- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിപ്പറമ്പിൽ രാവിലെ ജാഥ എത്തുമ്പോൾ തൊഴിലുറപ്പു തൊഴിലാളികൾ മുഴുവൻ അതിൽ പങ്കെടുക്കണം; പരിപാടിക്കൊന്നും പോകാത്ത ആൾക്കാർ ആണെങ്കിൽ അടുത്ത പണിയുടെ കാര്യം അന്നേരം നമ്മൾ ചിന്തിക്കാം! സുജാതാ മെമ്പറുടെ ഭീഷണി വൈറൽ; ആളെ എത്തിക്കാൻ ഭീഷണിപ്പെടുത്തേണ്ട ഗതികേടില്ലെന്ന് ഗോവിന്ദനും; തൊഴിലുറപ്പുകാർ ചൂഷണം ചെയ്യപ്പെടുമ്പോൾ
കണ്ണൂർ: എം വിഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് സിപിഎം പഞ്ചായത്ത് മെമ്പറുടെ ഭീഷണി വൈറലാകുമ്പോൾ പ്രതിരോധവുമായി സിപിഎം. ആരും ഒഴിഞ്ഞു പോകാതെ ജാഥയിൽ പങ്കെടുക്കണമെന്നായിരുന്നു വാട്‌സാപ് സന്ദേശം. ബുധനാഴ്ച കണ്ണൂർ തളിപറമ്പിൽ നടന്ന ജാഥയിൽ പങ്കെടുക്കാനായിരുന്നു നിർദ്ദേശം.
കണ്ണൂർ മയ്യിൽ പഞ്ചായത്ത് ഒന്നാം വാർഡ് അംഗം സി. സുചിത്രയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ഭീഷണി സന്ദേശമയച്ചത്. ജാഥയ്ക്ക് എത്താത്തവർക്കു പിന്നീടു ജോലി നൽകേണ്ടി വരുമോയെന്നതു ചിന്തിക്കേണ്ടി വരുമെന്നും ശബ്ദ സന്ദേശത്തിലുണ്ട്. ഇത് വിവാദമായതോടെയാണ് പ്രതികരണവുമായി സിപിഎം സെക്രട്ടറി തന്നെ രംഗത്ത് വന്നത്. വലിയ ആൾക്കൂട്ടമാണ് ജാഥയിലുള്ളതും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തികാട്ടുന്നത് ശരിയല്ലെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു.
''തളിപ്പറമ്പിൽ രാവിലെ ജാഥ എത്തുമ്പോൾ തൊഴിലുറപ്പു തൊഴിലാളികൾ മുഴുവൻ അതിൽ പങ്കെടുക്കണം. നമ്മുടെ വാർഡിൽ പ്രത്യേക മസ്റ്റ് റോൾ ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടിവരുന്നത്. പണിയുള്ള വാർഡുകളിൽ എല്ലാം കൃത്യമായി ലീവാക്കിയാണ് പോകുന്നത്. ആരും ഒഴിഞ്ഞുപോകാതെ മുഴുവൻ ആളുകളും ജാഥയിൽ പങ്കെടുക്കണം. വരാൻ സാധിക്കാത്തവർ എന്നെ വിളിക്കണം. അവരോട് അതിന്റെ ഉത്തരം ഞാൻ തന്നേക്കാം. പരിപാടിക്കൊന്നും പോകാത്ത ആൾക്കാർ ആണെങ്കിൽ അടുത്ത പണിയുടെ കാര്യം അന്നേരം നമ്മൾ ചിന്തിക്കാം'' ഇതായിരുന്നു മെമ്പറുടെ സന്ദേശം.
ജനകീയ പ്രതിരോധ ജാഥയിൽ എല്ലായിടത്തും വൻ തിരക്കാണെന്നും സിപിഎമ്മിന് ആരെയും ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ വിവാദത്തോട് പ്രതികരിച്ചു. തൊഴിലുറപ്പ് ജോലി കിട്ടാൻ മെമ്പറുടെ അനുമതി അനിവാര്യമാണ്. അതുകൊണ്ട് തന്നെ പലയിടത്തും തൊഴിലുറപ്പുകാരെ നിർബന്ധിച്ച് പല സമ്മേളനത്തിനും കൊണ്ടു പോകാറുണ്ട്. അത് തന്നെയാണ് കണ്ണൂരിലെ മെമ്പറുടെ സന്ദേശത്തിലുമുള്ളത്.
ഓഡിയോ വൈറലായ ശേഷം പ്രതികരണത്തിന് മെമ്പർ തയ്യാറായില്ല. ആരേയും ഭീഷണിപ്പെടുത്തിയില്ലെന്ന് പറഞ്ഞ് വിവാദം കെടുത്താനാണ് നീക്കം. തളിപ്പറമ്പിലെ തൊഴിലുറപ്പുകാരും പ്രതികരിക്കുകയോ ആർക്കും പരാതി നൽകുകയോ ചെയ്തിട്ടില്ല. അത് സിപിഎമ്മിന് ആശ്വാസമാണ്. എന്നാൽ മറ്റ് പഞ്ചായത്തുകളിൽ സ്ഥിതി അതല്ല. അതുകൊണ്ട് തന്നെ ഇനി കരുതലോടെ നീങ്ങാനാണ് സിപിഎം തീരുമാനം.
കഴിഞ്ഞ ദിവസമാണ് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജാഥ തളിപറമ്പിൽ എത്തിയത്. നേരത്തെ ഇരിക്കൂർ പഞ്ചായത്തിലെ പടിയൂരിലും ഇതിനു സമാനമായി തൊഴിലുറപ് പദ്ധതിയിലെ തൊഴിലാളികളെ കർഷക തൊഴിലാളി യുനിയൻ ജാഥയിൽ പങ്കെടുക്കാത്തതിന് പഞ്ചായത്ത് അംഗം ഭീഷണിപ്പെടുത്തിയതായി പരാതി ഉയർന്നിരുന്നു.
ഇതിനെതിരെ ബിജെപിയും യുത്ത് കോൺഗ്രസും പടിയൂർ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് ഉൾപെടെയുള്ള സമര പരിപാടികൾ നടത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