- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ടയിൽ മത്സരിക്കാൻ തോമസ് ഐസക്ക്; വിഭാഗീയത കൊടികുത്തി സിപിഎം തിരുവല്ല ഏരിയാ കമ്മറ്റി; ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിക്കപ്പെടാൻ കാത്തിരിക്കുന്നതിനിടെ കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോൻ സിപിഎമ്മിൽ നിന്ന് പുറത്ത്; കുത്തിപ്പൊക്കിയത് പഴയ പീഡന കേസുകൾ
പത്തനംതിട്ട: ലോക്സഭ മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കാനെത്തുന്നത് സിപിഎം കേന്ദ്രകമ്മറ്റിയംഗം തോമസ് ഐസക് ആണെന്ന് ഏതാണ്ടുറപ്പിച്ചതോടെ വിഭാഗീയതയും ശക്തമാകുന്നു. പൊതുപരിപാടികളുമായി തോമസ് ഐസക്ക് പാർലമെന്റ് മണ്ഡലത്തിൽ നിറയുകയാണ്. മുൻ എംഎൽഎ രാജു ഏബ്രഹാമിനും ലോക്സഭാ സീറ്റിൽ നോട്ടമുണ്ടെങ്കിലും സാധ്യത കൂടുതൽ ഐസക്കിനാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎമ്മിൽ വിഭാഗീയത ശക്തമായിരിക്കുകയാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം തിരുവല്ല ഏരിയാ കമ്മറ്റിയിൽ വിഭാഗീയത വീണ്ടും കൊടികുത്തുന്നു. ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണിയുടെ പക്ഷക്കാരനായ കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോനെ പഴയ സ്ത്രീപീഡന കേസ് കുത്തിപ്പൊക്കി പാർട്ടിക്ക് പുറത്താക്കി. അടുത്തയാഴ്ചയോടെ ലോക്കൽ കമ്മറ്റി സെക്രട്ടറിയായി സജിമോനെ വീണ്ടും നിയമിക്കാൻ തുടങ്ങുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മറ്റി പുറത്താക്കിയിരിക്കുന്നത്.
ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണിയുടെ പക്ഷക്കാരനാണ് സജിമോൻ. ഫ്രാൻസിസും ജില്ലാ സെക്രട്ടറിയേറ്റംഗം ആർ. സനൽകുമാറും തമ്മിൽ രൂക്ഷമായ വിഭാഗീയത നടക്കുന്ന സ്ഥലമാണ് തിരുവല്ല. ഇരുവരും പരസ്പരം പാര വച്ച നിരവധി സംഭവങ്ങൾ അടുത്ത കാലത്തായി പൊതുസമൂഹത്തിന് മുന്നിൽ വന്നിരുന്നു. സിഐടിയു ഏരിയാ കമ്മറ്റി വൈസ് പ്രസിഡന്റ് കൂടിയായ സജിമോനെ ഇപ്പോൾ പുറത്താക്കിയത് 2018 ൽ നടന്ന സ്ത്രീപീഡനത്തിന്റെ പേരിലാണ്. അയൽവാസിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും കുട്ടിയുടെ ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ഇപ്പോൾ നടപടി വന്നിരിക്കുന്നത്. സംഭവം നടക്കുമ്പോൾ ചുമത്ര ലോക്കൽ സെക്രട്ടറിയായിരുന്ന സജിമോനെ പിന്നീട് പാർട്ടി തരംതാഴ്‌ത്തി. ഒരു വർഷം മുൻപ് വീട്ടമ്മയെ പീഡിപ്പിച്ചുവെന്നൊരു പരാതി സജിമോനെതിരേ ഉയർന്നെങ്കിലും തെളിവില്ലാത്തതിനാൽ കേസിൽ നിന്നൊഴിവാക്കിയിരുന്നു. സജിമോനെതിരായ ഇപ്പോഴത്തെ നടപടിക്ക് പിന്നിൽ ആർ. സനൽകുമാറാണെന്ന സംശയത്തിലാണ് ഫ്രാൻസിസ് പക്ഷം. വരും ദിവസങ്ങളിൽ സനലിനെതിരേയുള്ള നീക്കം ശക്തിപ്പെടുത്താനാണ് ഇവരുടെ തീരുമാനമെന്ന് അറിയുന്നു.
