- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നെയ്യാറ്റിൻകരയിലും സഹകരണ ചതി
തിരുവനന്തപുരം: വീണ്ടും സഹകരണ ചതിയിൽ നിക്ഷേപകന്റെ ആത്മഹത്യ. തിരുവനന്തപുരം നെയ്യാറ്റിൻ കരയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസ് സാഗരം (55)ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. നെയ്യാറ്റിൻകര പെരുമ്പഴുതൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച ചെയ്ത പണം തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
നെയ്യാറ്റിൻകര താലൂക്കിലെ ഏഴ് സഹകരണ ബാങ്കുകൾ ദശകോടികളുടെ നഷ്ടത്തിലാണെന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു. വ്യാജ നിയമന ഉത്തരവ് ഉണ്ടാക്കി അനധികൃത നിയമനം നടത്തി എന്നതടക്കം നിരവധി ആക്ഷേപങ്ങൾക്ക് വിധേയമായ പെരുമ്പഴുതൂർ സഹകരണ ബാങ്ക് യുഡിഎഫ് നിയന്ത്രണത്തിൽ ഉള്ളതാണ്. സ്വന്തക്കാരുടെയും ബന്ധുക്കളുടെയും പേരിൽ നിയമവിരുദ്ധമായ രീതിയിൽ മതിയായ ജാമ്യം പോലും ഇല്ലാതെ കോടികൾ വായ്പ നൽകുക , ചിട്ടിയുടെ പേരിൽ കോടികളുടെ ക്രമക്കേട് നടത്തുക , കൂടിയ പലിശയ്ക്ക് നിക്ഷേപങ്ങൾ സ്വീകരിക്കുക , വലിയ തോതിൽ ധൂർത്ത് നടത്തുക തുടങ്ങിയ നടപടികളിലൂടെ ആണ് നെയ്യാറ്റിൻകരയിലെ കോൺഗ്രസ് സഹകരണ സംഘങ്ങൾ നഷ്ടത്തിലായതെന്ന് സിപിഎം ആരോപിച്ചിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ ആനാവൂർ നാഗപ്പൻ തെളിവ് പുറത്തു വിട്ട് കടന്നാക്രമണം നടത്തിയ ബാങ്കുകളിൽ ഒന്നാണ് പെരുമ്പഴുതൂരിലേതും. ഈ ബാങ്കാണ് തോമസ് സാഗരത്തിന്റെ മരണത്തിൽ പ്രതിക്കൂട്ടിലാകുന്നത്. പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിൽ തോമസ് സാഗരം നിക്ഷേപിച്ച അഞ്ച് ലക്ഷം രൂപ തിരിച്ച് ചോദിച്ചിട്ട് നൽകിയില്ലെന്നും ഇതേതുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു തോമസ് സാഗരമെന്നുമാണ് ബന്ധുക്കൾ പറയുന്നത്. തോമസിന്റെ മകളുടെ വിവാഹത്തിന് വേണ്ടിയാണ് പണം തിരികെ ചോദിച്ചത്.
ഇക്കഴിഞ്ഞ ഏപ്രിൽ 19നാണ് തോമസ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് മരണം.