെങ്കിലും ഉൾവിളി തോന്നുമ്പോൾ നിർത്തേണ്ടതാണോ വികസന പദ്ധതികളെന്നും തോമസ് ഐസക് ചോദിച്ചു. ദേശാഭിമാനി ദിനപത്രത്തിൽ എഴുതിയ ലേഖനത്തിനാണ് തോമസ് ഐസക്ക് നിലപാട് വ്യക്തമാക്കിയത്.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ഉയർന്നുവന്ന പലവിധ തടസ്സങ്ങൾ തരണംചെയ്ത് വേഗത്തിൽ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതെന്നം ഐസക്ക് വ്യക്തമാക്കി. പദ്ധതിയുടെ നല്ലൊരു പങ്ക് തീർന്ന്, അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ആദ്യകപ്പൽ വിഴിഞ്ഞത്ത് അടുപ്പിക്കാൻ കഴിയുമെന്ന സ്ഥിതിയായി. അപ്പോഴാണ് തിരുവനന്തപുരം ലത്തീൻ രൂപതയുടെ നേതൃത്വത്തിൽ ഏഴ് ആവശ്യങ്ങൾ ഉന്നയിച്ച് സമരത്തിന് ഇറങ്ങുന്നത്. പലതും ന്യായമായ ആവശ്യങ്ങളാണ്. വിഴിഞ്ഞത്തിന് വടക്കോട്ടുള്ള തീരത്തിന് രൂക്ഷമായ തീരശോഷണമുണ്ടായിട്ടുണ്ട്. പക്ഷേ, അതിനെ പ്രതിരോധിക്കാനുള്ള നടപടികൾ മന്ദഗതിയിലാണെന്നും അദ്ദേഹം പറഞ്ഞു.

കടലാക്രമണത്തിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഇഴഞ്ഞുനീങ്ങുകയാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ പരിഹരിക്കപ്പെടേണ്ടതാണ്. ഇത്തരം എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു. എന്നാൽ, ഒരു ആവശ്യം അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. അവസാനഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന പദ്ധതി നിർത്തിവച്ച് പാരസ്ഥിതിക ആഘാത പഠനം നടത്തണം. വിദഗ്ധരെ നിയോഗിച്ച് പാരിസ്ഥിതിക ആഘാത പഠനം നടത്താം. പക്ഷേ, പദ്ധതി നിർത്തിവയ്ക്കാനാകില്ല. ഇതാണ് സർക്കാരിന്റെ നിലപാട്.

എന്തുകൊണ്ട് ഈ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ സർക്കാർ സന്നദ്ധമല്ല? മുഖ്യകാരണം പറഞ്ഞുകഴിഞ്ഞു. 6000 കോടി രൂപ ഇതിനകം ചെലവഴിച്ച് പദ്ധതി പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണ്. പദ്ധതിയുടെ വരും വരായ്കയെക്കുറിച്ച് ആലോചിക്കേണ്ടിയിരുന്ന ഘട്ടത്തിൽ ഇന്നത്തെ സമരക്കാർ പദ്ധതി വേഗം നടപ്പാക്കാൻ സമരം ചെയ്തവരാണ്.രണ്ടാമത് ഒരു കാരണം കൂടിയുണ്ട്. അത് വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ല. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുമെന്നതിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാർ വലിയൊരു തലസ്ഥാന മേഖല വികസന പരിപാടിക്ക് (Capital City Region Development Program) രൂപം നൽകിയിട്ടുണ്ട്.

ഏതാണ്ട് 60,000 കോടി രൂപ ചെലവ് വരും ഇതിന്. തുറമുഖങ്ങളുമായി ബന്ധപ്പെട്ട സാഗർമാല പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞത്തുനിന്ന് ആരംഭിച്ച് ഇന്നത്തെ എംസി റോഡിന്റെ കിഴക്കൻ മേഖലയിലൂടെ 70 കിലോമീറ്റർ കടന്ന് ദേശീയപാതയിൽ വന്നുചേരുന്ന നാലുവരിപ്പാതയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിക്കഴിഞ്ഞു. ഇതു പിന്നീട് ആറുവരി പാതയാക്കുന്നതിനും പരിപാടിയുണ്ടെന്നും ലേഖനത്തിൽ പറയുന്നു.