സജിമോന്റെ പീഡനവും കേസ് അട്ടിമറിയും ഇങ്ങനെ:
കട നടത്താൻ കെട്ടിടം വാടകയ്ക്ക് നൽകിയ ഉടമയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നായിരുന്നു സജിമോനെതിരായ ആദ്യപരാതി. സജിമോൻ ചുമത്ര ലോക്കൽ സെക്രട്ടറിയായിരിക്കുമ്പോഴാണ് പീഡന പരാതി ഉണ്ടായത്. പരാതിക്കാരി ഗർഭിണി ആയതോടെ ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ചു. ഇതിനായി ശേഖരിച്ച സജിമോന്റെ സാമ്പിൾ മാറ്റി വേറെ വച്ചുവെന്ന പരാതിയിൽ അന്ന് തിരുവല്ല സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരിലാലിനെ സസ്പെൻഡ് ചെയ്തിരുന്നു. പൊലീസ് അസോസിയേഷന്റെ നേതൃസ്ഥാനത്തേക്ക് വരാനിരിക്കുമ്പോഴാണ് ഹരിലാൽ സസ്പെൻഷനിലായത്.
സിപിഎം തിരുവല്ല നോർത്ത് ലോക്കൽ സെക്രട്ടറി സജിമോൻ പ്രതിയായ പീഡന കേസിൽ ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിൾ ശേഖരിക്കുമ്പോഴാണ് ആൾമാറാട്ടം നടന്നത്. ചുമത്ര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ മജിസ്ട്രേറ്റ് നേരിട്ടാണ് സജിമോനെതിരേ കേസ് എടുത്തത്. അന്നു തന്നെ ഒളിവിൽ പോയ സജിമോൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്ന് ഉദാര സമീപനം ഉണ്ടായതോടെ കോടതി ഉപാധികളോടെ സജിമോന് ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും ഡിഎൻഎ അടക്കമുള്ള പരിശോധനകൾ നടത്താനുമായിരുന്നു ഹൈക്കോടതി നിർദ്ദേശം. ഇതിൻ പ്രകാരം രാത്രിയാണ് സജിമോൻ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരായത്. തുടർന്നാണ് ആൾമാറാട്ടം അരങ്ങേറിയത്.
പൊലീസുകാരൻ ഹരിലാലിനെയും കൂട്ടി തൊട്ടടുത്ത താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് സജിമോനെ അയച്ചു. അയച്ചതാര് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. സജിമോൻ തന്നെ ഓപി ടിക്കറ്റെടുത്ത് ആദ്യം ലൈംഗിക ശേഷി പരിശോധനയ്ക്ക് ഹാജരായി. തുടർന്ന് ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിൾ ശേഖരിക്കാൻ പോയപ്പോഴാണ് ആൾമാറാട്ടം നടന്നത്. സജിമോന്റെ പേരിൽ എടുത്ത ഒപി ടിക്കറ്റുമായി രക്തപരിശോധനയ്ക്ക് ഹാജരായത് സുമേഷ് എന്ന ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു. ലാബ് ടെക്നിഷ്യൻ പേര് ചോദിച്ചപ്പോൾ സജിമോൻ എന്നതിന് പകരം സ്വന്തം പേരാണ് ഇയാൾ പറഞ്ഞത്. സാമ്പിൾ ബോട്ടിലിന് പുറത്ത് ഇതേ പേര് തന്നെ ടെക്നിഷ്യൻ എഴുതുകയും ചെയ്തു. പിന്നീട് സാമ്പിൾ എടുക്കാൻ സ്റ്റേഷനിൽ നിന്ന് ആൾ ചെന്നപ്പോഴാണ് സജിമോന്റെ പേരിൽ രക്തം എടുത്തിട്ടില്ലെന്നും പൊലീസുകാരനൊപ്പം വന്നത് സുമേഷ് ആണെന്നും ടെക്നിഷ്യൻ അറിയിച്ചത്. ഇതോടെ സജിമോനെ തന്നെ വിളിച്ചു വരുത്തി സാമ്പിൾ ശേഖരിച്ചു. അന്ന് ഈ വിഷയത്തിന്റെ പേരിൽ ബ്രാഞ്ചിലേക്ക് തരം താഴ്‌ത്തിയ സജിമോൻ പിന്നീട് അവിടെ തന്നെ സെക്രട്ടറിയായി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്