- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളാല്‍ ഉപേക്ഷിക്കപ്പെട്ടവനായി മരിക്കാന്‍ ആഗ്രഹമില്ല; മരണത്തിന് മുന്‍പ് ഒരു പ്രാവശ്യമെങ്കിലും ഒന്ന് കാണാന്‍ വരൂ..; മരണകിടക്കയില്‍ അപേക്ഷയുമായി തോമസ് മെര്‍ക്കല്‍; തിരിഞ്ഞ് നോക്കാതെ ഹാരി രാജകുമാരന്റെ ഭാര്യ മേഗന്‍ മെര്‍ക്കല്‍
മരണകിടക്കയില്‍ അപേക്ഷയുമായി തോമസ് മെര്‍ക്കല്‍; തിരിഞ്ഞ് നോക്കാതെ ഹാരി രാജകുമാരന്റെ ഭാര്യ മേഗന്‍ മെര്‍ക്കല്‍
ലണ്ടന്‍: 'മകളാല്‍ ഉപേക്ഷിക്കപ്പെട്ടവനായി മരിക്കാന്‍ ആഗ്രഹമില്ല. മരണത്തിന് മുന്‍പ് ഒരു പ്രാവശ്യമെങ്കിലും ഒന്ന് കാണാന്‍ വരൂ.' ഗുരുതരമായ രോഗം ബാധിച്ച് മരണക്കിടക്കയില്‍ കിടക്കുന്ന ഒരു പിതാവിന്റെ ഹൃദയം തകര്‍ക്കുന്ന രോദനം കേട്ടില്ലെന്ന് നടിക്കാന്‍ സാധാരണ മനുഷ്യര്‍ക്കൊന്നും കഴിയില്ല. ഇടതുകാല്‍, മുട്ടിന് താഴെ വെച്ച് മുറിച്ച് ആശുപത്രി കിടക്കയിലായ, തോമസ് മെര്‍ക്കല്‍ എന്ന 81 കാരന്റെ ദീനരോദനമാണിത്. ഹാരി രാജകുമാരന്റെ ഭാര്യ മേഗന്‍ മെര്‍ക്കലിന്റെ പിതാവാണ് അദ്ദേഹം. മകള്‍ക്കൊപ്പം മരുമകന്‍ ഹാരി രാജകുമാരനെയും പേരക്കുട്ടികളേയും ഒരിക്കല്‍ കൂടി കാണാന്‍ ആ വൃദ്ധഹൃദയം മരണക്കിടക്കയില്‍ കിടന്ന് തേങ്ങുകയാണ്.
അതീവ ഗുരുതരമായ ഒരു ശസ്ത്രക്രിയ കഴിഞ്ഞ് ഫിലിപ്പൈന്‍സിലെ ഒരു ആശുപത്രിയില്‍ വിശ്രമിക്കുന്ന മെര്‍ക്കല്‍ മെയില്‍ ഓണ്‍ സണ്‍ഡേയോടാണ് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. തുടയില്‍ രക്തം കട്ടപിടിച്ചതോടെ മുട്ടിനു താഴേക്ക് രക്തചംക്രമണം നിലച്ചതിനാലാണ് കാല്‍ മുറിച്ചു മാറ്റേണ്ടി വന്നത്. എന്നാല്‍, കാലിലെ അണുബാധ അദ്ദേഹത്തിന്റെ ഹൃദയം വരെ വ്യാപിച്ചതായി ഡോക്ടര്‍മാര്‍ പറയുന്നു. ഇതാണ് അദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ എത്തിച്ചത്. അതുകൊണ്ടു തന്നെ ശസ്ത്രക്രിയ ഒരു ജീവന്മരണ പോരാട്ടമായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും മെര്‍ക്കല്‍ അപകട നില തരണം ചെയ്തിട്ടില എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
തന്റെ ഗുരുതരമായ രോഗാവസ്ഥയെ കുറിച്ച് അറിഞ്ഞ് മകള്‍ തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചു എന്ന പത്ര വാര്‍ത്ത ആശയക്കുഴപ്പമുണ്ടാക്കി എന്ന് അദ്ദേഹമ്പറയുന്നു. തന്റെ ഫോണ്‍ നമ്പര്‍ മാറ്റിയിട്ടില്ലെന്നും, താനുമായി ബന്ധപ്പെടണമായിരുന്നെങ്കില്‍ മകള്‍ക്ക് ഫോണ്‍ വിളിക്കാമായിരുന്നു എന്നും അദ്ദേഹം പറയുന്നു. മെര്‍ക്കലിന്റെ സമ്മതത്തോടെ തന്നെ മെയില്‍ ഓണ്‍ സണ്‍ഡെ പ്രതിനിധികള്‍ ആശുപത്രി ഓഫീസിലും റിസപ്ഷനിലും അദ്ദേഹം കിടക്കുന്ന അതിതീവ്ര പരിചരണ വിഭാഗത്തിലും ബന്ധപ്പെട്ടിരുന്നു. കൂടാതെ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായും നഴ്സുമാരുമായും ബന്ധപ്പെട്ടു. അവരെല്ലാം പറഞ്ഞത് മേഗനോ മേഗന്റെ പ്രതിനിധികളോ അവരുമായി ബന്ധപ്പെട്ടിട്ടില്ല എന്നാണ്.
മെര്‍ക്കല്‍ ആശുപത്രിയിലെ വി ഐ പി രോഗികളിലൊരാളാണെന്നും, അദ്ദേഹം ആരാണെന്ന് അറിയാമെന്നും പറഞ്ഞ ഹോസ്പിറ്റല്‍ പ്രതിനിധി പറഞ്ഞത് മേഗനോ മറ്റാരെങ്കിലുമോ അദ്ദേഹവുമായി ബന്ധപ്പെടുകയോ ബന്ധപ്പെടാന്‍ ശ്രമിക്കുകയോ ചെയ്താല്‍ തീര്‍ച്ചയായും അക്കാര്യം തങ്ങള്‍ അറിയുമെന്നും പറഞ്ഞു. ഫിലിപ്പൈന്‍സിലെ നിലവാരം അനുസരിച്ച് ഇത് ഒരു വലിയ ആശുപത്രിയാണെങ്കിലും ഇവിടത്തെ ജീവനക്കാരെല്ലാം തന്നെ പരസ്പരം അറിയാവുന്നവരാണെന്നും വക്താവ് പറഞ്ഞു. മേഗന്‍ തന്റെ പിതാവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത തങ്ങള്‍ക്കും ആശ്ചര്യമുണ്ടാക്കി എന്നും അവര്‍ പറയുന്നു. തങ്ങളുടെ അറിവില്‍ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല എന്നും അവര്‍ തറപ്പിച്ചു പറയുന്നു.
വെള്ളിയാഴ്ച മേഗന്‍ പിതാവിനൊരു ഈമെയില്‍ അയച്ചിരുന്ന് എന്ന് മേഗനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍, അതയച്ചത് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി മെര്‍ക്കെല്‍ ഉപയോഗിക്കാത്ത ഒരു ഈമെയില്‍ വിലാസത്തിലേക്കായിരുന്നു എന്നാണ് മെയില്‍ ഓണ്‍ സണ്‍ഡെ അവകാശപ്പെടുന്നത്. ഇപ്പോള്‍ അദ്ദേഹം ഈമെയില്‍ ഉപയോഗിക്കാറില്ല എന്നാണ് മെര്‍ക്കലുമായി ബന്ധപ്പെട്ട കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നത്. ഇതിനിടയില്‍, കുടുംബ സ്‌നേഹത്തിന്റെ മൂല്യത്തെ കുറിച്ച് ഉദ്‌ഘോഷിക്കുന്ന 'വിത്ത് ലവ്, മേഗന്‍' എന്ന നെറ്റ്ഫ്‌ലിക്സ് ഷോയുടെ തിരക്കിലാണ് മേഗന്‍ എന്നതാണ് ഒരു വിരോധാഭാസം.




